29 March 2024, Friday

ഇനിയെങ്കിലും ശ്രദ്ധിക്കാം ഗ്രാമ‑നഗരാസൂത്രണം

ഡോ.ഗോപകുമാര്‍ ചാലയില്‍
October 20, 2021 4:35 am

താപന കാലഘട്ടത്തിലൂടെയാണ് ലോകം കടന്നുപോകുന്നത്. കാലാവസ്ഥയിൽ ഉണ്ടായ മാറ്റത്തിന്റെ പ്രത്യക്ഷ ലക്ഷണം തന്നെ അന്തരീക്ഷ താപവർധനവാണ്. പ്രകൃതിജന്യ ഹേതുക്കളെക്കാളുപരി, മനുഷ്യരുടെ ജീവിതശൈലിയും പ്രവർത്തനങ്ങളുമാണ് താപനം എന്ന പ്രതിഭാസത്തിന്റെ തോതും തീക്ഷ്ണതയും ഏറ്റുന്നത്. ജീവിത ശൈലിയുടെ കാര്യമെടുത്താൽ ഗ്രാമീണ പശ്ചാത്തലത്തിലുള്ള ജീവിതക്രമങ്ങളെ അപേക്ഷിച്ച് ദ്രുതഗതിയിൽ വ്യാപകമാവുന്ന നഗരസംസ്കാരവും ജീവിതരീതികളും അന്തരീക്ഷ താപനമേറ്റുന്നതിൽ ചെറുതല്ലാത്ത പങ്ക് വഹിക്കുന്നു. സസ്യജാലങ്ങൾ പൊതുവെ കുറവായ അവസ്ഥ, കോൺക്രീറ്റ് നിർമ്മിതികളുടെ ബാഹുല്യം, വെള്ളം ആഴ്ന്നിറങ്ങാൻ അനുവദിക്കാത്ത തരത്തിലുള്ള റോഡ് നിർമ്മാണ രീതികൾ, സുഗമമായ വായു സഞ്ചാരമില്ലായ്മ, ജലസ്രോതസുകളുടെയും വൃക്ഷങ്ങളുടെയും കുറവ്, എളുപ്പം ചൂട് പിടിക്കുന്നവയും ചൂട് പിടിച്ച് നിർത്തുന്നവയുമായ കറുത്ത ടാർ റോഡുകളുടെ ആധിക്യം എന്നിവയെല്ലാം ചേർന്ന് നഗരപ്രദേശങ്ങളിൽ സമീപസ്ഥങ്ങളായ ഗ്രാമ പ്രദേശങ്ങളെ അപേക്ഷിച്ച് ചൂട് കൂടുതൽ അനുഭവപ്പെടുന്ന ഒരു സ്ഥിരസാഹചര്യം കൈവരുന്നു. ഈ അവസ്ഥ “ഉഷ്ണത്തുരുത്ത് പ്രഭാവം” എന്നാണ് അറിയപ്പെടുന്നത്.
നഗരപ്രദേശങ്ങളുടെ സ്ഥായീഭാവമായ ഈ പ്രഭാവത്തിന് വ്യാപക പ്രത്യാഘാത ശേഷിയുണ്ട്. നഗര വാസികളിൽ കടുത്ത ചൂടുകൊണ്ടുള്ള രോഗാവസ്ഥയും അതുമൂലമുള്ള മരണ നിരക്കും വർധിപ്പിക്കുവാൻ ഈ അവസ്ഥക്ക് സാധിക്കുന്നു. കൂടാതെ, ചൂടേറിയ അന്തരീക്ഷത്തിൽ ജോലിചെയ്യുവാനുള്ള ശേഷിയെ ദുര്‍ബലമാക്കുന്നതുവഴി ജനങ്ങളുടെ ജീവിത നിലവാരത്തിലും സമ്പദ്‌വ്യവസ്ഥയിലും തിരിച്ചടി ഏല്പിക്കുവാനും ഉഷ്ണത്തുരുത്ത് പ്രഭാവത്തിനാവും. നിലവിൽ ഉള്ള ആരോഗ്യപ്രശ്നങ്ങൾ ഈ അവസ്ഥയിൽ രൂക്ഷമാകുന്നു. മേൽ സൂചിപ്പിച്ച ഉഷ്ണത്തുരുത്ത് പ്രഭാവം മൂലം നഗരങ്ങളിലെ അന്തരീക്ഷ താപനില പൊതുവെ 40 ഡിഗ്രി സെന്റിഗ്രേഡോ അതിലേറെയോ ആയി നിലകൊള്ളുന്ന സാഹചര്യമാണ്. ആരോഗ്യപ്രശ്നങ്ങൾ ഇല്ലാത്തവർക്കുപോലും സ്ഥിരമായി ഇത്രയും ചൂടിൽ ജീവിതം ദുഃസഹമായിരിക്കും. 1983ൽ, ഇന്നത്തെ അപേക്ഷിച്ച് നഗരവല്ക്കരണം വ്യാപകമല്ലായിരുന്ന കാലത്ത് പ്രതിവർഷം ഏകദേശം 40 ബില്യൻ ജനങ്ങളാണ് നഗരവല്ക്കരണജന്യമായ അത്യുഷ്ണം മൂലം ദുരിതം അനുഭവിച്ചിരുന്നെങ്കിൽ 2016 ആയപ്പോൾ അത് മൂന്ന് ഇരട്ടി കണ്ട് വർധിച്ച് 119 ബില്യൻ ആയി ഉയർന്നു.

 


ഇത് കൂടി വായിക്കൂ: കാലാവസ്ഥാവ്യതിയാനവും ഭക്ഷ്യ സുരക്ഷയും; വേണം പുതിയ കാഴ്ചപ്പാടും ആസൂത്രണവും


 

ലോകത്തെ 13,000 നഗരപ്രദേശങ്ങൾ കേന്ദ്രീകരിച്ചുള്ള ഒരു പഠനത്തിലാണ് ഇക്കാര്യം സ്ഥിരീകരിക്കപ്പെട്ടത്. വർധിത പ്രവണതയിലുള്ള അന്തരീക്ഷ താപനത്തിന് പുറമെ നഗരങ്ങളിലേക്ക് ചേക്കേറുന്ന ജനങ്ങളുടെ എണ്ണത്തിലുണ്ടായ വർധനവും ഇത്തരം ഒരു സ്ഥിതിയിലേക്ക് നയിച്ച കാരണമാണ്. ഉപജീവനാർത്ഥമോ, നഗരങ്ങളിൽ ലഭ്യമായ പ്രത്യേക സൗകര്യങ്ങൾ കാംക്ഷിച്ചോ, സമീപദശകങ്ങളിൽ ലക്ഷക്കണക്കിന് ജനങ്ങൾ ഗ്രാമപ്രദേശങ്ങൾ വിട്ട് പട്ടണങ്ങളിലേക്ക് ചേക്കേറിയിട്ടുണ്ട്. ഭൂമധ്യരേഖയോടടുത്ത താഴ്ന്ന അക്ഷാംശമേഖലകളിലാണ് ജനസംഖ്യാപെരുപ്പം മൂലം താപന പ്രതിസന്ധി കൂടുതൽ നേരിടേണ്ടി വരുന്ന ഒട്ടുമിക്ക നഗരങ്ങളും സ്ഥിതിചെയ്യുന്നത്. എന്നാൽ, ഉയർന്ന അക്ഷാംശങ്ങളിൽ നിലകൊള്ളുന്ന മേഖലകളിലേക്കും നഗരവൽകരണം ദ്രുതഗതിയിൽ വ്യാപകമായിക്കൊണ്ടിരിക്കുന്നു. ബംഗ്ലാദേശിന്റെ തലസ്ഥാനമായ ഡാക്കയാണ് നഗരവൽകരണം മുഖേനയുള്ള രൂക്ഷ താപന പ്രതിസന്ധികൾ ഏറ്റവും കൂടുതൽ നേരിട്ടുകൊണ്ടിരിക്കുന്നത്. ഷാങ്ഹായ്, ഗ്വാങ്ഷോ (ചൈന), യങ്കൂൺ (മ്യാന്മർ), ബാങ്കോക്ക്, ദുബായ്, ഹാനോയ്, ഖാർത്തും, ബാഗ്ദാദ്, കുവൈറ്റ് സിറ്റി, ലാഗോസ്, കൊൽക്കത്ത, മുംബൈ, പാകിസ്ഥാനിലെ പല നഗരങ്ങളും സമാന പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്നവയാണ്. എന്നാൽ യൂറോപ്യൻ രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം ഏറെക്കുറെ നിയന്ത്രിത നിരക്കിലുള്ള ജനസംഖ്യാപെരുപ്പമാണുള്ളത് എന്നതിനാൽ പൊതുവെ ചൂട് കൂടുന്നതുകൊണ്ടുള്ള പ്രതിസന്ധികൾ മാത്രമാണ് നേരിടേണ്ടി വരുന്നത്.
വിവിധ നദീതടസംസ്കാരങ്ങൾ, നാഗരികതകൾ എന്നിവയെ സൂക്ഷ്മമായി അപ്രഗ്രഥനം ചെയ്യുന്നപക്ഷം ഏകദേശം 15,000 വർഷങ്ങൾക്കുള്ളിൽ സംഭവിച്ച സാംസ്കാരിക വികസനങ്ങളുടെ പ്രകൃതവും ദിശയും മനസിലാക്കാനാവും. ഉഷ്ണകാലാവസ്ഥയും നദീസാന്നിധ്യവും ഉള്ള ഇടങ്ങളാണ് പൊതുവെ പ്രാചീന സമൂഹങ്ങൾ അവരുടെ നിവാസമേഖലയായി തിരഞ്ഞെടുത്തിരുന്നത്. ചൂടും, ജലസാന്നിധ്യവും കാർഷിക സംസ്കാരത്തെ പരിപോഷിപ്പിച്ചിരിക്കാം. അത് ക്രമേണ നാഗരിക ജീവിത ശൈലിയിലേക്ക് ചുവട് മാറിയിരുന്നിരിക്കാം. നൈൽ, യൂഫ്രട്ടീസ്-ടൈഗ്രീസ്, സിന്ധു-ഗംഗ നദീതടം തുടങ്ങിയ നദീതട സംസ്കാരങ്ങളെല്ലാം ഇത്തരം സാംസ്കാരിക വികസനത്തിന് ഉത്തമ ദൃഷ്ടാന്തങ്ങളാണ് അത്തരം ഇടങ്ങളിലെല്ലാം ക്രമേണ കാർഷിക സംസ്കാരം ശോഷിക്കുകയും നാഗരിക സംസ്കാരം വ്യാപകമാവുകയും ചെയ്യുന്ന അവസ്ഥയിലെത്തി. ആദിമ കാലങ്ങളിൽ കാർഷികവൃത്തി ഉദ്ദേശിച്ച് ഭൂമധ്യരേഖയോടു ചേർന്ന താഴ്ന്ന അക്ഷാംശപ്രദേശങ്ങളിൽ രൂപം കൊണ്ട കാർഷിക സംസ്കൃതി പിന്നീട് പരിണമിച്ച് അതാത് ഇടങ്ങൾ നഗര സംസ്കൃതിയിലേക്ക് ചുവട് മാറിയതുമൂലം സ്വാഭാവികമായും മിക്കവാറും എല്ലാ മഹാ നഗരങ്ങളും ചൂട് കൂടുതൽ അനുഭവപ്പെട്ടത് താഴ്ന്ന അക്ഷാംശങ്ങളിൽ ആണ് നിലകൊള്ളുന്നത്. ആഗോള താപന പ്രതിഭാസം മൂലമുണ്ടാകുന്ന പൊതുവായ താപവർധനവിന് പുറമെ നഗരസാഹചര്യങ്ങളിലെ പ്രത്യേക സ്ഥിതിവിശേഷവും ഇത്തരം ഇടങ്ങളിൽ സ്വാഭാവികമായും താപന പ്രതിസന്ധികൾ രൂക്ഷമാക്കുന്നു.

 


ഇത് കൂടി വായിക്കൂ; കൊടുങ്കാറ്റുകളുടെ കരിനിഴലില്‍ മത്സ്യമേഖല


 

ഉയർന്ന അന്തരീക്ഷ താപത്തിനൊപ്പം ആർദ്രതയുടെ സാന്നിധ്യം കൂടിയുണ്ടാകുമ്പോഴാണ് അതിജീവനം ദുസഹമാക്കുന്ന ‘പുഴുക്കം’ എന്ന അവസ്ഥ അനുഭവവേദ്യമാകുന്നത്. ചൂടേറുമ്പോൾ ശരീരത്തിലെ ജലാംശം ബാഷ്പീകരിക്കുന്ന ‘വിയർപ്പ്’ എന്ന പ്രക്രിയയിലൂടെയാണ് മനുഷ്യശരീരത്തിന് അതിന്റെ ആന്തരിക താപനില നിയന്ത്രണ വിധേയമായി നിലനിർത്താനാവുന്നത്. അന്തരീക്ഷം ആർദ്രതപൂരിതമാവുന്ന സന്ദർഭത്തിൽ ശരീരത്തിൽ നിന്നുള്ള ബാഷ്പീകൃത ജലാംശം അന്തരീക്ഷം സ്വീകരിക്കുന്ന പ്രക്രിയ നിലയ്ക്കുന്നു. തന്മൂലം ശരീരത്തിന്റെ താപനിയന്ത്രണ ശേഷി തകരാറിലാകുകയും ശാരീരിക പ്രവർത്തനങ്ങൾ അവതാളത്തിലാകുകയും ചെയ്യുന്നു. ആർദ്രോഷ്ണമേഖലാ പ്രദേശങ്ങളിൽ സ്ഥിതിചെയ്യുന്ന പ്രദേശങ്ങളിൽ ഉയർന്ന ചൂടിനൊപ്പം ഈർപ്പസംപൂരിതമായ വായുവും കൂടി ചേരുമ്പോൾ അത് ദുസഹമായ അവസ്ഥ സൃഷ്ടിക്കും. ചൂടിനൊപ്പം ഈർപ്പത്തിന്റെ സാന്നിധ്യം കൂടി ഉണ്ടെങ്കിൽ ഫലത്തിൽ അനുഭവവേദ്യമാകുന്ന താപനില, യഥാർത്ഥത്തിൽ ഉള്ള അന്തരീക്ഷ താപനിലയെക്കാൾ കൂടുതലായിരിക്കും. ഉദാഹരണമായി, അന്തരീക്ഷതാപനില 35 ഡിഗ്രി സെന്റിഗ്രേഡും ഈർപ്പമാനം അഥവാ ആപേക്ഷിക ആർദ്രത 70 ശതമാനവുമാണെന്നിരിക്കട്ടെ. തൽസ്ഥിതിയിൽ ഫലത്തിൽ അനുഭവവേദ്യമാകുന്ന താപനില 50 ഡിഗ്രി സെന്റിഗ്രേഡിന് തുല്യമായിരിക്കും. യഥാര്‍ത്ഥത്തിലെ അന്തരീക്ഷ താപനില 32 ഡിഗ്രി സെന്റിഗ്രേഡ് മാത്രവും, എന്നാൽ ഈർപ്പമാനം 95 ശതമാനവുമാണെങ്കിൽ അനുഭവവേദ്യമാകുന്ന ചൂട് 51 ഡിഗ്രി സെന്റിഗ്രേഡ് ആയിരിക്കും. ‘പുഴുക്കം’ എന്ന് നാം പൊതുവെ പറയാറുള്ള ഈ അവസ്ഥാ വിശേഷം കേരളത്തിലെ തീരദേശ ജില്ലകളിൽ അനുഭവപ്പെടാറുണ്ട്. നദികളോട് ചേർന്നോ, സമുദ്രസാമീപ്യമുള്ള മേഖലകളിലോ സ്ഥിതി ചെയ്യുന്ന മഹാനഗരങ്ങൾ, നഗരമേഖലകളിൽ പൊതുവെ അനുഭവപ്പെടുന്ന താപനാധിക്യത്തിന് പുറമെ ഈർപ്പസാന്നിധ്യം കൊണ്ടുള്ള വീർപ്പുമുട്ടലും നേരിടേണ്ടി വരുന്നു. മഹാനഗരങ്ങളുടെ സവിശേഷ പ്രകൃതം കണക്കിലെടുത്തുകൊണ്ടുതന്നെ, അവ മാറുന്ന കാലാവസ്ഥാ സാഹചര്യങ്ങളെ എപ്രകാരം നേരിടുമെന്നത് നഗരാസൂത്രകർ കർശനമായി നിരീക്ഷിക്കേണ്ട വസ്തുതയാണ്. ഇത്തരം സാഹചര്യങ്ങളോടുള്ള താദാത്മ്യം സാധ്യമാക്കുന്ന തരത്തിൽ പോംവഴികൾ കണ്ടെത്തേണ്ടതുമാണ്.

മഹാനഗരങ്ങളുടെ സവിശേഷ പ്രകൃതം സംബന്ധിച്ചും അവ മാറുന്ന കാലാവസ്ഥാ സാഹചര്യങ്ങളെ എപ്രകാരം നേരിടുമെന്നതും നഗരാസൂത്രകർ കർശനമായി നിരീക്ഷിച്ച് കൈകാര്യം ചെയ്യണമെന്ന് സൂചിപ്പിച്ചിരുന്നു. നിലവിലുള്ള നഗരമേഖലകളെ പുനർരൂപകല്പന ചെയ്യുക എളുപ്പമല്ല; എന്നാൽ ഭാവിയിൽ നഗരമേഖലകൾ ആസൂത്രണം ചെയ്യുമ്പോൾ അവ കാലാവസ്ഥാ സൗഹൃദപരമായിരിക്കണം. ഫോസിൽ ഇന്ധനങ്ങളുടെ അമിതജ്വലനം മാത്രമല്ല നിലവിൽ നേരിട്ടുകൊണ്ടിരിക്കുന്ന താപനപ്രാമുഖ്യമുള്ള കാലാവസ്ഥാവ്യതിയാനത്തിന് രൂക്ഷതയേറ്റുന്നത്; ലോകമെമ്പാടും വ്യാപകമാവുന്ന നഗരവല്ക്കരണം പാർപ്പിടസമുച്ചയ നിർമ്മാണം, അടിസ്ഥാനസൗകര്യവികസനം എന്നിത്യാദി കാര്യങ്ങൾക്കുവേണ്ടി നടത്തിവരുന്ന വനനശീകരണവും തണ്ണീർത്തട ശോഷണവും കൂടിയാണ്. ഭാവിയിലെ നഗര ആസൂത്രണ പദ്ധതികളിൽ സുഗമമായ വായു സഞ്ചാരം ഉറപ്പാക്കുന്ന വിധത്തിലുള്ള നിർമ്മാണരീതികൾ അനുവർത്തിക്കുക, നിർമ്മിതികൾക്ക് താപ പ്രതിഫലന ശേഷി കൂടുതലുള്ള ഇളം നിറമാർന്ന ഛായം പൂശുക, പറ്റാവുന്ന ഇടങ്ങളിൽ കഴിയുന്നിടത്തോളം സസ്യജാലങ്ങൾ വച്ച് പിടിപ്പിക്കുക എന്നിവയ്ക്ക് മുൻഗണന നൽകേണ്ടതാണ്. ചൂട് തടുക്കുന്നതിൽ സസ്യങ്ങളുടെ ഇലച്ചാർത്തുകളുടെ പങ്ക് ഒരിക്കലും കുറച്ച് കാണേണ്ടതല്ല. കേരളത്തിന്റെ കാര്യമെടുത്താൽ, അതിതീവ്രമഴയാണ് പ്രളയ സാഹചര്യങ്ങൾക്ക് വഴിയൊരുക്കുന്ന ഒന്നാമത്തെ കാരണമെങ്കിൽ, രണ്ടാമത്തെ കാരണം മാറിയ ഭൂവിനിയോഗ ക്രമമാണ്. കഴിഞ്ഞ ഏതാനും ദശകങ്ങൾക്കുള്ളിൽ ഭൂവിനിയോഗത്തിൽ ഉണ്ടായ വ്യതിയാനം മൂലം, ജലസംഭരണം, ജലനിർഗമനം എന്നിവയ്ക്കുള്ള ഉപാധികൾ വലിയൊരളവിൽ ഇല്ലാതാക്കിയിരിക്കുന്നു. മുൻകാലങ്ങളിൽ സംസ്ഥാനത്തുടനീളം ഉണ്ടായിരുന്ന തോടുകൾ, കുളങ്ങൾ, നെൽവയലുകളുടെ വിസ്തൃതിയിൽ വൻ കുറവ് ഉണ്ടാവുകയും ചെയ്തിരിക്കുന്നു. 1950 കളിൽ എട്ട് ലക്ഷത്തോളം ഹെക്ടറിനടുത്ത് ഉണ്ടായിരുന്ന നെൽവയലുകളുടെ വിസ്തീർണം നിലവിൽ ഏതാണ്ട് രണ്ട് ലക്ഷം ഹെക്ടറോളമായി ചുരുങ്ങിയിരിക്കുന്നു. മഴവെള്ളത്തെ വൻ തോതിൽ സംഭരിച്ച് ഭൂഗർഭജലശേഖരത്തെ പരിപോഷിപ്പിച്ചിരുന്ന നെൽവയലുകളും മറ്റ് തണ്ണീർത്തടങ്ങളും വരൾച്ചാവേളകളിൽ ജലസ്രോതസുകൾ കൂടിയായിരുന്നു. മഴക്കാലത്തെ അധികപ്പെയ്ത്ത് ജലം ഉൾക്കൊള്ളാൻ ശേഷിയുണ്ടായിരുന്ന ഈ ജലസംഭരണികൾ വെള്ളക്കെട്ടിനെയും പ്രളയസാധ്യതകളെയും വലിയൊരളവുവരെ നിയന്ത്രിച്ചിരുന്നു. ഇവയിലൂടെ സംഭരിക്കപ്പെട്ടിരുന്ന ജലശേഖരം ഭൂമിയിൽ ഉണ്ടായിരുന്നതു കൊണ്ടാവാം അക്കാലങ്ങളിൽ വരൾച്ചാവേളകളെ കേരളത്തിന് അതിജീവിക്കാനായതും. എന്നാൽ, ഇപ്പോൾ നെൽവയലുകളും തണ്ണീർത്തടങ്ങളും കാർഷികേതര ആവശ്യങ്ങൾക്കു വേണ്ടിയോ നഗരവല്ക്കരണത്തിന് വേണ്ടിയോ നികത്തപ്പെട്ട സാഹചര്യത്തിൽ അധിക ജലത്തെ ഉൾക്കൊള്ളുവാനുള്ള സ്വാഭാവിക സംഭരണികൾ ഇല്ലാതാവുകയും അതിശക്തിയായി മഴ ലഭിക്കുന്ന സാഹചര്യങ്ങളിൽ ആദ്യപടിയായി വെള്ളക്കെട്ടിലേക്കും, പിന്നീട് ജലനിരപ്പ് ദ്രുതഗതിയിൽ ഉയർന്ന് പ്രളയസമാന സാഹചര്യങ്ങളിലേക്കും കാര്യങ്ങൾ നീങ്ങുന്നു. ജലനിർഗമനമാർഗങ്ങളുടെ അഭാവമാണ് വെള്ളക്കെട്ടിലേക്ക് വഴി തെളിയിക്കുന്ന മറ്റൊരു പ്രധാന കാരണം. തോടുകൾ, ചാലുകൾ, കനാലുകൾ എന്നിവ കേരളത്തിന്റെ നാട്ടിൻ പുറങ്ങളിൽ പ്രകൃത്യായുണ്ടായിരുന്ന ജലനിർഗമന മാർഗങ്ങളായിരുന്നു. പരസ്പര ബന്ധിതമായ തോടുകൾ, കനാലുകൾ എന്നിവയിലൂടെ പെയ്ത്ത് വെള്ളം ഏറെക്കുറെ സുഗമമായി ഒഴുകി പുഴകളിലും കായലുകളിലും അവിടെ നിന്ന് കടലിലേക്കും എത്തിച്ചേരുമായിരുന്നു.

 


ഇത് കൂടി വായിക്കൂ; നഗരവൽക്കരണവും മാറിയ ഭൂവിനിയോഗക്രമങ്ങളും: കാലാവസ്ഥാമാറ്റങ്ങൾക്ക് രൂക്ഷതയേറ്റുമോ?


 

കിഴക്കുനിന്ന് പടിഞ്ഞാറോട്ട് ചരിഞ്ഞു കിടക്കുന്ന സംസ്ഥാനത്തിന്റെ ഭൂപ്രകൃതിക്കും വെള്ളക്കെട്ട് ഇല്ലാതാക്കുന്നതിന് സുപ്രധാന പങ്കുണ്ട്, എന്നാൽ, തോടുകൾ, കനാലുകൾ തുടങ്ങിയ സ്വാഭാവിക ജലനിർഗമന മാർഗങ്ങൾ ഇപ്പോൾ ഏറെക്കുറെ നാമാവശേഷമായി ക്കഴിഞ്ഞു, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നിർമ്മിച്ച കൃത്രിമ ജലനിർഗമന മാർഗങ്ങൾ, പ്രധാന റോഡുകളുടെ പാർശ്വങ്ങളിലുള്ള നിർമ്മിതചാലുകൾ എന്നിവ കാര്യക്ഷമമായ രീതിയിൽ കൈകാര്യം ചെയ്താൽ ചുരുങ്ങിയ പക്ഷം കനത്ത മഴ പെയ്യുമ്പോഴുള്ള വെള്ളക്കെട്ടെങ്കിലും ഒഴിവാക്കാം. എന്നാൽ, ഇത്തരം ചാലുകളിൽ പ്ലാസ്റ്റിക്, തുണി, മണ്ണ്, ഗാർഹികമാലിന്യങ്ങൾ എന്നിവ അടിഞ്ഞുകൂടി ജലം സുഗമമായി ഒഴുകുവാനനുവദിക്കുന്നില്ല എന്നത് മാത്രമല്ല ഇവയിൽ നിന്നുള്ള മാലിന്യം കെട്ടികിടക്കുന്ന ജലത്തിലൂടെ പടർന്ന് ഗുരുതരമായ ജലജന്യരോഗങ്ങൾക്കും, പകർച്ചവ്യാധികൾക്കും ഇടയാക്കുന്നു. വ്യാപകമാകുന്ന നഗരവല്ക്കരണം വെള്ളക്കെട്ട് രൂക്ഷമാക്കുന്നതിലും പ്രധാന പങ്ക് വഹിക്കുന്നുണ്ട്. നഗരങ്ങളിലെ ടാറിട്ട റോഡുകൾ, കോൺക്രീറ്റ് നടപ്പാതകൾ, വീടുകൾക്ക് മുന്നിലുള്ള ടൈലുപാകിയ മുറ്റങ്ങൾ എന്നിവ ജലം ഭൂമിയിലേക്കിറങ്ങാൻ അനുവദിക്കുന്നവയല്ല. മാത്രമല്ല, നഗരങ്ങളിലെ ജല-മലിനജല നിർഗമന സംവിധാനങ്ങളുടെ കാര്യക്ഷമതയില്ലായ്മയും ജലത്തിന്റെ ഒഴുക്കിന് തടസം സൃഷ്ടിക്കുന്നു. ഇത്തരം പരിതസ്ഥിയിൽ സാധാരണ തോതിലുള്ള മഴ പെയ്താൽ പോലും കനത്ത വെള്ളക്കെട്ടും അനാരോഗ്യ സാഹചര്യങ്ങളും നഗരങ്ങൾ നേരിടേണ്ടിവരുന്നത് ഇക്കാരണത്താലാണ്. അതിതീവ്രമഴ ലഭിക്കുവാനുള്ള പ്രവണത കാലാവസ്ഥാവ്യതിയാന സാഹചര്യത്തിൽ ഏറിവരുന്നുവെന്നുള്ളത് തർക്കമറ്റ സംഗതിയാണ് എന്നിരിക്കെ, അണക്കെട്ടുകളുടെ പരിപാലനവും വലിയ ഗൗരവത്തോടെ കൈകാര്യം ചെയ്യേണ്ടുന്ന ഒന്നാണ്. കാരണം, വൃഷ്ടിപ്രദേശങ്ങളിൽ മഴ കനത്താൽ അണക്കെട്ടുകളുടെ സംഭരണ ശേഷി കഴിഞ്ഞുള്ള ജലം തീർച്ചയായും ഒഴുക്കിവിടേണ്ടിവരും. അണക്കെട്ടുകളുടെ താഴെ പുഴയോരങ്ങളിൽ താമസിക്കുന്നവരുടെ സുരക്ഷയെ ലക്ഷ്യമാക്കി അത്തരം സാഹചര്യങ്ങളിൽ ഉപയുക്തമായേക്കാവുന്ന കൃത്യമായ ‘ഫ്ളഡ് മാപ്പിങ്’ ഉണ്ടാക്കേണ്ടതും, പ്രദേശ നിവാസികളെ വിവരങ്ങൾ മുൻകൂട്ടി ധരിപ്പിക്കേണ്ടതും വളരെ ആവശ്യമാണ്. കാലവർഷമഴയുടെ പ്രകൃതം മാറിയ സാഹചര്യത്തിൽ ഇക്കാര്യം സുപ്രധാന പരിഗണനയർഹിക്കുന്നു, വനമേഖലയുടെ വിസ്തൃതി, സാന്ദ്രത എന്നിവയിലുണ്ടായ കുറവ് മണ്ണിടിച്ചിൽ, ഉരുൾ പൊട്ടൽ എന്നിവയുടെ ആവൃത്തിയും തീവ്രതയും വർധിപ്പിച്ചിട്ടുണ്ട്. സാന്ദ്രവനപ്രദേശങ്ങളിൽ നിലത്ത് അടിഞ്ഞുകൂടുന്ന മരങ്ങളുടെ ഇലകളും മറ്റ് ജൈവവസ്തുക്കളും ഒരു സ്പോഞ്ചുപോലെ വർത്തിച്ച് വെള്ളത്തെ ഭൂമിയിലേക്ക് ആഗിരണം ചെയ്യാനിടയാക്കുന്നു. മാത്രമല്ല, ഇടതൂർന്ന വനങ്ങളിലെ വൃക്ഷങ്ങളിൽ തടഞ്ഞ് താഴേക്ക് ഒഴുകുന്ന പെയ്ത്ത് വെള്ളത്തിന്റെ പ്രവാഹ ശക്തിയും കുറയുന്നു. ഇതുവഴി മണ്ണിടിച്ചിലിനുള്ള സാധ്യത കുറയുന്നു. 19-ാം നൂറ്റാണ്ടിന്റെ മധ്യത്തിൽ വനവിസ്തൃതി കേരളത്തിന്റെ വിസ്തീർണത്തിന്റെ 70 ശതമാനത്തോളമായിരുന്നു. 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലിത് 50 ശതമാനമായി. നിലവിൽ സംസ്ഥാനത്തിന്റെ ഭൂവിസ്തൃതിയുടെ 24 ശതമാനം മാത്രമായി വനമേഖല കുറഞ്ഞിരിക്കുന്നു. വനനശീകരണ പ്രവർത്തനങ്ങൾ വൻതോതിൽ നടക്കുന്ന ഇടങ്ങളിൽ ഉരുൾ പൊട്ടലിന്റെയും മണ്ണിടിച്ചിലിന്റെയും തീവ്രത കൂടുതലാണെന്ന് കാണാവുന്നതാണ്. കാലാവസ്ഥയിലെ വ്യതിയാനം പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്നു. മാറിയ കാലാവസ്ഥാ സാഹചര്യങ്ങളിൽ കടുത്ത വരൾച്ചവേളകൾ, അതി തീവ്രമഴ ലഭിക്കുന്ന മഴദിവസങ്ങൾ എന്നിവ ഇനിയും ആവർത്തിച്ചുണ്ടാവും. ഇവയെ ഒഴിവാക്കുവാൻ നമുക്കാവില്ല, എന്നാൽ, ഇവയുടെ ദുരന്ത പ്രത്യാഘാതങ്ങൾ നമുക്ക് ലഘൂകരിക്കാം; നമ്മുടെ പ്രവർത്തന ശൈലികളിൽ, വീക്ഷണങ്ങളിൽ മാറ്റം വരുത്തിയാൽ മാത്രം മതി. നഷ്ടപ്പെടുത്തിയ തണ്ണീർത്തടങ്ങളും നെൽപ്പാടങ്ങളും പുനഃസൃഷ്ടിക്കുക പ്രായേണ അസാധ്യമാണ്. എന്നാൽ, ഉള്ളവയെ സംരക്ഷിക്കുവാൻ നിയമങ്ങൾ ഉണ്ടാക്കുകയും അവയിൽ വെള്ളം ചേർക്കാതെ കൃത്യമായി നടപ്പാക്കുകയും മാത്രം മതി. കാലാവസ്ഥാ വകുപ്പിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും നിർദ്ദേശങ്ങളും അർഹിക്കുന്ന ഗൗരവത്തിൽ ഉൾക്കൊള്ളുക എന്നതാണ് മറ്റൊരു പ്രധാന കാര്യം.

 

(കാലാവസ്ഥാ ഗവേഷകനും കേരള കാർഷിക സർവകലാശാലാ കാലാവസ്ഥാവ്യതിയാന പരിസ്ഥിതി ശാസ്ത്ര കോളജിലെ
സയന്റിഫിക് ഓഫീസറുമാണ് ലേഖകന്‍)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.