ക്ലാസുമുറികള്‍ വലുതാവുന്നു

Web Desk
Posted on July 06, 2018, 10:31 pm
p a vasudevan

ചില ചെറിയ സംഭവങ്ങള്‍ വലിയ കാര്യങ്ങളാവുന്നു എന്നും, പൊട്ടിത്തെറി വാര്‍ത്തകളും അശുഭകഥകളും മാത്രം വായിച്ചുശീലിച്ച പൊതുമണ്ഡലത്തിന് ചില ചെറിയ നല്ല വാര്‍ത്തകള്‍ നല്‍കുന്നത് വലിയ ആശ്വാസമാവും. അത്തരം വാര്‍ത്തകള്‍ കുറവാണെങ്കിലും ഉള്ളത് മനഃസുഖം തരുന്നതും പ്രതീക്ഷാനിര്‍ഭരവുമാണ്. അങ്ങനെ അല്ലറചില്ലറ ആശ്വാസങ്ങള്‍ പല സ്ഥലത്തുനിന്നും എത്തുന്നുണ്ട്. ഈയിടെ ഉണ്ടായ ചില സംഭവങ്ങള്‍ ഇങ്ങനെ പറയാന്‍ പ്രേരിപ്പിക്കുന്നു.
ഗവണ്‍മെന്റ് വിക്‌ടോറിയ കോളജിലെ (പാലക്കാട്) ധനശാസ്ത്രവിദ്യാര്‍ഥികളാണ് നന്മയുടെ വാര്‍ത്തയില്‍, അവിടെ ഏറെക്കാലം ഇതേ വകുപ്പില്‍ അധ്യാപകനായിരുന്ന എന്നെ മുക്കിയത്. അവിടത്തെ ധനശാസ്ത്രവിദ്യാര്‍ഥികള്‍ കരാര്‍പ്രകാരം പാടത്ത് കൃഷിക്കിറങ്ങി. കോളജുകുമാരിമാരും, കുമാരന്മാരുമെന്ന പഴയ പേര് മാറ്റി, പാടത്തെ പണിക്കാരായി. കൃഷിധനശാസ്ത്രവും, ഇന്ത്യന്‍ ധനശാസ്ത്രവുമൊക്കെ പാഠപുസ്തകത്തില്‍ നിന്നു മാത്രം പഠിച്ച അവര്‍ കൃഷിയിലേക്കിറങ്ങി. ഉല്‍പാദനത്തിന്റെ ഭാഗമാവുക എന്നത് വിദ്യര്‍ഥികള്‍ക്ക് നല്ല പാഠമാണ്. ക്യാമ്പസിലേയ്ക്ക് കയറിയാല്‍ ഒരു ഉപകാരവുമില്ലാതെ വൈകുന്നേരമാക്കുക എന്നര്‍ഥം എന്നു ധരിച്ചവരില്‍ നിന്ന് വ്യത്യസ്തരായി ഇവരും ഇവരുടെ അധ്യാപകരും പാടത്തിറങ്ങി. നാല്‍പത് ക്യാമറകള്‍ക്ക് മുമ്പില്‍ നിന്ന് ചെടി നടുകയും പൊലീസുകാരന്‍ കൊടുക്കുന്ന ക്യാനില്‍ നിന്ന് ഒരിറ്റുജലം വീഴ്ത്തുകയും ചെയ്യുന്ന മന്ത്രിമാരെപോലെയല്ല കുട്ടികളും അധ്യാപകരും വയലിനെ അറിയാന്‍ തീരുമാനിച്ചത് ഒന്നാന്തരം ഒരു പരിവര്‍ത്തനാരംഭമായി എനിക്ക് തോന്നി.
നടുന്നത് മുതല്‍, വിളവെടുക്കുന്നതുവരെ നിതാന്ത ശ്രദ്ധയോടെ, ഈ ബിരുദവിദ്യാര്‍ഥികളും അധ്യാപകരും കൃഷിസ്ഥലത്ത് എത്തുമെന്നാണവരുടെ തീരുമാനം. ഈ ധനശാസ്ത്രവകുപ്പില്‍ ദീര്‍ഘകാലം ജോലി ചെയ്ത എനിക്ക് എന്റെ പിന്‍വിദ്യാര്‍ഥി തലമുറ പാടത്തിറങ്ങാന്‍ തീരുമാനിച്ചത് ഞാന്‍ പഠിച്ച വിദ്യ ഏതു പാഠത്തെക്കാളും ഹൃദ്യമായി തോന്നി. മാത്രവുമല്ല അവിടത്തെ ഇപ്പോഴത്തെ അസിസ്റ്റന്റ് പ്രൊഫസര്‍മാര്‍ ഏതാണ്ടെല്ലാവരും എന്റെ ശിഷ്യന്മാരും ശിഷ്യകളുമാണ്. ഞാന്‍ പഠിച്ചത് വെറുതെയായില്ല എന്ന തോന്നലുണ്ടാക്കിയ അഭിമാനം വലുതായിരുന്നു. ഇവിടെ ഉദിച്ചുവരുന്ന കാര്യം വിദ്യാര്‍ഥികളും അധ്യാപകരും ‘ഈഗോ‘യുടെ താഴുപൊട്ടിച്ച് ജീവിത യാഥാര്‍ഥ്യങ്ങളുടെ അവസരങ്ങളെ കയ്യേറ്റു എന്നതാണ്. പഠിക്കുക എന്നാല്‍ അനുഭവിച്ചറിയലാണ്. നടുന്ന ഓരോ ഞാറിലും ഒരു പാഠമുണ്ട്.
വൈകാതെ തന്നെ കൊടുവായൂരിലെ കുറേ കുട്ടികളും അധ്യാപകരും പാടത്ത് കൃഷി തുടങ്ങി അത് പരിപാലിക്കുന്നു എന്ന വാര്‍ത്ത വന്നു. നന്മ പരിമിതപ്പെടാനുള്ളതല്ല, പരക്കാനുള്ളതാണ്. കുട്ടികള്‍ വകതിരിവോടെ എല്ലാം ഏറ്റുപിടിക്കുന്നു. ക്ലാസുമുറി പഠനങ്ങളുടെ പരിമിതികളും പരാധീനതകളും മുരടിപ്പുമൊക്കെ മറികടക്കാന്‍ ക്ലാസുമുറികളെ പുറത്തേയ്‌ക്കെടുക്കുക എന്നതാണ് പ്രതിവിധി. ഒമ്പതര മുതല്‍ നാലര വരെ അടച്ചിട്ട് ശിക്ഷണം നല്‍കേണ്ട കിളികളല്ല കുട്ടികള്‍. അവരുടെ പാട്ടുകള്‍ നൈസര്‍ഗികമാവുക, തുറന്ന ആകാശത്തിനു താഴെയും താഴ്‌വാരങ്ങളുടെ ഹൃദ്യതയിലുമാണ്. ഈ അനുഭവം ‘കോളജുകുമാരന്മാ‘രെന്ന ചീത്തപ്പേരു മാറ്റി അവരെ ഉത്തരവാദിത്തമുള്ള പൗരന്മാരാക്കുന്നു. ഒരു പാഠത്തിനും നല്‍കാനാവാത്ത ‘റീച്ച്’ ആണത്.
വിദ്യാഭ്യാസത്തെ മെച്ചപ്പെടുത്താന്‍ സിലബസിനുമേല്‍ അടയിരുന്നിട്ട് കാര്യമില്ല. എല്ലാ സാമൂഹിക ശാസ്ത്രങ്ങളിലും സമൂഹവുമായി ഒരു ഓറിയന്റേഷന്‍ നല്‍കണം. എന്റെ ഒരു ചെറിയ അനുഭവം ഇവിടെ പങ്കുവയ്ക്കുന്നത് അപ്രസക്തമാവില്ല. മധുരയിലെ പ്രസിദ്ധമായ ഗാന്ധിഗ്രാം റൂറല്‍ യൂണിവേഴ്‌സിറ്റിയിലാണ് ബിരുദപഠനകാലം കഴിച്ചത്. അവിടെ, യൂണിവേഴ്‌സിറ്റിക്ക് പുറത്തുള്ള ഗ്രാമങ്ങളിലേക്ക് കുട്ടികളുടെ നിരീക്ഷണ പഠനസംഘം നിര്‍ബന്ധമായും പോകേണ്ടതുണ്ടായിരുന്നു. സംഘങ്ങളായി തിരിച്ച്, ഓരോ അധ്യാപകന്റെ കീഴില്‍ കുട്ടികള്‍ (അതില്‍ വിദേശ സര്‍വകലാശാലകളില്‍ നിന്ന് എക്‌സ്‌ചേഞ്ച് പദ്ധതി പ്രകാരം വന്ന കുട്ടികളുമുണ്ടായിരുന്നു) ഗ്രാമങ്ങളിലെത്തും. അവിടത്തെ ഗ്രാമവാസികളുടെ പ്രശ്‌നങ്ങള്‍ പഠിച്ച് നോട്ടെഴുതിക്കൊണ്ടുവന്ന് സര്‍വകലാശാലയിലെ കമ്യൂണിറ്റി ഡവലപ്‌മെന്റ് വിഭാഗം തലവന് സമര്‍പ്പിക്കും. അവരത് പഠിച്ച് റിപ്പോര്‍ട്ട് രൂപത്തിലാക്കി പ്രസിദ്ധം ചെയ്ത് ബന്ധപ്പെട്ട ഭരണവകുപ്പുകള്‍ക്കു അയക്കും. ഭാവിവികസന രൂപരേഖ മേല്‍ത്തലത്തില്‍ രൂപപ്പെടുന്നത് ഈ താഴ്ത്തല പഠനത്തിന്റെ ആധാരത്തിലും കൂടിയായിരുന്നു.
എല്ലാ വര്‍ഷവും ഒരാഴ്ച യൂണിവേഴ്‌സിറ്റി അടച്ചിടും. ക്യാമ്പസിലെ സകലരും മുന്‍കൂട്ടി തീരുമാനിച്ച പ്രകാരം യൂണിവേഴ്‌സിറ്റിയെ പൊതിഞ്ഞു നില്‍ക്കുന്ന ഗ്രാമങ്ങളിലെത്തി ഈ ഗ്രാമങ്ങളില്‍ ഉള്ള സൗകര്യങ്ങളില്‍ താമസിക്കും. അവരോടൊപ്പം ചേരും. അവരുടെ ഭാഷ പറയും. അവിടത്തെ ഭക്ഷണം കഴിക്കും. സമൃദ്ധമായ വേപ്പുമരങ്ങള്‍ക്ക് ചോട്ടിലിരുന്ന് അവരവരുടെ നാട്ടിലെ കഥ ആ നിഷ്‌കളങ്കരായ ഊരുവാസികളോട് പറയും. ഞങ്ങളുടെ പഠിത്തം വല്ലാത്ത ഒരു സമൃദ്ധി അനുഭവിച്ച സമയമായിരുന്നു അത്.
‘യൂനിവേഴ്‌സിറ്റി അറ്റ് വില്ലേജ് ഡോര്‍ സ്റ്റെപ്’ എന്ന ആ പരിപാടി അരനൂറ്റാണ്ടുകള്‍ക്കിപ്പുറത്തും എന്റെ ഏറ്റവും നല്ല പഠനമായി എനിക്ക് തോന്നുന്നു. എന്റെ അധ്യാപനകാലത്ത് കുട്ടികള്‍ക്ക് ഇതിലൊരംശം പോലും നല്‍കാന്‍ കഴിഞ്ഞില്ലല്ലോ എന്ന മനസ്ഥാപമുണ്ട്.
ഗാന്ധിജി തന്റെ വിദ്യാഭ്യാസ സങ്കല്‍പങ്ങള്‍ക്ക് രൂപം നല്‍കിയപ്പോള്‍ ഏറ്റവും പ്രധാനമായി ഊന്നല്‍ നല്‍കിയത് പ്രാദേശിക വിഭവങ്ങളുമായി, അറിവിനെയും അധ്വാനത്തെയും ബന്ധിപ്പിക്കലിലായിരുന്നു. മനുഷ്യന്റെ നൈസര്‍ഗികതയുടെ വികാസ‑പരിണാമങ്ങള്‍ക്കാണ് വിദ്യാഭ്യാസം. അത് നേടേണ്ടത് പ്രാദേശിക സാഹചര്യങ്ങളുടെ വികാസത്തിലൂടെയുമാണ്. പ്രയോഗത്തില്‍ ഊഷരമാവുന്ന അറിവ് ചത്ത അറിവാണ്. അതുകൊണ്ട് പാഠപുസ്തകങ്ങളുടെ ഓറിയന്റേഷനും പുറത്തുള്ള സമൂഹത്തിനുവേണ്ട അറിവിന്റെ നിര്‍മിതിക്കനുസരിച്ചാവണം. അപ്പോള്‍ നമുക്ക് വിദ്യാര്‍ഥികളെ ക്ലാസുമുറികള്‍ക്ക് പുറത്തേയ്ക്കും പാഠപുസ്‌കങ്ങള്‍ക്കപ്പുറത്തേക്കും കൊണ്ടുവരേണ്ടി വരും. അവസരങ്ങള്‍ വന്നാല്‍ അവര്‍ തയാറാവും.
പുറംലോകത്തിന്റെ ആവശ്യങ്ങളും സാധ്യതകളും അത് നിറവേറ്റുന്നതില്‍ യുവത്വത്തിന്റെ പങ്കും വിദ്യാര്‍ഥികള്‍ അറിയണം. സമൃദ്ധമായൊരു സമ്പത്താണവര്‍. അറിവ്, യുവത്വം, ശേഷി ഇതെല്ലാമുള്ള ഒരു വന്‍ സഞ്ചയം വെറുതെ പ്രഭാഷണങ്ങള്‍ കേട്ടും അലഞ്ഞുതിരിഞ്ഞും സമയം കളയരുത്. അതിനുള്ള കളമൊരുക്കലാണ് കോളജുകള്‍ ചെയ്യേണ്ടത്. അതിനിടയില്‍ സംവാദങ്ങളും സൈദ്ധാന്തിക ചര്‍ച്ചകളും വേണം. പണിചെയ്യാന്‍ പഠിക്കണം, പണി ചെയ്തും പഠിക്കണം.
അതിനിടയില്‍ കുറേക്കൂടി നല്ല ചില വാര്‍ത്തകള്‍ കേട്ടു. നഗരത്തിലെ ചില കാറ്ററിങ് സ്ഥാപനങ്ങളില്‍ സദ്യയ്ക്ക് വിളമ്പാന്‍ പോകുന്ന കോളജ് കുട്ടികളെക്കുറിച്ചായിരുന്നു അത്. വൈകുന്നേരങ്ങളിലെ പാര്‍ട്ടികളില്‍ യൂണിഫോമിട്ട് വിളമ്പാന്‍ നില്‍ക്കുന്ന അവര്‍ ആറു മുതല്‍ ഒമ്പതാവുമ്പോഴേക്കും അഞ്ഞൂറും അതിലധികവും സമ്പാദിച്ചിരിക്കും. അച്ചടക്കവും വരുമാനവും ഒരുമിച്ച്. ഇതില്‍ പെണ്‍കുട്ടികളും ധാരാളമുണ്ടെന്നറിഞ്ഞു. പടിഞ്ഞാറന്‍ നാടുകളിലൊക്കെ ‘ഏണ്‍ ആന്റ് ലേണ്‍’ ഒരു സാധാരണ സംഭവമാണ്.
ഇനിയുമുണ്ട് നിറയെ സന്ദര്‍ഭങ്ങള്‍. കോളജുകളില്‍ ഇത്തരം അവസരങ്ങളെക്കുറിച്ച് അറിവു നല്‍കണം. അവര്‍ ഒന്നിച്ച് പുറത്തിറങ്ങി, ആഹ്ലാദിച്ച്, പഠിച്ച്, സമ്പാദിക്കട്ടെ.
അതിലും നല്ല വിദ്യയേതുണ്ട്.