കാലാവസ്ഥാ ദുരന്തത്തിന്റെ വരവ് യൂറോപ്പില്‍ നിന്ന്

Web Desk
Posted on September 10, 2019, 10:27 pm

connകോന്‍ ഹള്ളിനാന്‍

കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ച് കേള്‍ക്കുമ്പോള്‍ മിക്കവരുടെയും മനസില്‍ ആദ്യമെത്തുക ഉത്തര-ദക്ഷിണ ധ്രുവങ്ങളെക്കുറിച്ചും ഏഷ്യയിലെ അതിവേഗം നശിച്ച് കൊണ്ടിരിക്കുന്ന മഞ്ഞുമലകളെക്കുറിച്ചും ഓസ്‌ട്രേലിയയിലെ വരള്‍ച്ചയെക്കുറിച്ചും ദക്ഷിണ പൂര്‍വേഷ്യന്‍ ഉപഭൂഖണ്ഡത്തിലെ അതിവേഗം വരണ്ടു കൊണ്ടിരിക്കുന്ന ഏറ്റവും നീളമേറിയ നദിയായ മുറൈയെക്കുറിച്ചും ഒക്കെയാകാം. എന്നാല്‍ ഇതിനെ നേരിടാനും സാവകാശമുണ്ട്. യൂറോപ്പിലെ മധ്യ‑വടക്കന്‍ മേഖലകളില്‍ അധിക ജലം ഉള്ളപ്പോള്‍ ദക്ഷിണമേഖലയില്‍ ആവശ്യത്തിന് പോലും വെള്ളമില്ലെന്ന യാഥാര്‍ഥ്യം സത്വര ശ്രദ്ധ ക്ഷണിക്കുന്നു.
യൂറോപ്പിലെ വരള്‍ച്ചാ ബാധിത മേഖല 13 ശതമാനത്തില്‍ നിന്ന് 26 ശതമാനമായി വര്‍ധിച്ചു. നാലായിരം ലക്ഷം പേരെയാണ് വരള്‍ച്ച ബാധിച്ചിരിക്കുന്നത്. ദക്ഷിണ ഫ്രാന്‍സ്, ഇറ്റലി, സ്‌പെയിന്‍, പോര്‍ച്ചുഗല്‍, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളെയാകും ഇത് ഏറ്റവും അധികം ബാധിക്കുക. ഭൂമിയുടെ ചൂട് 1.5 ഡിഗ്രിയായി നിലനില്‍ക്കുകയോ മൂന്നായി ഉയരുകയോ ചെയ്യുന്നതിനെ ആശ്രയിച്ചാകും വരള്‍ച്ചയുടെ ആഘാതം. ഉത്തര-മധ്യ യൂറോപ്പില്‍ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും വര്‍ധിക്കും. പത്ത് ലക്ഷത്തിലേറെ ജനങ്ങള്‍ ഇതിന്റെ കെടുതികള്‍ നേരിടേണ്ടി വരും. കോടിക്കണക്കിന് ഡോളറുകളുടെ നാശനഷ്ടമാകും ഉണ്ടാവുക.
സമുദ്ര ജലനിരപ്പില്‍ നാല് മുതല്‍ ആറ് അടിവരെ വര്‍ധനയുണ്ടാകാം. തല്‍ഫലമായി കോപ്പന്‍ഹേഗ്, നെതര്‍ലന്‍ഡ്‌സ്, ഫ്രാന്‍സിലെയും ജര്‍മനിയിലെയും നിരവധി തുറമുഖങ്ങള്‍, ലണ്ടന്‍ എന്നിവ വെള്ളത്തിനടിയിലായേക്കാം. ഗ്രീന്‍ലന്‍ഡിലെ ഐസ്പാളികള്‍ ശരിക്കും ഉരുകിയാല്‍ സമുദ്രജലനിരപ്പ് 24 അടി വരെ ഉയരാം.

ഭക്ഷ്യോല്‍പ്പാദനമാണ് മറ്റൊരു ദുരന്തം. ചൂട് ഓരോ ഡിഗ്രിയും ഉയരുമ്പോള്‍ ഭക്ഷ്യധാന്യങ്ങളുടെ ഉല്‍പ്പാദനം പത്ത് ശതമാനം വീതം കുറയുന്നു. ഭക്ഷ്യധാന്യങ്ങള്‍ ഇല്ലാതാകുന്നതോടെ ജനങ്ങള്‍ ഇതരസ്ഥലങ്ങളിലേക്ക് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാകും. ഇത് വെറും യുദ്ധങ്ങളുടെയും അസ്വസ്ഥതകളുടെയും പ്രശ്‌നമല്ല. ഇതാണ് യൂറോപ്പിലേക്കുള്ള കുടിയേറ്റ പ്രവാഹത്തിന് കാരണം. അമിത ജലമോ ജലമില്ലായ്മയോ ആണ് വിളനാശത്തിന്റെ സുപ്രധാന കാരണം. ചൂട് കാലാവസ്ഥ കീടങ്ങളുടെ വര്‍ധനവിന് കാരണമാകും. യൂറോപ്യന്‍ കാടുകളെ ആക്രമിക്കുന്ന വലിയ ചീവീടുകള്‍ പോലുള്ളവയുടെ വര്‍ധന ഇത് മൂലമാണ്. ലോകത്തിലെ ഏറ്റവും വലിയ വനമേഖലകളായ ചെക്ക് റിപ്പബ്ലിക്, പോളണ്ട്, സ്ലൊവാക്യ, നോര്‍വെ, റഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ ഇത്തരം ജീവികള്‍ വന്‍തോതിലുണ്ട്.

ഓരോ മരത്തിന്റെയും മരണം മൂലം അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിനെ ഓക്‌സിജനാക്കി മാറ്റുന്നതിന്റെ തോത് കുറയ്ക്കുകയാണ്. അത് പോലെ തന്നെ ഉണങ്ങിയ മരങ്ങളാണ് കാട്ടുതീയ്ക്കും വഴി വയ്ക്കുന്നത്. ഇത്തരം കാട്ടുതീ അന്തരീക്ഷ താപം വര്‍ധിപ്പിക്കുന്ന കൂടുതല്‍ വാതകങ്ങള്‍ പുറന്തള്ളാന്‍ കാരണമാകുന്നു. സ്‌പെയിന്‍, ഗ്രീസ്, പോര്‍ച്ചുഗല്‍ തുടങ്ങിയ രാജ്യങ്ങളില്‍ മാത്രമല്ല സ്വീഡന്‍ ഫിന്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലും കാട്ടുതീ വര്‍ധിക്കുന്നുണ്ട്.

വര്‍ഷങ്ങളായി ഹൈഡ്രോകാര്‍ബണ്‍ വ്യവസായ ഭീമന്‍മാരുടെ പണം വാങ്ങി ചില കാലാവസ്ഥ വ്യതിയാന നിഷേധകരും മാധ്യമങ്ങളും നടത്തുന്ന പ്രചാരണങ്ങള്‍ ആഗോളതാപനത്തെക്കുറിച്ച് ചില സംശയങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ വര്‍ഷമുണ്ടായ കൊടുങ്കാറ്റുകളും കാലിഫോര്‍ണിയയിലെ കാട്ടുതീയും പൊതുജനാഭിപ്രായത്തില്‍ ചില മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ട്. യൂറോപ്പില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഗ്രീന്‍പാര്‍ട്ടികള്‍ മെച്ചപ്പെട്ട പ്രകടനമാണ് കാഴ്ച വച്ചത്. ജനങ്ങള്‍ക്കിടയില്‍ ഒരു ജാഗ്രതയുണ്ടായിട്ടുണ്ടെന്നതിന്റെ സൂചനയാണിത് നല്‍കുന്നത്. ബ്രിട്ടനിലെ ലേബര്‍ പാര്‍ട്ടിയടക്കമുള്ള പല പാര്‍ട്ടികളും യൂറോപ്പിന് വേണ്ടി ഒരു പുതിയ ഹരിത ഉടമ്പടിക്ക് സമ്മര്‍ദ്ദം ചെലുത്തുന്നുമുണ്ട്. 2050ഓടെ ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളല്‍ പൂജ്യം ശതമാനമാക്കണമെന്ന ഐക്യരാഷ്ട്രസഭയുടെ ആഹ്വാനത്തിന്റെ പശ്ചാത്തലത്തിലാണിത്.
യൂറോപ്യന്‍ ഹരിത ഉടമ്പടിക്ക് പൊതുമേഖലാ ബാങ്കുകളുടെ പണം ഉപയോഗിക്കാനാണ് ഉദ്ദേശ്യം. അന്തരീക്ഷോഷ്മാവ് വര്‍ധന 1.5 ഡിഗ്രിയില്‍ പിടിച്ച് നിറുത്തുകയാണ് ലക്ഷ്യം. അതേസമയം ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളല്‍ കുറയ്ക്കാനുള്ള ശ്രമങ്ങള്‍ക്ക് പക്ഷേ നാം വലിയ വില കൊടുക്കേണ്ടി വരും. അങ്ങനെ ചെയ്തില്ലെങ്കിലും അതേ. ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളല്‍ കുറച്ചില്ലെങ്കില്‍ ആഗോള താപനം അഞ്ച് ഡിഗ്രി വര്‍ധിച്ചാല്‍ പോലും ഭൂമി മനുഷ്യവാസയോഗ്യമല്ലാതായി മാറും. 2500 ലക്ഷം വര്‍ഷം മുമ്പ് പെര്‍മിയന്‍ കാലഘട്ടത്തിന്റെ ‘മഹത്തായ അന്ത്യ’ത്തിലുണ്ടായതു പോലുള്ള സ്ഥിതിയിലേക്കാകും കാര്യങ്ങള്‍ നീങ്ങുക. കടലിലെ 96 ശതമാനം ജീവികളും കരയിലെ മനുഷ്യനടക്കം 70 ശതമാനം ജീവനുകളുമാണ് ഇതേ തുടര്‍ന്ന് ഇല്ലാതായത്.

സൈനോ ബാക്ടീരിയ എന്ന ജീവിയാണ് പെര്‍മിയന്‍ കാലത്തെ നാശത്തിന് വഴി വച്ചത്. ഇവ പുറപ്പെടുവിക്കുന്ന ഒരു വിഷ ദ്രാവകത്തില്‍ ഇതുമായി ബന്ധപ്പെടുന്ന എന്തിനെയും അത് ഇല്ലാതാക്കും. ഇത്തരം സൈനോ ബാക്ടീരിയകള്‍ ലോകമെമ്പാടുമായി നാനൂറിലേറെ സ്ഥലങ്ങളില്‍ ഇതിനകം ഉടലെടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ബാള്‍ട്ടിക് കടലിലാണ് ഇവ ഏറെയും എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ന്യൂയോര്‍ക്കിലെ ചില നദികളിലും ഇവയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഇവിടെ നിന്ന് വെള്ളം കുടിക്കുന്ന ചില വളര്‍ത്തുമൃഗങ്ങള്‍ ചത്തതായും കണ്ടെത്തിയിട്ടുണ്ട്.

വെള്ളം ചൂടാകുന്നതിനൊപ്പം മഴയും സൈനോ ബാക്ടീരിയകളുടെ വര്‍ധനയ്ക്ക് കാരണമാകുന്നുണ്ട്. കൊടുംമഴയും കാലാവസ്ഥ വ്യതിയാനത്തിന്റെ ഫലമാണ്. ഇത് മൂലം നദികളിലെയും പുഴകളിലെയും പോഷകാംശങ്ങള്‍ ഒഴുകിപ്പോകുന്നു. പാരിസ് ഉടമ്പടിയില്‍ ഒപ്പിട്ട 195 രാജ്യങ്ങളില്‍ ഏഴെണ്ണം മാത്രമാണ് കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നത്. കാര്‍ബണ്‍ പുറന്തള്ളുന്ന ഏറ്റവും വലിയ രാജ്യമായ അമേരിക്ക കരാറില്‍ നിന്ന് പിന്‍മാറുകയും ചെയ്തു.

എല്ലാ രാജ്യങ്ങളും പാരിസ് ഉടമ്പടിയിലെ ലക്ഷ്യത്തിന് വേണ്ടി കൈകോര്‍ത്തെങ്കില്‍ ആഗോളതാപനം മൂന്ന് ഡിഗ്രിയിലെങ്കിലും നിലനിര്‍ത്താനാകുമായിരുന്നു. രണ്ട് ഡിഗ്രിയില്‍ നിലനിര്‍ത്തിയാല്‍ തന്നെ ഐസ്‌ലാന്‍ഡിലെ ഹിമപാളിയും അറ്റ്‌ലാന്റിക്കിലെ മഞ്ഞും ഉരുകും. ഗ്രീന്‍ലന്‍ഡിലെ ഹിമപാളി ഉരുകുന്നതോടെ സമുദ്ര ജലനിരപ്പ് 24 അടിയാണ് ഉയരുകയെങ്കില്‍ അറ്റ്‌ലാന്റിക്കിലെ മഞ്ഞുരുക്കം കടല്‍ ജലനിരപ്പ് നൂറ് കണക്കിന് അടി ഉയര്‍ത്തുമെന്നാണ് വിലയിരുത്തല്‍. ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെങ്കില്‍ രണ്ടാം ലോകമഹായുദ്ധത്തിന് സമാനമായ സന്നാഹങ്ങള്‍ ആവശ്യമാണ്. ദേശീയ നയങ്ങളിലും സമ്പദ്ഘടനകളിലും പുനര്‍വിചിന്തനവും വേണം. അത്യാവശ്യമാണെങ്കില്‍ ഹൈഡ്രോകാര്‍ബണ്‍ ഉപയോഗത്തില്‍ നിന്ന് നാം വിട്ടുനില്‍ക്കണം. മണല്‍ഖനനും അറ്റ്‌ലാന്റിക്കിലെയും മറ്റും എണ്ണ‑വാതക ഖനനങ്ങളും അവസാനിപ്പിക്കണം. സൗര, ജല, കാറ്റ് ഊര്‍ജ്ജ ഉപഭോഗം വര്‍ധിപ്പിക്കണം. സമ്പദ്ഘടനയുടെ ചില അടിസ്ഥാന ആശയങ്ങളിലും കാതലായ മാറ്റങ്ങളുണ്ടാകണം.
ഇതത്ര എളുപ്പമല്ല. ഒരു പൗണ്ട് ഗോമാംസം ഉല്‍പ്പാദിപ്പിക്കണമെങ്കില്‍ 1,857 ഗ്യാലണ്‍ വെള്ളം ആവശ്യമാണ്. ഒരു പൗണ്ട് കോഴി മാംസത്തിനാകട്ടെ 469 ഗ്യാലണ്‍ വെള്ളവും വേണം. ഗോമാസം ഉല്‍പ്പാദിപ്പിക്കുന്നതിന് 60 ശതമാനം കൃഷി ഭൂമിയും നീക്കി വയ്ക്കണം. എന്നാല്‍ ഇവ നമുക്ക് തരുന്നതാകട്ടെ വെറും രണ്ട് ശതമാനം കലോറി മാത്രമാണ്. മാംസം ഉപേക്ഷിക്കുക എന്നത് പലര്‍ക്കും ചിന്തിക്കാന്‍ പോലുമാകില്ല. സാമ്പത്തിക അസമത്വത്തിന്റെ ഫലമായി പലരും ഭക്ഷണങ്ങളുടെ കൂട്ടത്തില്‍ നിന്ന് മാംസം ഉപേക്ഷിച്ച് കഴിഞ്ഞു. എന്നാല്‍ എന്ത് കഴിക്കുന്നു എന്ത് ഉല്‍പ്പാദിപ്പിക്കുന്നു എന്നത് ഏറെ പ്രധാനമാണ്. രാസവളങ്ങള്‍ ഉപയോഗിച്ചുള്ള കൃഷിയിലൂടെ നാം വന്‍തോതില്‍ ഹരിതഗൃഹ വാതകങ്ങള്‍ പുറന്തള്ളുന്നുണ്ട്.

ലോകത്തുല്‍പ്പാദിപ്പിക്കുന്ന മുപ്പത് ശതമാനം ഭക്ഷ്യവസ്തുക്കള്‍ പാഴായിപ്പോകുന്നെന്നാണ് കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ച് പഠിക്കുന്ന ഐക്യരാഷ്ട്രസഭാ സംഘം കണ്ടെത്തിയിരിക്കുന്നത്. ധനിക രാഷ്ട്രങ്ങളാണ് ഇത്തരത്തില്‍ ഭക്ഷ്യസാധനങ്ങള്‍ പാഴാക്കുന്നതില്‍ മുന്‍പന്തിയില്‍. ന്യായമായ ഭക്ഷ്യോല്‍പ്പന്ന വിതരണത്തിലൂടെ മാത്രമേ നമുക്ക് ലോകത്തെ കൂടുതല്‍ ജനങ്ങള്‍ക്ക് ഇവ എത്തിക്കാനാകൂ. ഇത് പക്ഷേ കുറച്ച് ഭൂമി ഉപയോഗിച്ച് കൊണ്ടും ഹരിതഗേഹവാതകങ്ങളുടെ പുറന്തള്ളല്‍ പത്ത് ശതമാനം വരെ കുറച്ച് കൊണ്ടുമാകണം. മാംസാഹാരങ്ങളുടെ ഉല്‍പ്പാദനം കുറച്ച് അതിന് വേണ്ടി വരുന്ന ഭൂമി കാര്‍ബണ്‍ ആഗിരണം ചെയ്യാനായി മരം നട്ടുപിടിപ്പിക്കാന്‍ വിനിയോഗിക്കാം.
പ്രവര്‍ത്തിക്കുക എന്നത് മാത്രമാണ് നമുക്ക് മുന്നിലുള്ള ഏക പോംവഴി. അവസാന മണി മുഴങ്ങാന്‍ തുടങ്ങുകയാണ്. അത് സംഭവിച്ചാല്‍ പിന്നെ നാമൊന്നും അവശേഷിക്കില്ല.