സ്വന്തം ലേഖകന്‍

തൃശൂര്‍

December 26, 2020, 8:50 pm

ബിജെപിയില്‍ പൊട്ടിത്തെറി ഹിന്ദു ഐക്യവേദി നേതാവ് ഉള്‍പ്പെടെ 9 പേരെ പുറത്താക്കി

Janayugom Online

തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയെത്തുടര്‍ന്ന് തൃശൂരിലെ ബിജെപിയില്‍ കൂട്ടപ്പുറത്താക്കല്‍. ഹിന്ദു ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെ ഒമ്പതുപേരെ പുറത്താക്കി. കോര്‍പ്പറേഷന്‍ കുട്ടന്‍കുളങ്ങര വാര്‍ഡില്‍ ബിജെപി സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണന്‍ തോറ്റതിന്റെ ജാള്യത മറയ്ക്കാനുള്ള നടപടികൂടിയാണ് പുറത്താക്കല്‍.

തെരഞ്ഞെടുപ്പില്‍ ഗുരുതരമായ അച്ചടക്കലംഘനവും സംഘടനാവിരുദ്ധ പ്രവര്‍ത്തനവും നടത്തിയതിന് കെ കേശവദാസ്(തൃശൂര്‍), പോണത്ത് ബാബു (കയ്പമംഗലം), ചന്ദ്രന്‍ മാടക്കത്തറ (ഒല്ലൂര്‍), ഐ ലളിതാംബിക (തൃശൂര്‍), അരുണ കേശവദാസ് (തൃശൂര്‍), മനീഷ് (തൃശൂര്‍), പ്രശോഭ് മോഹന്‍ (ഗുരുവായൂര്‍), ജ്യോതി കൂളിയാട്ട് (ഗുരുവായൂര്‍), ഉഷാ ദിവാകരന്‍ (ചേലക്കര) എന്നിവരെ പാര്‍ട്ടിയില്‍ നിന്ന് ആറ് വര്‍ഷത്തേക്ക് പുറത്താക്കിയെന്നാണ് ജില്ലാ പ്രസിഡണ്ട് കെ കെ അനീഷ്‌കുമാര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചത്. ഹിന്ദുഐക്യവേദി തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറിയാണ് കെ കേശവദാസ്. കേശവദാസിന്റെ ഭാര്യാമാതാവും കോര്‍പ്പറേഷന്‍ മുന്‍കൗണ്‍സിലറുമാണ് ഐ ലളിതാംബിക. ബിജെപി കയ്പമംഗലം നിയോജക മണ്ഡലം മുന്‍ പ്രസിഡന്റാണ് പുറത്താക്കപ്പെട്ട പോണത്ത് ബാബു.

നടന്‍ സുരേഷ് ഗോപിയും കേന്ദ്ര മന്ത്രി വി മുരളീധരനുമുള്‍പ്പെടെ പ്രചരണം കൊഴുപ്പിക്കാനെത്തിയിട്ടും ജില്ലയില്‍ മുന്നേറ്റമുണ്ടാക്കാന്‍ ബിജെപിക്ക് കഴിയാത്തത് വലിയ നാണക്കേടായിരുന്നു. അതിനിടയില്‍ തന്നെയാണ് കോര്‍പ്പറേഷനില്‍ മേയര്‍സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടി മത്സരിപ്പിച്ച ഗോപാലകൃഷ്ണന്‍ കുട്ടന്‍കുളങ്ങര ഡിവിഷനില്‍ തോറ്റത്. തന്റെ തോല്‍വിക്ക് പിന്നില്‍ പുറത്താക്കപ്പെട്ട കേശവദാസിന് പങ്കുണ്ടെന്ന് ഗോപാലകൃഷണനുള്‍പ്പെടെ ഒരുവിഭാഗം ആരോപണവുമായി രംഗത്തെത്തി. കേശവദാസിന്റെ വീട്ടില്‍ നടന്ന പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രമുപയോഗിച്ച് സമൂഹമാധ്യമങ്ങളിലൂടെ ഗോപാലകൃഷ്ണന്‍ കേശവദാസിനെതിരെ പ്രചാരണം നടത്തിയത് വിവാദമാവുകയും ചെയ്തു. ‘പ്രസ്ഥാനത്തെ ഒറ്റുകൊടുക്കുന്നത് സ്വന്തം അമ്മയെവില്‍ക്കുന്നതിന് തുല്യം. കുട്ടന്‍കുളങ്ങരയില്‍ ബിജെപിയെ തോല്‍പ്പിച്ചതിന്റെ ആഘോഷം’ എന്നിങ്ങനെയായിരുന്നു ആക്ഷേപം. കുട്ടികളും കുടുംബാംഗങ്ങളും പങ്കെടുത്ത പിറന്നാളാഘോഷത്തിന്റെ ഫോട്ടോ സമൂഹത്തില്‍ തെറ്റിദ്ധാരണ ഉണ്ടാക്കുന്ന വിധത്തില്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് കേശവദാസ് പോലിസിന് പരാതി നല്‍കുകയും ചെയ്തിരുന്നു.

കുട്ടന്‍കുളങ്ങരയില്‍ കഴിഞ്ഞ ഭരണസമിതിയില്‍ കൗണ്‍സിലറും കേശവദാസിന്റെ ഭാര്യാമാതാവുമായ ലളിതാംബികയെ വീണ്ടും സ്ഥാനാര്‍ഥിയാക്കണമെന്നായിരുന്നു പ്രാദേശിക ആവശ്യം. ഇത് അവഗണിച്ച് ഗോപാലകൃഷ്ണനെ സംസ്ഥാന നേതൃത്വം അടിച്ചേല്‍പ്പിക്കുകയായിരുന്നു. മറ്റ് സിറ്റിങ്ങ് കൗണ്‍സിലര്‍മാര്‍ക്കെല്ലാം സീറ്റ് നല്‍കുകയും തന്നെ മാത്രം ഒഴിവാക്കി അപമാനിക്കുകയും ചെയ്തതില്‍ പ്രതിഷേധിച്ച് ലളിതാംബിക ബിജെപിയിലെ സ്ഥാനം രാജിവച്ചിരുന്നു. ലളിതാംബികയുടെ രാജിയെത്തുടര്‍ന്ന് ഒരു വിഭാഗം സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഗോപാലകൃഷ്ണനെതിരെ പരസ്യമായി രംഗത്ത് വരികയും ചെയ്തു. ലളിതാംബിക സ്വതന്ത്രയായി പത്രിക സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ഇത്തരം തര്‍ക്കങ്ങള്‍ക്കൊടുവില്‍ സിറ്റിങ്ങ് വാര്‍ഡില്‍ ഗോപാലകൃഷ്ണന്‍ പരാജയപ്പെട്ടു. താന്‍ പരാജയപ്പെട്ടത് ഇടതുപക്ഷവും യുഡിഎഫും തമ്മില്‍ വോട്ടു മറിച്ചതുകൊണ്ടാണെന്ന വയാദമായിരുന്നു ഗോപാലകൃഷ്ണന്‍ ഉയര്‍ത്തിയത്. എന്നാല്‍ നേതാക്കളെ തന്നെ പുറത്താക്കിയതോടെ സംഘപരിവാറിലെ പൊട്ടിത്തെറിയാണ് തോല്‍വിക്ക് കാരണമെന്ന് തെളിഞ്ഞു.

Eng­lish Sum­ma­ry: Clash­es in BJP Thris­sur Nine peo­ple, includ­ing a Hin­du Aikya Vedi leader, were expelled

You may like this video also