Tuesday
19 Nov 2019

കാലാവസ്ഥാ വ്യതിയാനം: ഐസ്‌ലന്‍ഡിലെ ഹിമാനി ഉരുകി ഇല്ലാതായി

By: Web Desk | Tuesday 20 August 2019 11:51 AM IST


This combination of Sept. 14, 1986, left, and Aug. 1, 2019 photos provided by NASA shows the shrinking of the Okjokull glacier on the Ok volcano in west-central Iceland. A geological map from 1901 estimated Okjökull spanned an area of about 38 square kilometers (15 square miles). In 1978, aerial photography showed the glacier was 3 square kilometers. in 2019, less than 1 square kilometer remains. (NASA via AP)

ലണ്ടന്‍: കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് ഐസ്‌ലന്‍ഡിലെ ഒരു ഹിമാനി പൂര്‍ണമായും ഇല്ലാതായി. ഓക്യുകുള്‍ ഗ്ലേസിയറാണ് ഇത്തരത്തില്‍ ലോകത്തിലാദ്യമായി ഇല്ലാതായത്.
ഐസ്‌ലന്‍ഡിലെ സമാനമായ 400 ഒഴുകുന്ന മഞ്ഞുപാടങ്ങള്‍ക്ക് കൂടി ഇതേ ഗതി വരുമെന്നാണ് പരിസ്ഥിതി ഗവേഷകര്‍ നല്‍കുന്ന മുന്നറിയിപ്പ്. ഇനി 200 വര്‍ഷംകൊണ്ട് ഭൂമിയില്‍ നിന്ന് ഹിമാനികള്‍ ഇല്ലാതാകും. ഓക്യുക്യുള്‍ മരിച്ചതായി ശാസ്ത്രലോകം വിധിയെഴുതിയതിന് പിന്നാലെ ഗവേഷകരുടെ സംയുക്ത സംഘം ഒരു വെങ്കലഫലകവും അവിടെ അനാച്ഛാദനം ചെയ്തിട്ടുണ്ട്.
ഭാവിക്ക് ഒരു കത്ത് എന്ന പേരിലാണ് ഫലകം തയാറാക്കിയിരിക്കുന്നത്. അടുത്ത 200 വര്‍ഷത്തിനുള്ളില്‍ ആഗോളതാപനം കാരണം ഭൂമിയിലെ മുഴുവന്‍ ഹിമാനികളും ഇല്ലാതാകും. ഐസ്‌ലന്‍ഡില്‍ മാത്രം പ്രതിവര്‍ഷം 11 ബില്യണ്‍ ടണ്‍ ഐസ് ഇല്ലാതാകുന്നുണ്ടെന്നാണ് കണക്കുകള്‍. 2200 എത്തുമ്പോഴേക്കും രാജ്യത്തെ 400ല്‍ അധികം വരുന്ന ഹിമാനികള്‍ പൂര്‍ണമായും തന്നെ ഇല്ലാതായേക്കും.

1901 ല്‍ 38 ചതുരശ്ര കിലോമീറ്റര്‍ ആയിരുന്നു ഓക്യുക്യുളിന്റെ വിസ്തൃതി. 1945ല്‍ അഞ്ച് ചതുരശ്രകിലോമീറ്റീര്‍ ആയി വിസ്തീര്‍ണം ചുരുങ്ങി. 2005 ന് ശേഷം വീണ്ടും ചുരുങ്ങി. ഹിമാനികള്‍ ചലിക്കുന്ന കൂറ്റന്‍ മഞ്ഞുപാളികളാണ്. 40 മുതല്‍ 50 മീറ്റര്‍ വരെ കനമുള്ള മഞ്ഞുപാളികള്‍ക്ക് മാത്രമാണ് ഇത്തരത്തില്‍ സ്വയം ചലിക്കാന്‍ കഴിയുന്നത്. ചുരുങ്ങിച്ചുരുങ്ങി ഓക്യുകുളിന് വെള്ളത്തിലൂടെ നീങ്ങാനുള്ള കഴിവ് നഷ്ടമായി. ഇതോടെ 2014 ല്‍ മരിച്ച ഹിമാനിയായി ഓക്യുകുളിനെ തരംതിരിച്ചു.
ഓക്യുക്യുള്‍ ഭൂമിക്ക് മുന്നറിയിപ്പാണെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. നിലവിലെ ഹരിതഗൃഹ വാതകങ്ങള്‍ പുറന്തള്ളുന്ന തോത് അനുസരിച്ചാണെങ്കില്‍ 2100 ആകുമ്പോള്‍ ഭൂമിയിലെ മുഴുവന്‍ ഹിമാനികളും ഇല്ലാതാകുമെന്നും പരിസ്ഥിതി ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു.

Related News