ഐഎസിന്റെ പേരില്‍ കലാപശ്രമം: അസമില്‍ ആറ് ബിജെപിക്കാര്‍ കസ്റ്റഡിയില്‍

Web Desk
Posted on May 09, 2018, 10:44 pm

ഗുവാഹത്തി: ഐഎസിന്റെ പേരിലുള്ള ബാനര്‍ സ്ഥാപിച്ച് കലാപമുണ്ടാക്കാന്‍ ശ്രമം നടത്തിയതിന് ആറ് ബിജെപി പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു. പ്രദേശത്ത് ബോധപൂര്‍വം കലാപമുണ്ടാക്കുന്നതിന് ബിജെപി പ്രവര്‍ത്തകരാണ് ബാനറുകള്‍ സ്ഥാപിച്ചതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് തപന്‍ ബര്‍മന്‍ (കൈഹാത്തി), ദ്വിപ് ജ്യോതി തകുറിയ, സോറോ ജ്യോതി ബൈഷിയ, പുലാക് ബാര്‍മാന്‍ (ബെല്‍സോര്‍), മൊജാമില്‍ അലി (ചാമട്ട), മൂണ്‍ അലി (ബരുവാകുര്‍) എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. നേരത്തേ കോണ്‍ഗ്രസിലായിരുന്ന പുലാക് ബാര്‍മാന്‍ പിന്നീട് ബിജെപിയില്‍ ചേരുകയായിരുന്നു.
മെയ് മൂന്നിനാണ് അസമിലെ നല്‍ബാരി ജില്ലയില്‍പ്പെട്ട ബെല്‍സോര്‍ മേഖലയില്‍ ഐഎസില്‍ ചേരുക എന്നാഹ്വാനം ചെയ്യുന്ന ബാനറുകള്‍ പ്രത്യക്ഷപ്പെട്ടത്. മരങ്ങളിലും മറ്റുമായാണ് അറബി അക്ഷരങ്ങളിലെഴുതിയ ബാനര്‍ സ്ഥാപിച്ചത്. കൊയിഹാത്ത മേഖലയിലെ വയല്‍പ്രദേശത്ത് മരങ്ങളിലും ബാനറുകള്‍ സ്ഥാപിച്ചിരുന്നു. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട പ്രദേശവാസികള്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഗോള്‍പാറ ജില്ലയിലെ ചില പ്രദേശങ്ങളിലും ബാനറുകള്‍ സ്ഥാപിച്ചിരുന്നു. ഇതുസംബന്ധിച്ച അന്വേഷണത്തിനിടയിലാണ് പ്രദേശത്ത് കലാപമുണ്ടാക്കുന്നതിനുള്ള ബോധപൂര്‍വമായ ശ്രമത്തിന്റെ ഭാഗമായാണ് ബാനറുകള്‍ പ്രത്യക്ഷപ്പെട്ടതെന്ന് കണ്ടെത്തി. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ബിജെപിക്കാരെ കസ്റ്റഡിയിലെടുത്തത്.
2016 ലെ പൗരത്വ ബില്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ബിജെപി എംപി രാജേന്ദ്ര അഗര്‍വാളിന്റെ നേതൃത്വത്തിലുള്ള 16 അംഗ പാര്‍ലമെന്ററി സമിതി സംസ്ഥാനത്തെത്താനിരിക്കേയാണ് വിവിധ ഭാഗങ്ങളില്‍ ഇത്തരത്തിലുള്ള ബാനറുകള്‍ പ്രത്യക്ഷപ്പെട്ടത്. സംസ്ഥാനത്ത് ഐഎസ് സാന്നിധ്യമുണ്ടെന്ന് വരുത്തിത്തീര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമത്തിന്റെ ഭാഗമായി ബിജെപിക്കാര്‍ ആസൂത്രണം ചെയ്ത പദ്ധതിയാണിതെന്നാണ് നിഗമനം.