സ്വന്തം ലേഖിക

തിരുവനന്തപുരം

December 20, 2020, 5:51 pm

കലാപമടങ്ങാതെ യുഡിഎഫ്: കോണ്‍ഗ്രസ് തിരുത്തല്‍ വരുത്തണമെന്ന് ഘടകകക്ഷികള്‍

Janayugom Online

സ്വന്തം ലേഖിക

തദ്ദേശ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തെച്ചൊല്ലി യുഡിഎഫില്‍ പൊട്ടിത്തെറി രൂക്ഷം. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ അണികളില്‍ നിന്നുമാത്രമല്ല ഘടകകക്ഷി നേതാക്കളില്‍ നിന്നും കടുത്ത വിമര്‍ശനമാണുയരുന്നത്.

പരാജയത്തെകുറിച്ച് ചർച്ച ചെ­യ്യുന്നതിന് ഇന്നലെ ചേര്‍ന്ന യുഡിഎഫ് ഏകോപന സമിതി യോഗത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ശക്തമായ വിമര്‍ശനമുയര്‍ന്നു. മുന്നണിയെ നയിക്കുന്ന കോണ്‍ഗ്രസിന് വീഴ്ച സംഭവിച്ചെന്നും യോഗത്തില്‍ ഘടകകക്ഷി നേതാക്കള്‍ കുറ്റപ്പെടുത്തി. കോണ്‍ഗ്രസിന്റേത് ദുര്‍ബലമായ സംഘടനാ സംവിധാനമാണെന്നും നേതാക്കള്‍ പറയുന്നത് അണികള്‍ കേള്‍ക്കാത്ത സ്ഥിതിയാണെന്നും കോണ്‍ഗ്രസ് തിരുത്തല്‍ വരുത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

ഇന്നലെ യുഡിഎഫ് യോഗം ആരംഭിക്കുന്നതിന് മുന്‍പ് തന്നെ മുന്നണിയില്‍ പ്രതിസന്ധി രൂക്ഷമാക്കും വിധമുള്ള പ്രസ്താവനകളും നീക്കങ്ങളും വിവിധ ഘടകകക്ഷി നേതാക്കളുടെ ഭാഗത്തു നിന്നും പരസ്യമായി ഉണ്ടായി. യുഡിഎഫ് നേതൃയോഗത്തിനു മുന്‍പ് മുസ്‌ലിം ലീഗ് നേതാക്കള്‍ യോഗം ചേര്‍ന്ന് അവരുടെ നിര്‍ദ്ദേശങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചു. കോണ്‍ഗ്രസിന്റെ വീഴ്ചയാണ് ലീഗും മുന്നോട്ട് വയ്ക്കുന്നത്. അതൃപ്തി പരസ്യമാക്കി ആര്‍എസ്‌പി നേതാക്കളും രംഗത്തുവന്നു. യുഡിഎഫ് സംവിധാനം നിര്‍ജ്ജീവമാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ തോല്‍വിക്ക് ആക്കം കൂട്ടിയെന്നും ഷിബു ബേബി ജോണ്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള ബന്ധമെന്ന നിസാര വിഷയം വലിയ വിവാദമാക്കി പ്രതികൂലമാക്കിയത് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാണെന്നും ഇത് ഒരു വ്യക്തിയുടെ പ്രശ്‌നമല്ലെന്നും സംവിധാനത്തിന്റെയാകെ പോരായ്മയാണെന്നും ഷിബു ബേബി ജോണ്‍ വിമര്‍ശിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള ബന്ധം യുഡിഎഫ് യോഗത്തിലും ചര്‍ച്ചയായി. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍, പ്രതിപക്ഷനേതാവ് രമേശ് ചെ­ന്നിത്തല എന്നിവര്‍ സ്ഥാനമൊഴിയണമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പടെയുള്ളവരില്‍ നിന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. തോൽവിയുടെ ഉത്തരവാദിത്തമേറ്റെടുത്ത നിലപാട് ആത്മാർത്ഥമായാണെങ്കിൽ മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയണമെന്ന് എം പി രാജ്മോഹൻ ഉണ്ണിത്താനും പ്രതിപക്ഷ നേതാവ് ചെന്നിത്തലയെയും മുല്ലപ്പള്ളിയെയും മാറ്റണമെന്ന് മുൻ മന്ത്രി ടി എച്ച് മുസ്തഫയും ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളിൽ കെ മുരളീധരൻ, കെ സുധാകരൻ തുടങ്ങിയവരും നേതൃത്വത്തിനെതിരെ വിമര്‍ശനമുയര്‍ത്തിയിരുന്നു. തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് പ്രതീക്ഷിച്ച വിജയം ഉണ്ടായില്ലെന്നും തെറ്റ് തിരുത്തി മുന്നോട്ടുപോകുമെന്നും ഇന്നലെ യുഡിഎഫ് യോഗത്തിനു ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിലേതു പോലെ തന്നെ കോണ്‍ഗ്രസിലെ പോസ്റ്റര്‍ യുദ്ധവും തുടരുകയാണ്. ഇന്നലെ രാവിലെ കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിലും തലസ്ഥാനത്ത് പലയിടത്തും കെ സുധാകരനെ വിളിക്കൂ, കോൺഗ്രസിനെ രക്ഷിക്കൂ എന്നെഴുതിയ പോസ്റ്ററുകളും ഫ്ലക്സുകളും പ്രത്യക്ഷപ്പെട്ടിരുന്നു.

കെ സുധാകരനെ കെപിസിസി പ്രസിഡന്റാക്കണമെന്നതാണ് യൂത്ത് കോൺഗ്രസിന്റെയും കെഎസ്‌യുവിന്റെയും പേരിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളിലെ പ്രധാന ആവശ്യം. എംഎൽഎ ഹോസ്റ്റലിന്റെ പരിസരത്തും ഇവ സ്ഥാപിച്ചിരുന്നു. കഴിഞ്ഞ ദിവസം ജില്ലാ നേതൃത്വത്തെ പുറത്താക്കണമെന്നാവശ്യപ്പെട്ടും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. കൊല്ലത്ത് ബിന്ദു കൃഷ്ണയ്ക്കെതിരെയും പോസ്റ്റര്‍ പ്രതിഷേധമുയര്‍ന്നു. ബിന്ദു കൃഷ്ണ ബിജെപിയുടെ ഏജന്റ് ആണെന്നാണ് സേവ് കോൺഗ്രസ് എന്ന പേരില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററിലെ വിമര്‍ശനം.

Eng­lish Sum­ma­ry: Clash­es in UDF; mem­bers seeks cor­rec­tion in the party

You may like this video also