കെ രംഗനാഥ്

തിരുവനന്തപുരം

December 28, 2020, 10:44 pm

കല്ലേറേറ്റ കടന്നല്‍ക്കൂടുപോലെ

Janayugom Online

കലാപനിര്‍ഭരമായ മുസ്‌ലിംലീഗ് ചരിത്രത്തിലാദ്യമായി പ്രതിസന്ധികളുടെ കയത്തിലേക്ക്. ലീഗിന്റെ ഈറ്റില്ലമായ പാണക്കാട് കൊടപ്പനയ്ക്കല്‍ തറവാട്ടിലും കലാപത്തിന്റെ തീയാളിത്തുടങ്ങി. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ ലീഗ് വിമതവേലിയേറ്റം സൃഷ്ടിച്ച ഞെട്ടലില്‍ നേതൃത്വം പകച്ചുനില്ക്കുമ്പോള്‍ പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി ലോക്‌സഭാംഗത്വം രാജിവച്ച് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരുന്നുവെന്ന പ്രഖ്യാപനം ലീഗ് കടന്നല്‍ക്കൂട്ടിലെ കല്ലേറായി. അനിവാര്യനെന്ന ചാപ്പകുത്തി കുഞ്ഞാലിക്കുട്ടിയെ കെട്ടിയിറക്കുന്നതിനെതിരെ പാണക്കാട് തറവാട്ടിലെ പ്രമുഖനും അന്തരിച്ച പ്രസിഡന്റ് ഹെെദരാലി ശിഹാബ് തങ്ങളുടെ പുത്രനും മുസ്‌ലിം യൂത്ത് ലീഗ് ദേശീയ നേതാവുമായ പാണക്കാട് മുഈൻ അലി ശിഹാബ് തങ്ങള്‍ തന്നെ പരസ്യമായി രംഗത്തിറങ്ങിയത് പാണക്കാട് അധിഷ്ഠിത രാഷ്ട്രീയ കൂട്ടായ്മയായ മുസ്‌ലിം ലീഗില്‍ വരാനിരിക്കുന്ന പടയോട്ടത്തിനു നാന്ദിയായി. കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്കു മടങ്ങുന്നത് ആത്മഹത്യാപരമാണെന്ന വ്യംഗ്യത്തോടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതിഷേധം. ഇത് പാര്‍ട്ടിയിലെ നേതൃത്വത്തിലും അണികളിലും ഉത്തരം പറയാനാവാത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നുവെന്നും മുഈൻ അലി ശിഹാബ് തുറന്നടിച്ചു.

പാണക്കാട് തറവാട്ടില്‍ നിന്നുതന്നെ മറ്റൊരു വിമതശബ്ദം ഉയര്‍ന്നത് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവറാലി ശിഹാബ് തങ്ങളിലൂടെയെന്നതും പാണക്കാട് കൊടപ്പനയ്ക്കല്‍ ഒരു വിഭജിത ഭവനമായെന്നതിന്റെ വിളംബരമായി. ലീഗ് പ്രവര്‍ത്തകര്‍ കാഞ്ഞങ്ങാട് കല്ലൂരാവിയില്‍ കുത്തി കൊലപ്പെടുത്തിയ എല്‍ഡിഎഫ് പ്രവര്‍ത്തകന്‍ അബ്ദുല്‍ റഹുമാന്‍ ഔഫിന്റെ വീട് സന്ദര്‍ശിച്ച് ലീഗുകാരുടെ കൊലക്കത്തി രാഷ്ട്രീയത്തിനെതിരെ പ്രതികരിച്ചതും ഔഫിന്റെ മഗ്ഫിറത്ത് പ്രാര്‍ത്ഥനയില്‍ പങ്കെടുത്തതും മുസ്‌ലിം ലീഗ് നേതൃത്വത്തിനേറ്റ പ്രഹരമായി. പാണക്കാട്ടുണ്ടാകുന്ന കലാപം മുസ്‌ലിം ലീഗില്‍ ഒരു പിളര്‍പ്പിനുതന്നെ ഇടയാക്കുമോ എന്ന ആശങ്കയിലാണ് പാര്‍ട്ടി നേതൃത്വം.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനു മുമ്പ് ലീഗിലുണ്ടായ വിമത വേലിയേറ്റവും തെരഞ്ഞെടുപ്പിനു ശേഷമുള്ള അണികളുടെ അതിശക്തമായ കൊഴിഞ്ഞുപോക്കും ലീഗ് പിളര്‍ന്നാല്‍ കലാപകാരികളായ വിമതപക്ഷത്തിന് ശക്തമായ അടിത്തറയാണുണ്ടാക്കുക എന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. പി കെ കുഞ്ഞാലിക്കുട്ടി വന്നാല്‍ യുഡിഎഫില്‍ കൂടുതല്‍ ഏകോപനമുണ്ടാകുമെന്നാണ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായിരുന്ന ഇ ടി മുഹമ്മദ് ബഷീര്‍ എംപി അവകാശപ്പെട്ടത്. എന്നാല്‍ കുഞ്ഞാലിക്കുട്ടിയുടെ കളംമാറ്റം ലീഗില്‍ കടുത്ത വിഭാഗീയതയുടെ വിത്തുകളാണ് ഇതിനകം വിതച്ചുകഴിഞ്ഞിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് പാര്‍ട്ടിയിലെ മിതവാദികളും കുഞ്ഞാലിക്കുട്ടി വിരുദ്ധരുമായ പ്രമുഖരെ ഒതുക്കാനുള്ള കരുനീക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. എട്ടോളം എംഎല്‍എമാര്‍ക്ക് അടുത്ത തെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നിഷേധിക്കുമെന്ന് കുഞ്ഞാലിക്കുട്ടിയുടെ ക്യാമ്പ് വാര്‍ത്തകള്‍ ചോര്‍ത്തിക്കൊടുത്തിരിക്കുന്നു. ജമാഅത്തെ ബ­ന്ധത്തെ എതിര്‍‌ക്കുന്ന ഡോ. എം കെ മുനീര്‍, കെ എം ഷാജി, കെ എൻ എ ഖാദര്‍ തുടങ്ങിയവര്‍ക്ക് അടുത്ത തവണ സീറ്റുണ്ടാകില്ല. മുനീറിന്റെ മണ്ഡലത്തില്‍ മത്സരിക്കാനിരിക്കുന്ന വനിതാ സ്ഥാനാര്‍ത്ഥിയുടെ പേര് ചോര്‍ത്തിക്കഴിഞ്ഞു. വേങ്ങരയില്‍ നിന്നു ജയിച്ച ഖാദറിനെ കുഞ്ഞാലിക്കുട്ടി ജയിച്ച മലപ്പുറം ലോക്‌സഭാ സീറ്റില്‍ മത്സരിപ്പിക്കാനുള്ള നീക്കത്തെ ഖാദര്‍ എതിര്‍ത്തുകഴിഞ്ഞതായാണറിവ്. കുഞ്ഞാലിക്കുട്ടി ലോക്‌സഭാംഗത്വം രാജിവച്ച് ജനത്തെ കുരങ്ങുകളിപ്പിക്കുന്ന സീറ്റില്‍ താന്‍ മത്സരിച്ചാല്‍ പടുതോല്‍വിയാണ് കാത്തിരിക്കുന്നതെന്ന് ഖാദറിനറിയാം.

പാര്‍ട്ടിയില്‍ ശക്തനായ ഖാദറിനെ പിണക്കാതെ നോക്കണമെങ്കില്‍ വേങ്ങര വിട്ടുകൊടുക്കണം. പക്ഷേ ഈ സീറ്റിലേയ്ക്ക് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദിന്റെ പേര് പ്രഖ്യാപിച്ച മട്ടാണ്. ഇതുമൂലം തന്റെ തട്ടകമായ വേങ്ങരയില്‍ നിന്നും മലപ്പുറം, തിരൂരങ്ങാടി നിയമസഭാ സീറ്റുകളിലൊന്നിലേക്ക് മാറാനാണ് കുഞ്ഞാലിക്കുട്ടിയുടെ നീ‌ക്കം. വേങ്ങര നഷ്ടപ്പെടുകയും ലോക്‌സഭാ സീറ്റില്‍ സ്ഥാനാര്‍ത്ഥിത്വം പോലും നിഷേധിക്കുകയും ചെയ്താല്‍ കെ എന്‍ എ ഖാദര്‍ വന്‍ പടപ്പുറപ്പാടിനാവും ഇറങ്ങുക. മഹാ കോടീശ്വരനായ പി വി അബ്ദുല്‍ വഹാബിന് എംപി സ്ഥാനം ഒഴിയുന്നതിനു പിന്നാലെ നിയമസഭാ ടിക്കറ്റ് കണ്ടെത്തുന്നത് പാര്‍ട്ടിക്കുള്ളില്‍ പുതിയൊരു കൊടുങ്കാറ്റിനു വഴിമരുന്നിടും. കുഞ്ഞാലിക്കുട്ടി ഒഴിയുന്ന മലപ്പുറം ലോക്‌സഭാ സീറ്റില്‍ മണ്ണാര്‍ക്കാട് എംഎല്‍എയായ എന്‍ ഷംസുദീനെ സ്ഥാനാര്‍ത്ഥിയാക്കുന്നതും കലാപത്തിനു കാരണമാകും. എട്ട് എംഎല്‍എമാരെ ഒഴിവാക്കി പഴയ പടക്കുതിരകളെ രംഗത്തിറക്കുന്ന ലീഗിന്റെ ഇത്തവണത്തെ ഏക യുവമുഖം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് ആയിരിക്കുമെന്നും സൂചനയുണ്ട്. മന്ത്രി കെ ടി ജലീലിനെതിരെ ഫിറോസിനെ മത്സരിപ്പിക്കാനാണ് നീക്കം. ചുരുക്കത്തില്‍ കു­ഞ്ഞാലിക്കുട്ടിയെ കൊണ്ടുവന്നത് വെളുക്കാന്‍ തേച്ചതു പാണ്ടായിപ്പോയി എന്ന ജാള്യതയിലാണിപ്പോള്‍ പാര്‍ട്ടിക്കുള്ളിലെ അണികളും നേതൃത്വത്തിലെ വലിയൊരു വിഭാഗവും. പുറത്തുകടക്കാനാവാതെ ഊരാക്കുടുക്കിലായ മട്ട്.

Eng­lish Sum­ma­ry: clash­es in league
You may like this video also