22 July 2024, Monday
KSFE Galaxy Chits Banner 2

Related news

July 19, 2024
July 18, 2024
July 17, 2024
July 17, 2024
July 13, 2024
July 10, 2024
July 7, 2024
July 4, 2024
July 4, 2024
July 3, 2024

പടയില്‍ തോറ്റ സുധാകരന്‍ തരൂര്‍ പക്ഷത്തേക്ക്: സതീശനും വേണുഗോപാലും പത്തി താഴ്ത്തി

കെ രംഗനാഥ്
തിരുവനന്തപുരം
November 26, 2022 10:01 pm

ശശി തരൂരുമായുള്ള ഏറ്റുമുട്ടലില്‍ തോറ്റു തുന്നംപാടിയ കെപിസിസി പ്രസിഡന്റ് കെ സുധാകരനും തരൂര്‍ ക്യാമ്പിലേക്ക്. തരൂര്‍ പക്ഷത്തിന് അനുദിനം വര്‍ധിച്ചുവരുന്ന പിന്തുണയാണ് സുധാകരന്റെ ഈ തിരിച്ചറിവിന് പിന്നിലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതോടെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഉമ്മന്‍ചാണ്ടി — സുധാകരന്‍ എന്ന ഗ്രൂപ്പു സമവാക്യവും ഉദയം ചെയ്യുന്നു. തുടക്കം മുതല്‍ സുധാകരനു കവചമൊരുക്കിനിന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശനും രമേശ് ചെന്നിത്തലയും കെ സി വേണുഗോപാലും പുതിയ സംഭവവികാസത്തോടെ പത്തി താഴ്ത്തി ഉള്‍വലിഞ്ഞു. തരൂരിനുവേണ്ടി ഒറ്റയാള്‍ പട്ടാളമായി നിന്ന കെ മുരളീധരനും കൂടിയായപ്പോള്‍ ഉമ്മന്‍ചാണ്ടി-മുരളി-സുധാകരന്‍ ത്രയം ചെന്നിത്തല, സതീശന്‍, വേണു ത്രയത്തെ അപ്രസക്തമാക്കുകയും ചെയ്തു. ഹൈക്കമാന്‍ഡും തരൂര്‍ പക്ഷത്തോടൊപ്പമാണെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ഇന്നലെ സൂചിപ്പിച്ചതോടെയാണ് സുധാകരന്റെ മലക്കം മറിച്ചിലെന്ന വിലയിരുത്തലുമുണ്ട്. 

കണ്ണൂരും കോഴിക്കോട്ടും തരൂരിന്റെ പരിപാടികള്‍ക്ക് സുധാകരന്‍ അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തിയതോടെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഉരുണ്ടുകൂടിയ പ്രതിസന്ധി ഒഴിവാക്കാനായി പടനായകന്‍ സുധാകരന്‍ തന്നെ ശത്രുപക്ഷത്തിന്റെ കാവലാളായി മലക്കം മറിഞ്ഞതും കൗതുകമാവുന്നു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷനായ കോണ്‍ഗ്രസ് അച്ചടക്ക സമിതി ഇന്നലെ യോഗം ചേര്‍ന്നെടുത്ത തീരുമാനം തരൂരിനെതിരായ വിലക്കു നടപടികള്‍ക്ക് അനുകൂലമല്ലായിരുന്നു. തരൂരായാലും ആരായാലും പരിപാടികളില്‍ പങ്കെടുക്കുമ്പോള്‍ അതാതു ഡിസിസികളെ അറിയിക്കണമെന്നു മാത്രമേയുള്ളുവെന്ന് തിരുവഞ്ചൂര്‍ പറഞ്ഞതാകട്ടെ ഒരു പ്രാഥമിക സംഘടനാതത്വവും. കണ്ണൂരിലെയും കോഴിക്കോട്ടെയും പരിപാടികളില്‍ പങ്കെടുത്തത് ബന്ധപ്പെട്ട ഡിസിസികളെ അറിയിച്ചശേഷമായതിനാല്‍ തരൂര്‍ അച്ചടക്കം ലംഘിച്ചില്ലെന്നാണ് തിരുവഞ്ചൂരും പറയാതെ പറഞ്ഞത്. 

അച്ചടക്ക സമിതി ഇത്തരം ഒരു പ്രസ്താവന ആവര്‍ത്തിച്ചു നടത്തിയത് സുധാകരന്റെ നിര്‍ദ്ദേശത്താലാണെന്ന സൂചനയുമുണ്ട്. തലയൂരി മറുകണ്ടം ചാടാനുള്ള സുധാകരന്റെ തന്ത്രത്തിന്റെ ഭാഗം. അടുത്ത ലോക്‌സഭാ-നിയമസഭാ തെരഞ്ഞെടുപ്പുകളും ഭാവി മുഖ്യമന്ത്രിപദ മോഹവും കൂടിക്കുഴഞ്ഞുള്ള കൂട്ടപ്പൊരിച്ചില്‍ മാത്രമാണിതെന്ന് നേതാക്കളുടെ പ്രസ്താവനകളില്‍ നിന്നും വായിച്ചെടുക്കാവുന്നതാണ്. മുഖ്യമന്ത്രിക്കുപ്പായം തുന്നാന്‍ ഇനിയും നാലു വര്‍ഷമുണ്ടല്ലോ എന്ന് ശശിതരൂരിനെ കുത്തി രമേശ് ചെന്നിത്തല പരിഹസിക്കുകയായിരുന്നു. കെ മുരളീധരനാകട്ടെ സീറ്റു നിര്‍ണയം തന്നെ നടത്തിക്കളഞ്ഞു. ലോക്‌സഭയിലേക്ക് താന്‍ മത്സരിക്കുമെന്നറിയിച്ച മുരളി, സുധാകരനും ചെന്നിത്തലയും ഇത്തവണ ലോക്‌സഭയിലേക്ക് മത്സരിക്കില്ലെന്നുവരെ വെളിപ്പെടുത്തി. തരൂര്‍ ഇത്തവണ ലോക്‌സഭയിലേക്കില്ല, നിയമസഭയിലേക്കാവും മത്സരിക്കുകയെന്നും പറയാതെ പറഞ്ഞ മുരളി, താന്‍ തരൂര്‍ ഒഴിയുന്ന തിരുവനന്തപുരം സീറ്റില്‍ മത്സരിക്കാനും ഉന്നമിടുന്നു. എല്ലാം മുഖ്യമന്ത്രിക്കസേരയില്‍ കണ്ണും നട്ടുള്ള കണക്കുകൂട്ടലുകള്‍. 

സുധാകരനും ഉമ്മന്‍ചാണ്ടി പക്ഷത്തോട് തരൂരിനനുകൂലമായി ചായുകയും രമേശ്, സതീശന്‍, വേണുഗ്രൂപ്പ് അപ്രസക്തമാവുകയും ചെയ്ത സാഹചര്യത്തില്‍ ഉരുണ്ടുകൂടിയ പ്രതിസന്ധി തല്ക്കാലം ഒഴിഞ്ഞുമാറാനുള്ള സാധ്യതയും വിരളം. തരൂര്‍ ഉദ്ഘാടനം ചെയ്യുന്ന ഈരാറ്റുപേട്ടയിലെ യൂത്ത് കോണ്‍ഗ്രസ് മഹാറാലിയുടെ പ്രചാരണ ബോര്‍ഡുകളിലും സതീശന് അര്‍ഹമായ പ്രാതിനിധ്യം നല്കിയില്ലെന്ന ആരോപണങ്ങള്‍ക്കിടെ ഇന്നലെ സതീശന്റെ മാത്രം ബോര്‍ഡുകള്‍ കോട്ടയത്തെങ്ങും പ്രത്യക്ഷപ്പെട്ടത് വരാനിരിക്കുന്ന വിഭാഗീയ നീക്കങ്ങളുടെ ചൂണ്ടുപലകയാവുന്നു.
പ്രതിസന്ധി കെട്ടടങ്ങുമെന്ന പ്രതീക്ഷയില്‍ അച്ചടക്ക സമിതി പുറത്തിറക്കിയ വിശദീകരണത്തെ തരൂരിന്റെ വലംകൈ ആയ എം കെ രാഘവന്‍ എംപി ചോദ്യം ചെയ്തതും യാദൃച്ഛികമല്ല. അച്ചടക്കത്തിനു നിര്‍വചനം വേണമെന്നും അതില്‍ ഇരട്ടത്താപ്പു പാടില്ലെന്നുമാണ് അദ്ദേഹം വിശദീകരിച്ചത്. വരും ദിവസങ്ങളിലും കൂട്ടപ്പൊരിച്ചില്‍ കനക്കാനുള്ള സാമ്പിള്‍ വെടിക്കെട്ടുകളാണിവയെന്നും രാഷ്ട്രീയ കേന്ദ്രങ്ങള്‍ കാണുന്നു. 

Eng­lish Sum­ma­ry: clash­es in congress

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.