ഡാലിയ ജേക്കബ്

ആലപ്പുഴ

January 28, 2020, 8:56 pm

കാലാവസ്ഥാ വ്യതിയാനം പുഞ്ചകൃഷിയ്ക്ക് തിരിച്ചടിയാകുന്നു

Janayugom Online

കാലാവസ്ഥാ വ്യതിയാനം കുട്ടനാട്ടിൽ പുഞ്ചകൃഷിയ്ക്ക് തിരിച്ചടിയാകുന്നു. കഠിനമായ ചൂട് മൂലം പുഞ്ചകൃഷി ആരംഭിച്ച പാടശേഖരങ്ങളിൽ പുളിയിളക്കം, ഇലകരിച്ചിൽ ഉൾപ്പടെയുള്ള കീടബാധ, അമ്ലഭീഷണി, ഇരുമ്പിന്റെ ആധിക്യം എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ നേരിടുകയാണ്. ഇത് നെല്ല് ഉൽപ്പാദനം ഗണ്യമായി കുറയ്ക്കുമെന്നും നെല്ലിന്റെ ഗുണമേൻമയെതന്നെ പ്രതികൂലമായി ബാധിക്കുമെന്നും വിദഗ്ദർ പറയുന്നു. ആലപ്പുഴ ജില്ലയിൽ മാത്രം 25,800 ഹെക്ടറിലാണ് പുഞ്ചകൃഷി ആരംഭിച്ചത്. ഇത്തവണ കാലവർഷം മുൻ വർഷങ്ങളേക്കാൾ നീണ്ടുനിന്നതിനാൽ പുഞ്ചകൃഷി ആരംഭിക്കുവാൻ ഏറെ വൈകി. രണ്ടാം കൃഷിയിലുണ്ടായ ബണ്ട് തകർച്ച, നാശനഷ്ടങ്ങൾ എന്നിവ ഏറെക്കുറെ പരിഹരിച്ചതിന് ശേഷം ഏറെ വൈകിയാണ് പലരും പുഞ്ചകൃഷി ആരംഭിച്ചത്. താമസിച്ച് കൃഷി ആരംഭിച്ചവർക്കാണ് അപ്രതീക്ഷിതമായ കഠിനചൂട് പ്രതിസന്ധിയായിരിക്കുന്നത്.

60 ദിവസത്തിൽ താഴെമാത്രം പ്രായമുള്ള നെൽച്ചെടികളാണ് കാലാവസ്ഥാ വ്യതിയാനത്തിൽ അകപ്പെട്ടത്. മിക്ക ദിവസങ്ങളിലും പകൽസമയങ്ങളിൽ കുട്ടനാട്ടിൽ 35 ഡിഗ്രി സെൽഷ്യസ് വരെ ചൂട് അനുഭവപ്പെടുന്നുണ്ട്. രാത്രിയിൽ അനുഭവപ്പെടുന്ന അമിതമായ ചൂടും കൃഷിയെ ദോഷകരമായി ബാധിക്കുകയാണ്. ഇങ്ങനെ തുടർന്നാൽ ഇത്തവണത്തെ പുഞ്ചകൃഷി ഗുരുതരമായ പ്രതിസന്ധിയിലാകും. നെൽകൃഷിയ്ക്ക് 30 ഡിഗ്രിയിലധികം ചൂട് വന്നാൽ പരാഗണം കുറയുമെന്നും പതിരിന്റെ അംശം വർധിക്കുമെന്നും മങ്കൊമ്പ് കീട നിരീക്ഷണകേന്ദ്രത്തിലെ അസി ഡയറക്ടർ സ്മിതാബാലൻ ജനയുഗത്തോട് പറഞ്ഞു. എടത്വ, തലവടി പഞ്ചായത്തിലെ പാടശേഖരങ്ങളിൽ പുളിയിളക്കത്തെ തുടർന്ന് കർഷകർ ആശങ്കയിലാണ്. എടത്വായിലെ ആനക്കിടാവിരുത്തി പാടത്ത് പുളിയിളകി അമ്പത്താറ് ദിവസം പിന്നിട്ട നെൽകൃഷി പൂർണ്ണമായി നശിച്ചു. തലവടി കൃഷിഭവൻ പരിധിയിൽപ്പെട്ട ആനക്കിടാവിരുത്തി പാടത്തെ അൻപത് ഏക്കർ സ്ഥലത്തെ നെൽകൃഷിയാണ് നശിച്ചത്. അമിതമായ ചൂട് മൂലമാണ് പുളിയിളക്കം സംഭവിച്ചതെന്നാണ് കൃഷി വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.

ജലനിരപ്പ് താഴ്ന്നതിനാൽ പാടശേഖരങ്ങളിൽ വെള്ളം കയറ്റിയിറക്കാൻ സാധിക്കുന്നില്ല. ഇത് അമ്ലത ഇനിയും വർധിക്കുവാൻ കാരണമാകും. ഓല കരിച്ചിൽ മൂലം 50 ശതമാനത്തിലധികം കുട്ടനാട്ടിൽ വിളനാശം ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. ഞാറ് പറിച്ച് നട്ട പാടശേഖരങ്ങളിൽ ഓലചുരുട്ടൽ രോഗവും നടീൽ പൂർത്തിയാകാത്ത പാടശേഖരങ്ങളിൽ ഈച്ച, ഇലപ്പേൻ എന്നിവയും കണ്ട് തുടങ്ങി. അമിത ചൂട് തുടർന്നാൽ വരും ദിവസങ്ങളിൽ തുടർന്നാൽ മുഞ്ഞബാധ ഉൾപ്പടെയുള്ള പ്രശ്നങ്ങൾ നെൽച്ചെടികൾക്ക് സംഭവിക്കുമെന്ന് കൃഷിവകുപ്പ് അധികൃതർ പറഞ്ഞു.