December 3, 2022 Saturday

Related news

December 2, 2022
November 28, 2022
November 25, 2022
November 21, 2022
November 17, 2022
November 17, 2022
November 16, 2022
November 15, 2022
November 15, 2022
November 14, 2022

കനകസിംഹാസനത്തിലെ ഗവര്‍ണന്‍!

ദേവിക
വാതിൽപ്പഴുതിലൂടെ
September 26, 2022 5:15 am

കേരളത്തിലെ രാഷ്ട്രീയ ഭീഷ്മാചാര്യന്മാരിലൊരാളായിരുന്ന പട്ടം താണുപിള്ളയ്ക്ക് ഗവര്‍ണര്‍ എന്ന വാക്കിനോടുതന്നെ പുച്ഛമായിരുന്നു. ഗര്‍വുള്ളവന്‍ ഗവര്‍ണര്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ ബോധ്യം. ഗവര്‍ണര്‍ എന്ന വാക്കിലെ ‘ര്‍’ എന്നു ചേര്‍ത്താല്‍ ആ പദവിക്ക് ഒരു ബഹുമാന്യതവരും എന്നും അദ്ദേഹം കരുതി. അതിനാല്‍ അദ്ദേഹം തന്റെ കാലത്തെ ഗവര്‍ണര്‍മാരെയെല്ലാം ‘ഹിസ് എക്സലന്‍സി മി. ഗവര്‍ണന്‍’ എന്നേ അഭിസംബോധന ചെയ്തിരുന്നുള്ളു! പിന്നീട് പട്ടം താണുപിള്ള പഞ്ചാബിലും ആന്ധ്രയിലും ഗവര്‍ണറായപ്പോള്‍ ആ ഗര്‍വ് അച്ചട്ടായി പരിപാലിക്കുകയും ചെയ്തു. പഞ്ചാബ് ഗവര്‍ണറായിരുന്നപ്പോള്‍ മുഖ്യമന്ത്രി പ്രതാപ്‌സിങ് കെയ്റോണ്‍ പട്ടത്തെ കാണാന്‍ രാജ്ഭവനിലെത്തി. മുഖ്യമന്ത്രി എത്തുന്നതിനു മുമ്പുതന്നെ ഗവര്‍ണര്‍ പട്ടം ഒരു കസേരകൊണ്ടുവന്ന് മുന്‍വശത്തെ ഉദ്യാനത്തിലെ പുല്‍ത്തകിടിയില്‍ ഇടീച്ചു. ഗര്‍വോടെ തന്നെ പട്ടം കസേരയിലിരുന്നു. മുഖ്യമന്ത്രി കെയ്റോണ്‍ വന്നകാലിലേ നിന്ന് കാര്യങ്ങള്‍ ഗവര്‍ണറോട് ഉണര്‍ത്തിച്ചു. ആന്ധ്രാഗവര്‍ണറായിരുന്നപ്പോള്‍ അന്നത്തെ മുഖ്യമന്ത്രി കെ റോസയ്യയോടും ഈ ഏകകസേര നാടകം കളിച്ചു. റോസയ്യയും പിന്നീട് തമിഴ്‌നാട് ഗവര്‍ണറായെങ്കിലും അദ്ദേഹം ഈ കസേരകളിക്കൊന്നും പോയില്ലെന്നത് ചരിത്രം.


ഇതുകൂടി വായിക്കൂ:   വയ്യാവേലിപ്പെട്ടിക്ക് വയസ് ഇരുപത്താറ്!


നമ്മുടെ ഗവര്‍ണന്‍ ആരിഫ് മുഹമ്മദ് ഖാന്റെ കലാപരിപാടികള്‍ കണ്ടപ്പോഴാണ് പട്ടത്തെ ഓര്‍ത്തുപോയത്. ഈ ഗവര്‍ണനാണെങ്കില്‍ മുഖ്യമന്ത്രിയെ വരുതിയിലാക്കാന്‍ ഓവര്‍ടൈം പണിയെടുക്കുന്നു. പരിവാരസമേതം ഡല്‍ഹിയില്‍ പോയി സര്‍ക്കാരിന്റെ കേരളാ ഹൗസിനുള്ളിലും തിരുമുറ്റത്തുമായി ഒറ്റയാനെപ്പോലെ മദിച്ചുപുളഞ്ഞ് സര്‍ക്കാരിനെതിരെ ഊണിലും ഉറക്കത്തിലും പുലയാട്ട്. ഇതെല്ലാം കണ്ടും കേട്ടും ജനം ചോദിച്ചു പോവുന്നു; ‘കനകസിംഹാസനത്തില്‍ കയറിയിരിപ്പവന്‍ ശുനകനോ വെറും ശുംഭനോ!’ മണിയാശാന്‍ പറയുന്നതുപോലെ ‘ഇരിക്കേണ്ടിടത്ത് ഇരുന്നാലല്ലേ ചെരയ്ക്കേണ്ടവന്‍ ചെരയ്ക്കു.’ ഉപരാഷ്ട്രപതിപദം കിനാവുകണ്ടു നടന്ന ആരിഫ് മുഹമ്മദ് ഖാന്‍ ആ നിരാശയില്‍ തട്ടിക്കയറിയത് ഡല്‍ഹിയിലെ മലയാളി മാധ്യമ പ്രവര്‍ത്തകരോട്, താന്‍ പറഞ്ഞതിനെല്ലാം എറാന്‍മൂളാത്ത മാധ്യമ പ്രവര്‍ത്തകര്‍ക്ക് ആത്മാഭിമാനമില്ലെന്ന് ഒരു ചാപ്പകുത്തലും. ഇനി മലയാളി മാധ്യമപ്രവര്‍ത്തകരോട് താന്‍ ഒരക്ഷരം ഉരിയാടില്ലത്രേ. അതു പറഞ്ഞിട്ട് ഡല്‍ഹിയിലെ ഇംഗ്ലീഷ്, ഹിന്ദി മാധ്യമ പ്രവര്‍ത്തകരോട് അദ്ദേഹം വിശാലമായി സംസാരിക്കുകയും ചെയ്തു. ഈ അന്യഭാഷാ മാധ്യമപ്രവര്‍ത്തകരില്‍ ഭൂരിപക്ഷവും മലയാളികളാണെന്ന് ആരിഫ് ഗവര്‍ണനുണ്ടോ അറിയുന്നു. കഷ്ടകാലത്തിന്റെ കൂടെ കുഷ്ഠവും വന്നാലെന്തു ചെയ്യും! കേരളത്തില്‍ വന്നാല്‍ മലയാളികളായ മാധ്യമപ്രവര്‍ത്തകരോട് ഉരിയാടില്ലെന്ന വാക്കുപാലിച്ചാല്‍ നന്നായിരുന്നു. രാപ്പകലുള്ള ഗവര്‍ണന്റെ ഭര്‍ത്സനങ്ങള്‍ ഒഴിവായിക്കിട്ടുമല്ലോ. പക്ഷേ ആരിഫ് തമ്പുരാന്‍ വേലിയിലിരുന്ന പാമ്പിനെയെടുത്ത് വേണ്ടാത്തിടത്തുവച്ചിരിക്കയാണ്. മലയാളി മാധ്യമ പ്രവര്‍ത്തകരെ ബഹിഷ്കരിക്കുമെന്ന പ്രഖ്യാപനത്തിലൂടെ മലയാള നാടിന്റെ ഈ ഗവര്‍ണന്‍ അവഹേളിച്ചിരിക്കുന്നത് മലയാളിയെയും മലയാളഭാഷയെയുമാണ്. ഇതെല്ലാം കേള്‍ക്കുമ്പോള്‍ സിനിമയില്‍ ജഗതി ശ്രീകുമാര്‍ പറഞ്ഞതുപോലെ പറയാന്‍ തോന്നുന്നു’ താനാരുകുവാ മഹാബലിയോ!


ഇതുകൂടി വായിക്കൂ:   കാട്ടിൽ തെക്കേതില്‍ ചുണ്ടന്‍ ചാമ്പ്യന്‍


ആര്യാടന്‍ മുഹമ്മദ് കഴിഞ്ഞദിവസം രാഷ്ട്രീയ കേരളത്തോട് വിടചൊല്ലി. ഏഴു പതിറ്റാണ്ടുകാലത്തെ രാഷ്ട്രീയ സപര്യക്ക് അന്ത്യം. നമ്മുടെ ഗവര്‍ണനെപ്പോലെ പഠിപ്പും പത്രാസുമൊന്നുമില്ലാതെ സാമാന്യ വിദ്യാഭ്യാസം മാത്രം നേടിയയാള്‍. പി സീതിഹാജിയും ഇതുപോലെയായിരുന്നു. പക്ഷെ ഇരുവരുടെയും നിയമസഭാ പ്രകടനങ്ങള്‍ എന്നെന്നും അനശ്വരം. സീതിഹാജിയാണെങ്കില്‍ നിയമസഭയ്ക്ക് അകത്തും പുറത്തും നര്‍മ്മത്തിന്റെ തരംഗമാലകളാണ് സൃഷ്ടിച്ചിരുന്നത്. ആര്യാടന്‍ അതീവ ഗൗരവമുള്ള വിഷയങ്ങളില്‍ സ്ഥിതിവിവരക്കണക്കുകള്‍ സഹിതമാണ് എതിരാളികളെ വീഴ്ത്തിയിരുന്നത്. കാല്‍ക്കുലേറ്ററുകള്‍ സാധാരണമല്ലാതിരുന്ന കാലത്ത് മന്ത്രിയായിരുന്ന ആര്യാടന്‍ കണക്കുകള്‍ നിരത്തിയിട്ട് തന്റെ കാല്‍ക്കുലേറ്റര്‍ സഭയില്‍ ഉയര്‍ത്തിക്കാണിക്കും’ ‘എന്റെ കാല്‍ക്കുലേറ്ററിലെ കണക്കുകള്‍ ഇതാണ്.’ മറ്റുള്ളവരുടെ കാല്‍ക്കുലേറ്ററുകളില്‍ മറിച്ചൊരു കണക്കുവരാന്‍ വഴിയിയില്ലല്ലോ, കണക്കുകള്‍ തെറ്റായാല്‍പ്പോലും ആര്യാടന്റെ കാല്‍ക്കുലേറ്ററിനു മുന്നില്‍ പ്രതിയോഗികള്‍ ആയുധംവച്ചു കീഴടങ്ങും. ആര്യാടന്‍ ഇടയ്ക്കിടെ തലസ്ഥാനത്തെ മാധ്യമ പ്രവര്‍ത്തകരെ അന്തിവെടിവട്ടത്തിനായി ക്ഷണിക്കും. തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്റ്റേറ്റ് എക്സ്പ്രസ് 555 സിഗററ്റ് സമ്മാനിക്കും. ചാലയിലെ കേത്തലിന്റെ ഹോട്ടലിലെ വറുത്ത കോഴിയും പത്തിരിയും പൊറോട്ടയും വിളമ്പും.


ഇതുകൂടി വായിക്കൂ:   കട്ടുറുമ്പുകള്‍ സ്വര്‍ഗം വാഴുന്ന കാലം


ഓര്‍മ്മകളുടെ തിരുമുറ്റം രാഷ്ട്രീയ കേരളത്തിനു സമ്മാനിച്ചിട്ട് മറഞ്ഞുപോയ ആര്യാടന്‍ ഒരിക്കല്‍ മാധ്യമ പ്രവര്‍ത്തകരോട് മനസു തുറന്നപ്പോള്‍ പറഞ്ഞു; കേട്ടോ മുതലാളിമാരുമായുള്ള തൊഴില്‍ത്തര്‍ക്ക ചര്‍ച്ചകളില്‍ തന്റെ ഗുരുനാഥനാണ് ടി വി തോമസ് എന്ന്. തൊഴില്‍ത്തര്‍ക്ക ചര്‍ച്ചകള്‍ നടക്കുന്നത് രാത്രികാലത്താക്കും. ഉച്ചവരെ പണിയെല്ലാം തീര്‍ത്തശേഷം ടിവി ഒറ്റ ഉറക്കമാണ്. ചര്‍ച്ച തുടങ്ങാറാവുമ്പോള്‍ കുളിച്ചു കുട്ടപ്പനായി എത്തും. രാത്രി മുഴുവന്‍ നീളുന്ന ചര്‍ച്ച. മുതലാളിമാരാണെങ്കില്‍ വിവിധ ജീവിതശൈലീരോഗങ്ങള്‍ അലട്ടുന്നവര്‍. ചര്‍ച്ചയങ്ങനെ നീട്ടിക്കൊണ്ടു പോകും ടിവി. മുതലാളിമാരാകട്ടെ ഉറക്കം തൂങ്ങിത്തുടങ്ങും. ഉറക്കച്ചടവില്‍ തൊഴിലാളികളുടെ വര്‍ധിത ആനുകൂല്യങ്ങള്‍ക്കുള്ള കരാറില്‍ ഒപ്പുവച്ചിട്ട് മുതലാളിമാര്‍ ഉറങ്ങാന്‍ പോകും. മുതലാളിമാരുടെ കീഴടങ്ങലും തൊഴിലാളികളുടെ വിജയവുമായി ചര്‍ച്ചകള്‍ പര്യവസാനിക്കുമ്പോള്‍ ടിവിയുടെ മുഖത്ത് ഉറക്കച്ചടവില്ലാതെ ഒരു കള്ളച്ചിരിവിടരും. ടിവിയുടെ ഈ തന്ത്രം തൊഴില്‍ മന്ത്രിയെന്ന നിലയില്‍ പയറ്റിയ താന്‍ എപ്പോഴും വിജയിച്ചിട്ടേയുള്ളൂവെന്നും ആര്യാടന്‍ ഓര്‍ക്കുന്നു.

കോഴിക്കോട്ടെ പ്രോവിഡന്‍സ് സ്കൂള്‍ ഇന്ത്യയിലെ തന്നെ പ്രശസ്ത വിദ്യാലയങ്ങളിലൊന്നാണ്. സര്‍ക്കാര്‍ ചെലവില്‍ പ്രവര്‍ത്തിക്കുന്ന എയിഡഡ് വിദ്യാലയം. മതേതരത്വത്തിന്റെ മുഖശോഭയോടെ നിലനിന്ന ആ വിദ്യാലയത്തിന്റെ മുഖശ്രീ കെടുത്താനുള്ള പദ്ധതി ബഹുസ്വര കേരളത്തിനുതന്നെ അപമാനമായി. കുട്ടികള്‍ യൂണിഫോമിനൊപ്പം ഹിജാബ് എന്ന ശിരോവസ്ത്രം ധരിക്കുന്നതിന് ഏര്‍പ്പെടുത്തിയ വിലക്കിന് ഒരു സംഘപരിവാര്‍ അജണ്ടയുടെ മുഖമാണുള്ളത്. മതചിഹ്നമാണ് ഹിജാബെന്നാണ് സ്കൂള്‍ അധ്യാപക-രക്ഷാകര്‍തൃ സമിതിയുടെ വ്യാഖ്യാനം. ഹിജാബിനു വിലക്കു വീണതിനെത്തുടര്‍ന്ന് വിശ്വാസികളായ കുട്ടികള്‍ ടിസി വാങ്ങി പ്രോവിഡന്‍സിനോട് വിട പറഞ്ഞുകൊണ്ടിരിക്കുന്നു. പത്തനംതിട്ട കൊല്ലമുള ലിറ്റില്‍ ഫ്ലവര്‍ സ്കൂളിലെ അധ്യാപിക കോട്ട് ധരിച്ചെത്താത്തതിനാല്‍ സ്കൂളിലെ ഭരണക്കാരായ കന്യാസ്ത്രീകള്‍ അധ്യാപികയെ കുട്ടികളുടെ മുന്നില്‍വച്ച് അധിക്ഷേപിച്ചുവെന്ന് മറ്റൊരു വാര്‍ത്ത. ഇതേതുടര്‍ന്ന് അധ്യാപിക രാജിവച്ചു. ഇതെല്ലാം നടക്കുന്നത് സാംസ്കാരിക കേരളത്തിലാണെന്നോര്‍ക്കുക. മതചിഹ്നങ്ങളും മതസംജ്ഞകളും വിദ്വേഷത്തിന്റെ അടയാളങ്ങളാക്കി തീവ്രവാദികള്‍ എടുത്തുപയറ്റുന്ന സമകാലിക കേരളത്തില്‍ ഇതെല്ലാം ഒറ്റപ്പെട്ട സംഭവങ്ങളാണെന്നു പറഞ്ഞ് തള്ളിക്കളയരുത്. പ്രത്യേകിച്ചും മതവിദ്വേഷത്തിന്റെ തീപ്പൊരികള്‍ അഗ്നികുണ്ഠങ്ങളായി പടരുന്ന ഇക്കാലത്ത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.