തോല്‍വിയുടെ കാരണം ജോസഫെന്ന് ജോസ് ടോം

Web Desk
Posted on September 28, 2019, 10:06 pm

പ്രത്യേക ലേഖകന്‍

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിലെ തോല്‍വിയുടെ പിന്നിലെ യഥാര്‍ഥ വില്ലന്‍ കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്‍മാന്‍ പി ജെ ജോസഫ് തന്നെയെന്ന് തുറന്ന് പറഞ്ഞ് യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോമിന്റെ പുതിയ പോര്‍മുഖം. ജോസഫിനെ നിയന്ത്രിക്കാന്‍ യുഡിഎഫിനായില്ലെന്നും ജോസ് ടോം തുറന്നടിച്ചു.
പാലായിലെ യുഡിഎഫ് തോല്‍വിക്ക് കാരണം ജോസ് കെ മാണിയാണെന്നും ഇത് ചോദിച്ചു വാങ്ങിയ പരാജയമാണെന്നും ജോസഫ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ചിഹ്നം കിട്ടിയിരുന്നുവെങ്കില്‍ ജയിക്കാമായിരുന്നു. പാര്‍ട്ടി വര്‍ക്കിങ് ചെയര്‍മാനോട് അഭ്യര്‍ഥിച്ചിരുന്നുവെങ്കില്‍ ചിഹ്നം ലഭിക്കുമായിരുന്നു. എന്നാല്‍ അതിന് തയ്യാറായില്ല തുടങ്ങിയ ജോസഫിന്റെ വാദങ്ങള്‍ക്ക് മറുപടിയുമായി കേരള കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി ഓഫീസില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ജോസ് ടോം.

യുഡിഎഫ് പരാജയപ്പെട്ടപ്പോള്‍ നടപ്പിലായത് പി ജെ ജോസഫിന്റെ കൃത്യമായ അജണ്ടയാണ്. കേരള കോണ്‍ഗ്രസിന്റെ ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് നിലവില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ മുമ്പാകെയാണ്. ഈ തര്‍ക്കത്തില്‍ നിലവില്‍ രണ്ട് എംപിമാരും രണ്ട് എംഎല്‍എമാരും ജോസ് കെ മാണി പക്ഷത്തിനൊപ്പമാണ്. പാലായിലെ വിജയം തെരഞ്ഞെടുപ്പു കമ്മിഷനു മുമ്പാകെ മേല്‍ക്കൈ നേടാന്‍ ജോസ് കെ മാണി പക്ഷത്തിന് അവസരമൊരുക്കും. അതുകൊണ്ട് ജോസ് കെ മാണി പക്ഷത്തിന് ഒരു എംഎല്‍എയെ കൂടെ ലഭിക്കുന്നത് തടയുക പി ജെ ജോസഫിന്റെ ആവശ്യമായിരുന്നു. സ്ഥാനാര്‍ഥി നിര്‍ണ്ണയം മുതല്‍ തെരഞ്ഞെടുപ്പു വരെ ജോസഫ് ഇതിന് അനുകൂലമായ അജണ്ട നടപ്പാക്കി, ജോസ് ടോം വിശദീകരിച്ചുകൊണ്ടേയിരുന്നു.
‘ഭരണഘടന പ്രകാരം ചിഹ്നത്തിനായി അഭ്യര്‍ഥിച്ചിരുന്നുവെങ്കില്‍ ചിഹ്നം ലഭിക്കുമായിരുന്നു. എന്നാല്‍ പേരിന് പോലും ഒരു കത്ത് നല്‍കിയിരുന്നില്ല. ഒടുവില്‍ നോമിനേഷന്‍ നപടികളെല്ലാം പൂര്‍ത്തിയാക്കിയ സമയത്ത് ഇ മെയില്‍ വഴി ഒരു കത്ത് എത്തിയിരുന്നു, അതുകൊണ്ട് കാര്യമില്ല’ തുടങ്ങിയ ജോസഫിന്റെ ആരോപണത്തിന് ചെയര്‍മാന്‍ ജോസ് കെ മാണി കത്ത് നല്‍കിയിരുന്നുവെന്നും യുഡിഎഫ് മധ്യസ്ഥന്‍വഴി നല്‍കിയ കത്ത് സ്വീകരിക്കാതെ ഒഴിഞ്ഞുമാറിക്കൊണ്ടേയിരുന്നുവെന്നും ജോസ് ടോം പുലിക്കുന്നേല്‍ പറഞ്ഞു.

പക്വതയില്ലാത്ത സ്ഥാനാര്‍ഥിയായിരുന്നു. കൊള്ളാവുന്നവര്‍ ഉണ്ടായിരുന്നു. അവരെ കണ്ടെത്താന്‍ ശ്രമിക്കാമെന്ന് അറിയിച്ചിരുന്നു. അത് അംഗീകരിച്ചിരുന്നെങ്കില്‍ ചിഹ്നവും ലഭിച്ചേനെയെന്ന ജോസഫിന്റെ അഭിപ്രായത്തിനും ജോസ് ടോമിന് മറുപടിയുണ്ടായിരുന്നു. രണ്ടു തവണ തോറ്റയാളാണ് ജോസഫ്. ജോസഫിനൊപ്പമുള്ള മുന്‍ എംപി ജോയി എബ്രഹാം തെരഞ്ഞെടുപ്പു ദിവസം നടത്തിയ ചില പരാമര്‍ശങ്ങള്‍ വോട്ടര്‍മാരില്‍ ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു. എന്നാല്‍ അത് തിരുത്താന്‍ ജോസഫ് വിഭാഗം നേതാക്കള്‍ ശ്രമിച്ചില്ല. പലരും ഭവനസന്ദര്‍ശനങ്ങളില്‍ നിന്നും പൊതുയോഗങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറിയിരുന്നു. സ്വന്തം മുന്നണിയെ ഒറ്റുകൊടുത്തവരാണ് ജോസഫും കൂട്ടരും, ജോസ് ടോം കുറ്റങ്ങള്‍ നിരത്തിക്കൊണ്ടേയിരുന്നു.