Web Desk

കൊച്ചി

March 12, 2021, 5:51 pm

കോൺഗ്രസിൽ തമ്മിലടി രൂക്ഷം; കെ ബാബുവിനായി തൃപ്പൂണിത്തുറയിൽ പ്രകടനം

Janayugom Online

കോൺഗ്രസ് സ്ഥാനാർഥി പട്ടിക തയ്യാറാവുന്നത് ‚ഡെൽഹിയിലാണെങ്കിലും ചൂട് നാട്ടിലാണ് .സീറ്റുകൾ നിഷേധിക്കപെടുമെന്ന് ഉറപ്പുള്ളവർക്കായി ആളെ കൂട്ടിയുള്ള പ്രകടന ങ്ങളാണ് കോൺഗ്രസിൽ ഇപ്പോഴത്തെ ട്രെൻഡ് ‚പാലക്കാട് ഗോപിനാഥനിൽ തുടങ്ങി അവസാനം തൃപ്പൂണിത്തുറയിലാണ് കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ പ്രകടനം നടന്നത് ‚കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് യോഗത്തിന് ശേഷമായിരിക്കും പ്രഖ്യാപനം. കഴിഞ്ഞ അഞ്ചുദിവസമായി ഡല്‍ഹി കേന്ദ്രീകരിച്ചുനടന്ന സ്‌ക്രീനിങ് കമ്മിറ്റിക്കൊടുവിലാണ് സാധ്യതപട്ടിക വിലയിരുത്തി അന്തിമ സ്ഥാനാര്‍ഥി പട്ടികയിലേക്ക് കോണ്‍ഗ്രസ് എത്തിച്ചേര്‍ന്നിരിക്കുന്നത്. കെ സി ജോസഫിനും കെ ബാബുവിനും സീറ്റ് ലഭിക്കാൻ സാധ്യതയില്ലെന്നാണ് വിവരം. ഇതോടെ കെ ബാബുവിന് വേണ്ടി തൃപ്പൂണിത്തുറയിൽ പ്രകടനം നടന്നു. തൃപ്പൂണിത്തുറയിൽ മുൻ കൊച്ചി മേയർ സൗമിനി ജെയിനെ മത്സരിപ്പിക്കാൻ ധാരണയായെന്ന വാർത്തകൾ പുറത്തുവന്നതോടെയാണിത്.500 ലധികം വരുന്ന പ്രവർത്തകർ ബാബുവിനായി രംഗത്തെത്തി.

നേമത്ത് ആര് സ്ഥാനാർഥിയാകുമെന്നതിലുള്ള സസ്പെൻസ് തുടരുകയാണ്.മിടുക്കനായ സ്ഥാനാര്‍ഥി വരുമെന്ന് മുല്ലപ്പള്ളി പറയുമ്പോളും സ്ഥാനാർഥി നിര്‍ണയവുമായി ബന്ധപ്പെട്ട പേരുകളില്‍ മിനിറ്റുകൾക്കുള്ളിൽ മാറ്റം വരുന്നു . കല്പറ്റ, നിലമ്പൂര്‍ എന്നീ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ രാഹുല്‍ ഗാന്ധി തീരുമാനിക്കും. കല്പറ്റ സീറ്റ് ക്രൈസ്തവ വിഭാഗത്തില്‍ ഉളളവര്‍ക്ക് നല്‍കാനാണ് ധാരണ. ടി.സിദ്ദിഖിനെ പട്ടാമ്പി മണ്ഡലത്തിലേക്കാണ് ഇപ്പോള്‍ പരിഗണിക്കുന്നത്. ജ്യോതി വിജയകുമാറിന് സീറ്റ് ലഭിക്കാനുള്ള സാധ്യത മങ്ങി. രാഹുല്‍ ഗാന്ധിയുടെ നിലപാടായിരിക്കും ജ്യോതി വിജയുമാറിന്റെ കാര്യത്തില്‍ നിര്‍ണായകമാവുക.

കൊട്ടാരക്കരയില്‍ പി സി വിഷ്ണുനാഥ് മത്സരിക്കും. എം.ലിജു കായംകുളത്തോ അമ്പലപ്പുഴയിലോ മത്സരിക്കും. രണ്ടുതവണ തോറ്റെങ്കിലും യുവപ്രാതിനിധ്യം ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ലിജുവിനെ സ്ഥാനാര്‍ഥിയാക്കുന്നത്. ചില മണ്ഡലങ്ങളില്‍ ഒരു പേരുമാത്രമാണ് സാധ്യതാപട്ടികയില്‍ ഉളളത് കണ്ണൂര്‍-സതീശന്‍ പാച്ചേനി, ബാലുശ്ശേരി- ധര്‍മജന്‍ ബോള്‍ഗാട്ടി, തൃശ്ശൂര്‍— പത്മജ വേണുഗോപാല്‍, കോന്നി-റോബിന്‍ പീറ്റര്‍, കഴക്കൂട്ടം-എസ്.എസ്.ലാല്‍, മാനന്തവാടി-പി.കെ.ജയലക്ഷ്മി, വൈക്കം-ഡോ.പി.ആര്‍.സോന തുടങ്ങിയ പേരുകള്‍ അക്കൂട്ടത്തിലുളളതാണ്. നിലവില്‍ കെ.സി.ജോസഫ് മാത്രമാണ് സിറ്റിങ് എംഎല്‍എമാരില്‍ മത്സരിക്കാതിരിക്കുക.കെ സി ജോസഫിനെ സൗകര്യപൂർവ്വം ഉമ്മൻചാണ്ടി കയ്യൊഴിഞ്ഞു

കുന്നംകുളം സീറ്റ് സി എം പിയില്‍നിന്ന് ഏറ്റെടുക്കുമെന്നാണ് വിവരം. എന്നാല്‍ കയ്പമംഗലത്തിന്റെ കാര്യത്തില്‍ നിശ്ചയമായിട്ടില്ല. ഈ സീറ്റ് കിട്ടിയാല്‍ ശോഭാ സുബിനെയാണ് പരിഗണിക്കുക. പത്മജയെക്കൂടാതെ അന്തിമപട്ടികയിലുള്‍പ്പെട്ടിരിക്കുന്ന വനിതകള്‍ ഡോ. നിജി ജസ്റ്റിന്‍ (പുതുക്കാട്), സുബി ബാബു (മണലൂര്‍) എന്നിവരാണ്. സംവരണ സീറ്റുകളായ ചേലക്കരയില്‍ സി സി ശ്രീകുമാറും നാട്ടികയില്‍ സുനില്‍ ലാലൂരുമാണ് പരിഗണനയില്‍. ജോസ് വള്ളൂര്‍ (ഒല്ലൂര്‍), കെ. ജയശങ്കര്‍ (കുന്നംകുളം), ടി.ജെ. സനീഷ് കുമാര്‍ (ചാലക്കുടി) എന്നിവരാണ് അന്തിമപട്ടികയിലിടം നേടിയിരിക്കുന്ന മറ്റുള്ളവര്‍. കൊടുങ്ങല്ലൂരില്‍ സി.എസ്. ശ്രീനിവാസിനാണ് പ്രഥമ പരിഗണന.

ENGLISH SUMMARY:Clashes inten­si­fy in Con­gress; protest for K Babu in Tripunithura
You may also like this video