തുഷാറിന്റെ സ്ഥാനാര്‍ത്ഥിത്വം; ബിജെപിയില്‍ കലഹം മുറുകുന്നു

Web Desk
Posted on March 05, 2019, 10:04 am

ആര്‍ ഗോപകുമാര്‍

കൊച്ചി: സ്ഥാനാര്‍ഥി നിര്‍ണയത്തിന് മുന്‍പുതന്നെ ബിജെപിയിലും ഘടകകക്ഷികളിലും അതൃപ്തി പടരുന്നു. ബിജെപിയില്‍ ഗ്രൂപ്പുകളി മൂക്കുമ്പോള്‍ വെള്ളാപ്പള്ളിയുടെ ഇടപെടല്‍ ബിഡിജെഎസിനെ പിളര്‍പ്പിന്റെ വക്കില്‍ എത്തിച്ചു. ബിഡിജെഎസ് സ്ഥാനാര്‍ഥിയായി തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കുന്നതിനെതിരെ ബിജെപിയിലെ ഒരു വിഭാഗം രംഗത്ത് വന്നതോടെ ബിജെപിയിലെ ആശയകുഴപ്പം രൂക്ഷമായി.
അഭിപ്രായ വ്യത്യാസങ്ങള്‍ പരസ്യമാക്കരുതെന്ന് ദേശീയ അധ്യക്ഷന്‍ അമിത് ഷാ മുന്നറിയിപ്പ് നല്‍കിയെങ്കിലും അത് വകവയ്ക്കാതെ കഴിഞ്ഞ ദിവസം ദേശീയ നിര്‍വാഹക സമിതി അംഗം പി കെ കൃഷ്ണദാസ് തുഷാറിനെ മത്സരിക്കാന്‍ നിര്‍ബന്ധിക്കില്ലെന്ന് പറഞ്ഞതോടെ പി എസ് ശ്രീധരന്‍ പിള്ളയടക്കമുള്ളവരുടെ നിലപാടിനെ പരസ്യമായി തള്ളിപറയുകയായിരുന്നു. അതേസമയം മത്സരിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ലെന്ന നിലപാടിലാണ് തുഷാര്‍.
അഞ്ച് സീറ്റില്‍ ബിഡിജെഎസ് മത്സരിക്കുമെന്ന നിലപാട് തുഷാര്‍ ആവര്‍ത്തിക്കുകയും ചെയ്തു. നാലു സീറ്റുകള്‍ ഉറപ്പിച്ചു. ഒന്നു കൂടി കിട്ടുമെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.
സ്ഥാനാര്‍ഥികളെ തീരുമാനിക്കാനായി കമ്മിറ്റി രൂപീകരിക്കും. താന്‍ മത്സരിച്ചാല്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ ബുദ്ധിമുട്ടാവുമെന്നും തുഷാര്‍ പറയുന്നു. കൃഷ്ണദാസ് അടക്കമുള്ള നേതാക്കളുടെ പിന്തുണയോടെ മത്സരത്തില്‍ നിന്ന് മാറി നില്‍ക്കാനാണ് തുഷാറിന്റെ തീരുമാനം. തുഷാറിന്റെ നിലപാടുകളോട് എതിര്‍പ്പുള്ള ഒരു വിഭാഗം അടുത്ത ദിവസം സംഘടന വിടുമെന്ന് ഏകദേശം ഉറപ്പായ സമയത്ത് അവസാനവട്ട മുഖം രക്ഷിക്കാനുള്ള ശ്രമമാണ് ബിഡിജെഎസ് നടത്തുന്നത്.
അതിനിടെ ഇന്ന് കാഞ്ഞിരപ്പള്ളിയില്‍ നിന്ന് തിരുവന്തപുരത്തേയ്ക്ക് ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ നയിക്കുന്ന ജാഥയ്‌ക്കെതിരെ ഒരു വിഭാഗം നടത്തിയ നീക്കത്തിനെതിരെ ദേശീയ നേതൃത്വത്തിന് പരാതി പോയി. മുരളീധരന്‍, ശ്രീധരന്‍പിള്ള വിഭാഗം വളഞ്ഞ വഴിയിലൂടെ സുരേന്ദ്രനെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നുവെന്ന് പരാതിയില്‍ പറയുന്നു.
ഇതുകൂടാതെ സ്ഥാനാര്‍ഥി നിര്‍ണയത്തിനായി താഴേ തട്ടിലുള്ള പ്രവര്‍ത്തകരുടെ അഭിപ്രായം തേടണമെന്ന കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശം അട്ടിമറിക്കാന്‍ ബോധപൂര്‍വമായ ശ്രമം നടന്നതായും ആരോപണമുയര്‍ന്നിട്ടുണ്ട്.
തിരുവനന്തപുരത്തേയ്ക്ക് അഭിപ്രായ ശേഖരണം നടത്താനുള്ള ശ്രമത്തിനിടയില്‍ കെ സുരേന്ദ്രന്റെ പേരിന് പ്രാമുഖ്യം കിട്ടുന്നത് തടയാന്‍ ആസൂത്രിതമായി കുറച്ചു ഭാരവാഹികളെ സ്വാധീനിച്ചു കുമ്മനം രാജശേഖരന്റെ പേര് പറയിപ്പിച്ചുവെന്നും ആരോപണം ഉയര്‍ന്നു.
തൃശൂരില്‍ കെ സുരേന്ദ്രന്‍ മത്സരിക്കുന്നത് തടയാന്‍ ശ്രമങ്ങള്‍ എറണാകുളത്തു കഴിഞ്ഞ ദിവസം പി കെ കൃഷ്ണദാസിന്റെ നേതൃത്തില്‍ നടന്ന യോഗത്തില്‍ മണ്ഡലം ഭാരവാഹികള്‍ അടക്കമുള്ളവരെ വിളിച്ചു അഭിപ്രായ രൂപീകരണം നടത്തിയെന്നാണ് ആരോപണം.
അഭിപ്രായം ആരായുന്നതിനു പകരം അഭിപ്രായം അടിച്ചേല്‍പ്പിക്കുകയായിരുന്നു കൃഷ്ണദാസെന്നാണ് മറുവിഭാഗങ്ങള്‍ ആരോപണം ഉയര്‍ത്തിയിട്ടുള്ളത്.