സുപ്രീം കോടതി ഒരു അപൂര്‍വ സംഗമത്തിന് വേദിയാകും

Web Desk
Posted on September 20, 2019, 10:50 pm

ന്യൂഡല്‍ഹി: ഒരേ കോളജില്‍നിന്ന് ഒരേവര്‍ഷം നിയമബിരുദം പൂര്‍ത്തിയാക്കിയ നാലുപേര്‍. അവരില്‍ രണ്ടുപേര്‍ സുപ്രീം കോടതിയിലെ സിറ്റിങ് ജഡ്ജിമാര്‍. ഇനിയുള്ള രണ്ടുപേരാകട്ടെ നിയുക്ത സുപ്രീം കോടതി ജഡ്ജിമാരും. ഈ രണ്ടുപേര്‍ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യുന്നതോടെ ഒരു അപൂര്‍വ സംഗമത്തിന് വേദിയാവുകയാണ് ഇന്ത്യയുടെ പരമോന്നത നീതിപീഠം.

നിയുക്ത ജസ്റ്റിസുമാരായ ഹൃഷികേശ് റോയി, എസ് രവീന്ദ്ര ഭട്ട്, സിറ്റിങ് ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, സഞ്ജയ് കെ കൗള്‍ എന്നിവര്‍ 1982 ല്‍ ഡല്‍ഹി സര്‍വകലാശാലയിലെ ക്യാമ്പസ് ലോ സെന്ററില്‍നിന്ന് നിയമബിരുദം കരസ്ഥമാക്കിയവരാണ്. ക്ലാസ് മുറിയിലെ ബെഞ്ചില്‍നിന്ന് സുപ്രീം കോടതിയിലെ ബെഞ്ചിലേക്ക് എത്തിയിരിക്കുകയാണ് ഇവര്‍.

ജസ്റ്റിസ് ചന്ദ്രചൂഡാണ് ഇവരില്‍ ആദ്യം സുപ്രീം കോടതിയിലെത്തിയത്. 2016 മേയിലാണ് അദ്ദേഹം സുപ്രീം കോടതി ജഡ്ജിയായി ഉയര്‍ത്തപ്പെട്ടത്. സഞ്ജയ് കൗള്‍ 2017ല്‍ സുപ്രീം കോടതിയിലെത്തി. ഇക്കഴിഞ്ഞ ദിവസമാണ് ഹൃഷികേശ് റോയിയെയും രവീന്ദ്രഭട്ടിനെയും സുപ്രീം കോടതി ജസ്റ്റിസുമാരാക്കി ഉയര്‍ത്തിക്കൊണ്ടുള്ള പ്രസിഡന്റിന്റെ ഉത്തരവ് പുറത്തുവന്നത്. ഹൃഷികേശ് റോയി കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

you may like this video also