ഈ സര്‍വകലാശാലയില്‍ അഡ്മിഷന്‍ വേണോ? മദ്യമുള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ ഉപയോഗിക്കില്ലെന്ന് സത്യവാങ്മൂലം നല്‍കണം

Web Desk

മലപ്പുറം

Posted on March 02, 2020, 3:07 pm

ലഹരിവസ്തുക്കള്‍ ഉപയോഗിക്കില്ലെന്ന് വിദ്യാര്‍ഥികളും രക്ഷിതാക്കളും സത്യവാങ്മൂലം നല്‍കിയാല്‍ മാത്രമേ പ്രവേശനം അനുവദിക്കേണ്ടതുള്ളൂ എന്ന സര്‍ക്കുലറുമായി കാലിക്കറ്റ് സര്‍വകലാശാല. ഫെബ്രുവരി 27നാണ് വിചിത്രമായ സര്‍ക്കുലര്‍ കാലിക്കറ്റ് സര്‍വകലാശാല പുറത്തിറക്കിയിരിക്കുന്നത്. എന്നാല്‍ സര്‍ക്കുലര്‍ വിവാദമായ സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ക്ക് മാത്രമേ ഈ ഉത്തരവ് ബാധകമാകൂ എന്ന് സര്‍വകലാശാല അറിയിച്ചു.

പുതിയ സര്‍ക്കുലര്‍ പ്രകാരം ഇനി സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന എയ്ഡഡ് കോളേജുകളിലും സ്വാശ്രയ കോളേജുകളിലും പ്രവേശനം ലഭിക്കണമെങ്കില്‍ ഒരു തരത്തിലുമുള്ള ലഹരിയും ഉപയോഗിക്കുന്നില്ല എന്ന് വിദ്യാര്‍ത്ഥികള്‍ സത്യവാങ്മൂലം നല്‍കണം. 2020–21 അധ്യയനവര്‍ഷം മുതല്‍ സര്‍ക്കുലറിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം നല്‍കേണ്ടത് എന്ന നിര്‍ദേശമാണ് ഉള്ളത്.

ലഹരി വിരുദ്ധ കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരമാണ് ഇത്തരമൊരു സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷമായിരുന്നു ലഹരി വിരുദ്ധ സമിതി യോഗം ചേര്‍ന്ന് ഇങ്ങനെയൊരു തീരുമാനം എടുക്കുന്നത്. ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് വിദ്യാര്‍ഥി ക്ഷേമവിഭാഗം ഡീന്‍ ഇത്തരത്തിലുള്ള ഒരു സര്‍ക്കുലര്‍ എല്ലാ കോളേജുകളിലേയും പ്രിന്‍സിപ്പല്‍മാര്‍ക്ക് ഇമെയില്‍ ചെയ്തത്.

കഴിഞ്ഞ വര്‍ഷം ജനുവരി ഒന്നിന് ചേര്‍ന്ന ലഹരി വിരുദ്ധ സമിതി യോഗത്തിന്റെ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ സര്‍വകലാശാലയില്‍ ഉത്തരവായിട്ടുണ്ട്. യോഗത്തിലെ മൂന്നാമത്തെ ശുപാര്‍ശയായ യൂണിവേഴ്‌സിറ്റി/അഫിലിയേറ്റഡ് കോളേജ് അഡ്മിഷന്‍ വേളയില്‍ ‘ലഹരി വസ്തുക്കളുടെ ഉപഭോഗമോ, വിനിമയമോ ആയി ബന്ധപ്പെട്ട പ്രവൃത്തികളില്‍ ഏര്‍പ്പെടില്ലെന്നും അത്തരം പ്രവൃത്തികള്‍ക്കുള്ള ശിക്ഷ മുന്നറിയിപ്പില്ലാതെ സ്വീകരിക്കുമെന്നും അറിയിക്കുന്നു.’ എന്ന സത്യവാങ്മൂലമാണ് എല്ലാ വിദ്യാര്‍ഥികളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും വാങ്ങാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. നിര്‍ദേശം എല്ലാ വകുപ്പ് മേധാവികളും അഫിലിയേറ്റഡ് കോളേജ് പ്രിന്‍സിപ്പല്‍മാരും കര്‍ശനമായി പാലിക്കണമെന്ന് സര്‍ക്കുലറില്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

Eng­lish Sum­ma­ry: cli­cut uni­ver­si­ty cir­cu­lar for admis­sion

You may also like this video