Janayugom Online
cHEERA

കാലാവസ്ഥ വ്യതിയാനം; ചീരയില്‍ ഇലപ്പുള്ളി രോഗം വ്യാപിക്കുന്നു കര്‍ഷകര്‍ക്ക് ലക്ഷങ്ങളുടെ നഷ്ടം

Web Desk
Posted on January 14, 2019, 7:19 pm

ആലപ്പുഴ: ചീരകര്‍ഷകരെ പ്രതിസന്ധിയിലാക്കി കൃഷിയിടങ്ങളില്‍ ഇലപ്പുള്ളി രോഗം വ്യാപിക്കുന്നു. കാലാവസ്ഥ വ്യതിയാനമാണ് ഇതിന്റെ പ്രധാന കാരണം. പ്രധാനമായും കഞ്ഞിക്കുഴി, മുഹമ്മ, മാരാരിക്കുളം, ചേര്‍ത്തല തെക്ക്, കടക്കരപ്പള്ളി, പള്ളിപ്പുറം ഭാഗങ്ങളിലാണ് രോഗം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിളവടുക്കാറായ ചീരകളിലാണ് രോഗം കൂടുതലായും കണ്ട് വരുന്നത്. മഞ്ഞപൊട്ടുകളായി പ്രത്യക്ഷപ്പെട്ട് ഇലകള്‍ കരിഞ്ഞുണങ്ങുകയാണെന്ന് കര്‍ഷകര്‍ പറയുന്നു. ഇലകള്‍ പൂര്‍ണമായും നശിച്ച് തണ്ടോടെയുള്ള ചീര വിപണനത്തിന് യോഗ്യമല്ല. രോഗം കണ്ടെത്തിയ കൃഷിയിടങ്ങളില്‍ കര്‍ഷകര്‍ പ്രതിരോധ മരുന്നുകള്‍ ചെയ്‌തെങ്കിലും ഫലമുണ്ടാകുന്നില്ല.

ചീരകൃഷിയുടെ സീസണായതോടെ ഇതിന് ആവശ്യക്കാര്‍യേറെയുള്ള സമയത്താണ് രോഗബാധ ഉണ്ടായിരിക്കുന്നത്. വേനല്‍ക്കാല കൃഷിയുടെ ഭാഗമായി കഞ്ഞിക്കുഴിയില്‍ മാത്രം 100 ഹെക്ടര്‍ കൃഷിയിടങ്ങളിലാണ് ഇപ്രവശ്യം ചീരകൃഷി നടത്തിയത്. ചുമപ്പും വെള്ളയുമായിരുന്നു കൃഷി നടത്തിയത്. വിപണിയില്‍ ഏറെ ആവശ്യക്കാരുള്ള ചുമപ്പ് ചീരക്കായിരുന്നു കര്‍ഷകര്‍ ഏറെയും കൃഷി ചെയ്തിരുന്നത്. എന്നാല്‍ വെള്ളചീരക്ക് രോഗം ബാധിച്ചിട്ടില്ല. മറ്റുള്ള സ്ഥലങ്ങളില്‍ രോഗം കണ്ടെത്തിയതോടെ കര്‍ഷകരും ആശങ്കയിലാണ്.

കാലാവസ്ഥ വ്യതിയാനമാണ് രോഗവ്യാപനത്തിന് കാരണമെന്നാണ് കര്‍ഷകരുടെ നിഗമനം. നാടന്‍ ചീരയുടെ വില ഇപ്പോള്‍ കിലോക്ക് 100 രൂപയാണ്. രോഗം ഭയന്ന് വളര്‍ച്ച പൂര്‍ത്തിയാകുന്നതിന് മുന്‍പേ വിളവെടുക്കുകയാണ് കര്‍ഷകര്‍ രോഗം വന്ന ചീരയെ വിത്തിനുവേണ്ടി നിലനിര്‍ത്തി സംരക്ഷിക്കുകയാണ്. രോഗം വ്യാപിച്ചതോടെ ചിര വില്‍പ്പനയും നന്നേ കുറഞ്ഞിട്ടുണ്ട്. ദേശീയപാതയോരത്തെ കടകളില്‍ ഇവ വേണ്ടത്ര എത്തുന്നില്ല. മുന്‍പ് 100 കിലോവരെ ചിരവില്‍പ്പന നടക്കുന്നുണ്ടായിരുന്നു. ഇതുവഴി ഒരു ലക്ഷം രൂപയുടെ ചീര വിറ്റകര്‍ഷകരുമുണ്ട്. ചീരകൃഷിയെ പ്രതിസന്ധിയിലാക്കിയ രോഗം കര്‍ഷകര്‍ക്ക് വലിയ സാമ്പത്തിക ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. കൊച്ചിയിലെ ജൈവപച്ചക്കറി വില്‍പ്പനയിലെ പ്രധാന ഇനമായിരുന്നു ചീര. രോഗബാധ പ്രത്യക്ഷപ്പെട്ടതോടെ ഇവരുടെ ചീര സംഭരണവും താളം തെറ്റി. ആവശ്യക്കാര്‍ക്ക് ഉല്‍പ്പന്നങ്ങള്‍ എത്തിക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ് കരപ്പുറത്തെ കര്‍ഷകര്‍. ചീരയിലെ രോഗം ഏകദേശം 10 ലക്ഷം രൂപയുടെ നഷ്ടമാണ് കര്‍ഷകര്‍ക്ക് വരുത്തിയതെന്നാണ് കണക്കാക്കുന്നത്.