സൈനിക സ്‌കൂളിന്‍റെ ശുചിമുറിയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി മരിച്ച നിലയില്‍

Web Desk
Posted on June 25, 2018, 6:07 pm

ബെംഗളൂരു: കര്‍ണ്ണാടകയിലെ കുടകില്‍ സൈനിക സ്‌കൂളിന്‍റെ ശുചിമുറിയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. ശനിയാഴ്ചയാണ് സംഭവം. ശുചിമുറിയില്‍ ബോധരഹിതനായി കണ്ടെത്തിയതിനെ തുടര്‍ന്ന് കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ പൊലീസ് കൊലപാതക കേസ്  രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്‌കൂളിന്‍റെ വൈസ് പ്രിന്‍സിപ്പലും നാല് അധ്യാപകരും പൊലീസ് നിരീക്ഷണത്തിലാണ്.

കുറച്ചു ദിവസം മുന്‍പ് മകനെ സ്‌കൂളിലെ ചില അധ്യാപകര്‍ മാനസികമായി പീഡിപ്പിച്ചതായി സ്‌കൂളിലെ ഹോക്കി ടീം പരിശീലകന്‍ കൂടിയായ കുട്ടിയുടെ പിതാവ് പൊലീസിനെ അറിയിച്ചു. ഇക്കാര്യത്തെപ്പറ്റി വൈസ് പ്രിന്‍സിപ്പലിന് പരാതി നല്‍കിയിരുന്നുവെന്നും എന്നാല്‍ പരാതി അവഗണിക്കുകയായിരുന്നുവെന്നും പിതാവ് വ്യക്തമാക്കി.

എന്നാല്‍ അച്ചടക്കമില്ലായ്മയ്ക്ക് സ്‌കൂളിലെ ഒരു അധ്യാപകന്‍ കുട്ടിക്ക് കൗണ്‍സിലിങ് നല്‍കുക മാത്രമാണ് ചെയ്തതെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്.