Web Desk

മുംബൈ/ ന്യൂഡല്‍ഹി

August 01, 2021, 9:53 pm

സഹപാഠി പ്രണയാഭ്യര്‍ത്ഥന നിരസിച്ചതില്‍ മനംനൊന്ത 19 കാരന്‍ വീഡിയോ ചാറ്റിലെത്തിയ ശേഷം തൂങ്ങിമരിച്ചു

ഒരു വര്‍ഷത്തിനിടെ ആത്മഹത്യ ചെയ്തത് 24,000ത്തിലധികം കുട്ടികള്‍
Janayugom Online

പെണ്‍കുട്ടി പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെത്തുടര്‍ന്ന് മനംനൊന്ത 19 കാരനായ കോളജ് വിദ്യാര്‍ത്ഥി വീഡിയോ ചാറ്റിലെത്തിയ ശേഷം തൂങ്ങിമരിച്ചു. മഹാരാഷ്ട്രയിലെ കുര്‍ളയിലാണ് സംഭവം. സംഭവസമയത്ത് യുവാവിന്റെ അമ്മ വീട്ടിലുണ്ടായിരുന്നില്ല. തുടരെത്തുടരെ ഫോണ്‍ വിളിച്ചിട്ടും കോള്‍ എടുക്കാത്തതിനാല്‍ സംശയം തോന്നിയ മാതാവ് അയല്‍ക്കാരോട് മകനെ നോക്കാന്‍ ആവശ്യപ്പെട്ടു. വീട്ടിലെത്തിയ അയല്‍ക്കാര്‍ ബെല്‍റ്റില്‍ തൂങ്ങിയ നിലയില്‍ യുവാവിനെ കണ്ടെത്തുകയായിരുന്നു.

സഹപാഠിയായ പെണ്‍കുട്ടി പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെത്തുടര്‍ന്നാണ് ആത്മഹത്യ ചെയ്തതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അതിനിടെ വിവിധങ്ങളായ കാരണങ്ങളുടെ പേരില്‍ സ്വയം ജീവിതം അവസാനിപ്പിക്കുന്നവരുടെ എണ്ണത്തില്‍ കുട്ടികളും പിറകിലല്ലെന്ന് കണക്കുകള്‍ വെളിപ്പെടുത്തുന്നു. 2017 മുതല്‍ 2019 വരെയുള്ള മൂന്നു വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് ആത്മഹത്യ ചെയ്തത് 24,000ത്തിലധികം കുട്ടികളാണ്. പരീക്ഷയിലെ തോല്‍വിയെത്തുടര്‍ന്നും പ്രണയഭംഗം കാരണവും അസുഖങ്ങളില്‍ മനംമടുത്തുമെല്ലാമാണ് 14 മുതല്‍ 18 വയസുവരെയുള്ള കുട്ടികള്‍ ജീവനൊടുക്കാന്‍ തീരുമാനിക്കുന്നതെന്നാണ് നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യുറോ(എന്‍സിആര്‍ബി)യുടെ കണക്കുകള്‍. 13,325 പെണ്‍കുട്ടികളുള്‍പ്പെടെ 2017 മുതല്‍ 2019 വരെയുള്ള കാലയളവില്‍ ജീവനൊടുക്കിയത് 24,568 കുട്ടികളാണെന്നാണ് എന്‍സിആര്‍ബിയുടെ കണക്കുകളെ ഉദ്ധരിച്ച് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റിനെ അറിയിച്ചത്. 2017ല്‍ 8029 കുട്ടികളും 2018ല്‍ 8162 കുട്ടികളും 2019ല്‍ 8377 കുട്ടികളുമാണ് ആത്മഹത്യ തെരഞ്ഞെടുത്തത്.

മധ്യപ്രദേശിലാണ് ഏറ്റവും കൂടുതല്‍ കുട്ടികളുടെ ആത്മഹത്യകള്‍ നടന്നിരിക്കുന്നത്, 3,115. പശ്ചിമബംഗാളില്‍ 2,802 പേരും മഹാരാഷ്ട്രയില്‍ 2,527 പേരും തമിഴ്‌നാട്ടില്‍ 2,035 പേരും ചെറിയ പ്രായത്തില്‍തന്നെ ജീവനൊടുക്കി. പരീക്ഷയിലെ തോല്‍വിയെത്തുടര്‍ന്ന് മരണത്തില്‍ അഭയം തേടിയവരാണ് കൂടുതലും. 4,046 കുട്ടികളാണ് ഇക്കാരണത്താല്‍ ആത്മഹത്യ ചെയ്തത്. പ്രണയവുമായി ബന്ധപ്പെട്ട വിഷയങ്ങളുടെ പേരില്‍ 3,315 പേരും അസുഖങ്ങളുടെ പേരില്‍ 2,567 പേരും ജീവനൊടുക്കി. വിവാഹവുമായി ബന്ധപ്പെട്ട വിഷയങ്ങളുടെ പേരില്‍ ആത്മഹത്യ ചെയ്തവരുടെ എണ്ണം 411 പെണ്‍കുട്ടികളുള്‍പ്പെടെ 639 ആണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ശാരീരികപീഡനങ്ങളെത്തുടര്‍ന്ന് 81 കുട്ടികള്‍ ആത്മഹത്യ ചെയ്തുവെന്നും എന്‍സിആര്‍ബി റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. പ്രിയപ്പെട്ടവരുടെ മരണം, മയക്കുമരുന്നിന്റെയും മദ്യത്തിന്റെയും ഉപയോഗം, ഗര്‍ഭധാരണം, ദാരിദ്ര്യം തുടങ്ങിയവ മൂലവും കുട്ടികള്‍ ആത്മഹത്യ ചെയ്യുന്നുവെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്.

കോവിഡ് രോഗവ്യാപനത്തെത്തുടര്‍ന്നുള്ള സാഹചര്യത്തില്‍, ഈ എണ്ണം കൂടുതല്‍ വര്‍ധിക്കാനുള്ള സാധ്യത ആരോഗ്യരംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരം പ്രതിസന്ധികളെയും പ്രശ്നങ്ങളെയും തരണം ചെയ്യാനുള്ള പരിശീലനം പാഠ്യപദ്ധതിയുടെ ഭാഗമായി നല്‍കുകയും മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍ പൊതു ആരോഗ്യസംവിധാനങ്ങളുടെ ഭാഗമായി കൂടുതലായി ആവിഷ്കരിച്ച് നടപ്പിലാക്കുകയും ചെയ്യേണ്ടതുണ്ടെന്നും അവര്‍ ആവശ്യപ്പെടുന്നു.

Eng­lish Sum­ma­ry: Class­mate rejects love pro­pos­al: Dis­grun­tled 19-year-old hangs him­self after video chat

You may like this video also