Web Desk

നെടുങ്കണ്ടം

January 01, 2021, 8:04 pm

കാലാവസ്ഥ വ്യതിയാനം പ്രദേശിക ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ക്ക് തിരിച്ചടിയായി

Janayugom Online

കാലാവസ്ഥാ വ്യതിയാനവും കോവിഡ് നിയന്ത്രണങ്ങളും മൂലം ജില്ലയിലെ പ്രാദേശിക ടൂറിസം കേന്ദ്രങ്ങള്‍ക്ക് അപ്രതീക്ഷിത തിരിച്ചടി. കടുത്ത തണുപ്പും ഇടതടവില്ലാത്ത മഴയും ടൂറിസ്റ്റുകളെ കേന്ദ്രങ്ങളിലേയ്ക്ക് എത്തുന്നതിന് മടിക്കുന്നു. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ലക്ഷങ്ങളുടെ നഷ്ടമാണ് ഒറ്റ ദിവസം കൊണ്ട് ഉണ്ടായത്.മാസങ്ങളായ് അടഞ്ഞു കിടന്ന കേന്ദ്രങ്ങള്‍ തുറന്ന ശേഷം സഞ്ചാരികള്‍ എത്തിത്തുടങ്ങിയപ്പോഴാണ് അപ്രതീക്ഷിത തിരിച്ചടി നേരിട്ടത്. കഴിഞ്ഞ പത്ത് മാസമായ് അടഞ്ഞു കിടന്ന പ്രദേശിക ടൂറിസം കേന്ദ്രങ്ങള്‍ കഴിഞ്ഞ മാസമാണ് സഞ്ചാരികള്‍ക്കായ് തുറന്നത്. ജില്ലയിലെ ടൂറിസം സീസണില്‍ ഏറ്റവുമധികം വരുമാനമുള്ള ദിവസങ്ങളാണ് ക്രിസ്തുമസ് മുതല്‍ പുതുവത്സരരാവ് വരെയുള്ള ആഘോഷ ദിനങ്ങള്‍. 

ക്രിസ്തുമസോടെ എത്തുന്ന സഞ്ചാരികള്‍ പുതുവത്സരവും ആഘോഷിച്ചശേഷമേ മടങ്ങാറുള്ളായിരുന്നു.ഇതനുസരിച്ച് വലിയ തോതിലുള്ള ബുക്കിംഗായിരുന്നു പ്രാധേശിക ടൂറിസം കേന്ദ്രങ്ങളിലടക്കം ഇത്തവണ ഉണ്ടായത്. എന്നാല്‍ പുതുവത്സര തലേന്നുണ്ടായ അപ്രതീക്ഷിത മഴ മൂലം സഞ്ചാരികളില്‍ പലരും പുതുവത്സര ആഘോഷത്തിന് നില്‍ക്കാതെ മടങ്ങി. ഇതിന് പുറമെ പുതുവത്സര ആഘോഷം രാത്രി 10 മണി വരെയാക്കി സര്‍ക്കാര്‍ ഉത്തരവുകള്‍ കൂടി വന്നതോടെ നേരത്തെ ബുക്കുചെയ്തവര്‍ കൂടി ക്യാന്‍സല്‍ ചെയ്തു. പുതുവത്സര ദിനങ്ങള്‍ പ്രതീക്ഷിച്ച് പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചിരുന്ന പ്രാദേശിക ടൂറിസം മേഖലയിലുള്ളവരാണ് ഇതോടെ പ്രതിസന്ധിയിലായത്. 

കഴിഞ്ഞ വര്‍ഷം പുതുവത്സര ആഘോഷങ്ങളില്‍ നിന്നു മാത്രം പ്രാദേശിക ടൂറിസം കേന്ദ്രങ്ങള്‍ക്ക് അഞ്ച് കോടിയോളം രൂപയുടെ വരുമാനം ലഭിച്ചതായാണ് ചെറുകിട റിസോര്‍ട്ട് ഹോം സ്റ്റേ അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നത്. എന്നാല്‍ ഇത്തവണ ഇതിന്റെ പത്ത് ശതമാനം പോലും വരുമാനം മേഖലയ്ക്ക് ഉണ്ടായില്ല. ക്യാംപ് ഫയര്‍, സംഗീത സംന്ധ്യ, നൈറ്റ് ട്രക്കിംഗ് എന്നിവയെല്ലാം ആഴ്ചകള്‍ക്ക് മുമ്പേ ഒരുക്കിയിരുന്നെങ്കിലും നിയന്ത്രണങ്ങളും കാലാവസ്ഥാ വ്യതിയാനവും മൂലം നടത്തുവാനായില്ല. തകര്‍ന്നടിഞ്ഞ പ്രാദേശിക ടൂറിസം മേഖലയെ പുനരുജ്ജീവിപ്പിക്കുവാന്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും നടപടിയുണ്ടാകണമെന്നാണ് ഇവരുടെ ആവശ്യം.

ENGLISH SUMMARY:Climate change has hit local tourist des­ti­na­tions hard
You may also like this video