കെ രംഗനാഥ്

തിരുവനന്തപുരം

June 01, 2021, 8:57 pm

ഐ, എ മധുവിധു അല്പായുസായി; വളഞ്ഞ വഴിയിലൂടെ കൊടിക്കുന്നില്‍ സുരേഷിനെ പ്രസിഡന്റാക്കാന്‍ ഉമ്മന്‍ചാണ്ടിയുടെ നീക്കം

Janayugom Online

മുല്ലപ്പള്ളി രാമചന്ദ്രന്‍ രാജിവച്ച ഒഴിവില്‍ കെ സുധാകരനെ കെപിസിസി പ്രസിഡന്റാക്കാനുള്ള കോണ്‍ഗ്രസ് ഹെെക്കമാന്‍ഡിന്റെ നീക്കത്തിനെതിരെ കെെകോര്‍ത്ത സംസ്ഥാന കോണ്‍ഗ്രസിലെ ഐ, എ ഗ്രൂപ്പുകള്‍ വഴിപിരിയുന്നു.പ്രതിപക്ഷ നേതൃസ്ഥാനം തെറിച്ചതില്‍ പ്രതിഷേധിച്ച് ഐ ഗ്രൂപ്പു കമാന്‍ഡറായ രമേശ്‌ചെന്നിത്തല എ ഗ്രൂപ്പുമേധാവിയായ ഉമ്മന്‍ചാണ്ടിക്കെതിരെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്ക് എഴുതിയ കത്തും തന്റെ ഗ്രൂപ്പുകാരനായ കൊടിക്കുന്നില്‍ സുരേഷിനെ വളഞ്ഞവഴിയിലൂടെ കെപിസിസി പ്രസിഡന്റാക്കാനുള്ള ഉമ്മന്‍ചാണ്ടിയുടെ കരുനീക്കങ്ങളുമാണ് ഇരു ഗ്രൂപ്പുകളുടെയും മധുവിധുവിന് അന്ത്യംകുറിക്കുന്നത്. ഇതിനിടെ രമേശും കെ സുധാകരനും കെ മുരളീധരനും ചേര്‍ന്ന ഒരു അച്ചുതണ്ട് അണിയറയില്‍ രൂപമെടുക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. സുധാകരനെ പ്രസിഡന്റാക്കുന്നതിനെതിരെ എഐസിസി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പുതിയ ഹെെക്കമാന്‍ഡ് ഗ്രൂപ്പിന്റെ നീക്കമുണ്ട്. അതിനെ തടയിടാന്‍ ഇരുഗ്രൂപ്പുകളും യോജിച്ചു നിയോഗിച്ച കൊടിക്കുന്നില്‍ സുരേഷിനെ തന്നെ പ്രസിഡന്റാകാന്‍ നീക്കം നടത്തുന്നത് ഉമ്മന്‍ചാണ്ടിയുടെ അനുഗ്രഹാശിസുകളോടെയാണെന്നാണ് രമേശ് ക്യാമ്പില്‍ നിന്നുയരുന്ന ആരോപണം. 

ദളിതനായതിനാലാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് തന്നെ പരിഗണിക്കാത്തതെന്ന കൊടിക്കുന്നിലിന്റെ പരസ്യപ്രതികരണം രമേശ് ഗ്രൂപ്പിനെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. ഉമ്മന്‍ചാണ്ടിയുടെ ആശീര്‍വാദത്തോടെ നടത്തിയതായിരുന്നു ഈ പ്രസ്താവനയെന്നാണ് രമേശ് ക്യാമ്പിലെ ഒരുന്നതന്‍ അറിയിച്ചത്.
ഇതില്‍ പ്രകോപിതനായാണ് ഉമ്മന്‍ചാണ്ടിക്കെതിരേ കടുത്ത പരാമര്‍ശങ്ങളടങ്ങുന്ന കത്ത് സോണിയയ്ക്ക് അയക്കാന്‍ രമേശ് നിര്‍ബന്ധിതനായതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളുടെ അമരക്കാരനായി ഉമ്മന്‍ചാണ്ടിയെ ഹെെക്കമാന്‍ഡ് നൂലില്‍ കെട്ടിയിറക്കിയതുമൂലമാണ് ഭൂരിപക്ഷ വോട്ടുകള്‍ നഷ്ടമായതെന്ന് രമേശിന്റെ കത്തില്‍ ആരോപണമുണ്ടായിരുന്നു. സുധാകരനെതിരെ തന്റെ ഗ്രൂപ്പുമായി കെെകോര്‍ത്തു നില്ക്കുന്നതിനിടെ കൊടിക്കുന്നിലിനെ പ്രസിഡന്റാക്കാന്‍ ഉമ്മന്‍ചാണ്ടി നടത്തുന്ന നീക്കങ്ങളാണ് രമേശിന്റെ ഗുരുതരമായ ഈ ആരോപണത്തിനു പിന്നിലെ ചേതോവികാരം. രമേശിന്റെ ഈ ആരോപണം മതധ്രുവീകരണത്തിനുപോലും വഴിമരുന്നിടുന്ന ആപല്‍ക്കരമായ വിലയിരുത്തലാണെന്ന് എ ഗ്രൂപ്പ് മുന്നറിയിപ്പു നല്കുന്നു.

ഉമ്മന്‍ചാണ്ടിയുടെ കരുനീക്കങ്ങളും രമേശിന്റെ കത്തും കൂടിയായപ്പോള്‍ ഒരാഴ്ചപോലും ആയുസില്ലാതിരുന്ന ഐ, എ മധുവിധു അസ്തമിക്കുകയായിരുന്നു. ഈ പശ്ചാത്തലത്തില്‍ കെ സുധാകരനും കെ മുരളീധരനും രമേശ് ചെന്നിത്തയുമടങ്ങുന്ന മൂവര്‍സംഘം ഒത്തുചേര്‍ന്നിരിക്കുന്നുവെന്നാണ് സൂചന. വൃത്തികെട്ട കളികള്‍ നടത്തി കോണ്‍ഗ്രസിനെ വീണ്ടും വാരിക്കുഴിയില്‍ ചാടിക്കാനുള്ള ഉമ്മന്‍ചാണ്ടിക്കെതിരെയുള്ള മറുകളിയില്‍ രമേശ് ചെന്നിത്തലയെ കെപിസിസി പ്രസിഡന്റാക്കാന്‍ സുധാകരനും മുരളിയും ഹെെക്കമാന്‍ഡില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നു. രമേശിനെ പ്രസിഡന്റാക്കുന്നതില്‍ ഹെെക്കമാന്‍ഡിനും വിമുഖതയുണ്ടാവില്ല.

രമേശ് പിന്മാറുകയാണെങ്കില്‍ സുധാകരനോ മുരളിയോ ആയിരിക്കും ഹെെക്കമാന്‍ഡിന് അഭികാമ്യര്‍. കൊടിക്കുന്നിലിന്റെ ദളിത് അയിത്തമെന്ന ഹെെക്കമാന്‍ഡിനെതിരായ പരോക്ഷ ആരോപണം അദ്ദേഹത്തിന്റെ സാധ്യതകള്‍ക്കു മങ്ങലേല്പിച്ചിട്ടുണ്ട്. ഈ പ്രസ്താവന അപക്വവും വിപരീതഫലമുളവാക്കുന്നതാണെന്നും ഉമ്മന്‍ചാണ്ടിപക്ഷത്തിനുപോലും തോന്നിത്തുടങ്ങിയിട്ടുണ്ട്. തന്റെ നോമിനിയായ കൊടിക്കുന്നിലിനെ പ്രസിഡന്റാക്കാന്‍ ഹെെക്കമാന്‍ഡ് വിസമ്മതിച്ചാല്‍ തല്ക്കാലം ഉമ്മന്‍ചാണ്ടി അതംഗീകരിച്ചേക്കാം. എന്നാല്‍ രമേശോ, മുരളീധരനോ, സുധാകരനോ പ്രസിഡന്റായാല്‍ എ ഗ്രൂപ്പ് ഒരു നിസഹകരണ മാര്‍ഗത്തിലേക്ക് നീങ്ങും. ഈ ത്രിമൂര്‍ത്തികളിലാരെങ്കിലും പ്രസിഡന്റായാല്‍ കോണ്‍ഗ്രസ് ദര്‍ശിക്കുക പിളര്‍പ്പിനു സമാനമായ ഗ്രൂപ്പുകളികളും കോണ്‍ഗ്രസ് നേതൃത്വത്തിലും അണികളിലും നിന്നുള്ള കൊഴിഞ്ഞുപോക്കുമാണുണ്ടാവാന്‍ പോകുന്നതെന്നും രാഷ്ട്രീയനിരീക്ഷകര്‍ പ്രവചിക്കുന്നു.
eng­lish summary;clash in con­gress AI group about KPCC Presidency
you may also like this video;