19 April 2024, Friday

കാലാവസ്ഥാ വ്യതിയാനം: കേരളവും, അപകടമുനമ്പില്‍

Janayugom Webdesk
സിഡ്നി
February 20, 2023 11:45 pm

കേരളമടക്കം ഇന്ത്യയിലെ 14 സംസ്ഥാനങ്ങള്‍ കാലാവസ്ഥാ വ്യതിയാനങ്ങളുടെ അപകട മുനമ്പില്‍. 2050ഓടെ കനത്ത നാശനഷ്ടമുണ്ടാകുന്ന 100 മേഖലകളുടെ പട്ടികയിലാണ് ഇന്ത്യയില്‍ നിന്നുള്ള 14 സംസ്ഥാനങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ചൈനയ്ക്ക് ശേഷം, പട്ടികയില്‍ ഏറ്റവും കൂടുതൽ സംസ്ഥാനങ്ങള്‍ ഉള്‍പ്പെട്ടിട്ടുള്ള രാജ്യം ഇന്ത്യയാണ്.
പട്ടികയിലെ ആദ്യ 50ല്‍ ഇന്ത്യയില്‍ നിന്നുള്ള എട്ട് സംസ്ഥാനങ്ങളുണ്ട്. ബിഹാര്‍ (22), ഉത്തര്‍പ്രദേശ് (25), അസം (28), രാജസ്ഥാന്‍ (32), തമിഴ്‌നാട് (36), മഹാരാഷ്ട്ര (38), ഗുജറാത്ത് (48), പഞ്ചാബ് (50) എന്നിങ്ങനെയാണ് സ്ഥാനങ്ങള്‍. കേരളം, മധ്യപ്രദേശ്, പശ്ചിമ ബംഗാള്‍, ഹരിയാന, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നിവയാണ് 100 സ്ഥാനങ്ങള്‍ക്കുള്ളിലെ സംസ്ഥാനങ്ങള്‍. കേരളം 52-ാം സ്ഥാനത്താണ്. 

14 സംസ്ഥാനങ്ങളിലും പ്രളയമായിരിക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുകയെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ലോകത്തൊട്ടാകെ നൂറുകോടിയോളം പേര്‍ കാലാവസ്ഥാ ദുരന്തങ്ങളുടെ കെടുതികള്‍ അനുഭവിക്കേണ്ടിവരും. പ്രളയം കഴിഞ്ഞാല്‍ കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന ഏറ്റവും വലിയ ദുരന്തങ്ങള്‍ കനത്ത ചൂട്, കാട്ടുതീ, മണ്ണൊലിപ്പ്, തീവ്രതകൂടിയ കാറ്റ്, ശൈത്യ തരംഗം എന്നിവയാണ്. മനുഷ്യ നിര്‍മ്മിതികളെ തുടര്‍ന്ന് 2050ഓടെ അസമിലെ കാലാവസ്ഥാ അപകടസാധ്യത 1990 അപേക്ഷിച്ച് 330 ശതമാനം വര്‍ധിക്കുമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.
ഓസ്ട്രേലിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്രോസ് ഡിപെന്‍ഡന്‍സി ഇനീഷ്യേറ്റീവി (എക്സ്ഡിഐ)ന്റേതാണ് റിപ്പോര്‍ട്ട്. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച് പഠനം നടത്തുന്ന സ്ഥാപനങ്ങളുടെ കൂട്ടായ്മയാണ് എക്സ്ഡിഐ. 

2050ഓടെ ലോകമെമ്പാടുമുള്ള 2,600ലധികം സംസ്ഥാനങ്ങളിലും പ്രവിശ്യകളിലും മനുഷ്യരുടെ ഇടപെടലുകളെ തുടര്‍ന്ന് ഉണ്ടായേക്കാവുന്ന ഭൗതിക കാലാവസ്ഥാ അപകടസാധ്യതയെക്കുറിച്ചാണ് എക്സ്ഡിഐ പഠനം നടത്തിയത്.
മനുഷ്യരുടെ ഇടപെടലുകള്‍ മൂലമുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനങ്ങളെ തുടര്‍ന്ന് ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുക ചൈനയും യുഎസും ഇന്ത്യയുമായിരിക്കും. അപകടസാധ്യതയില്‍ 200വരെയുള്ള പട്ടികയില്‍ ഭൂരിപക്ഷവും (114) ഏഷ്യന്‍ സംസ്ഥാനങ്ങളാണ്. സിന്ധ് ഉള്‍പ്പെടെ പാകിസ്ഥാനില്‍ നിന്നും നിരവധി പ്രവിശ്യകള്‍ ആദ്യ 100ലുണ്ട്. കഴിഞ്ഞ വര്‍ഷം ജൂണിനും ഓഗസ്റ്റിനും ഇടയിലുണ്ടായ പ്രളയം പാകിസ്ഥാന്റെ 30 ശതമാനം പ്രദേശങ്ങളെയും ബാധിച്ചിരുന്നു. സിന്ധ് പ്രവിശ്യയിലെ ഒമ്പത് ലക്ഷത്തിലധികം വീടുകൾക്ക് ഭാഗികമായോ പൂർണമായോ കേടുപാടുകൾ സംഭവിക്കുകയും ചെയ്തിരുന്നു. 

Eng­lish Sum­ma­ry: Cli­mate change: Ker­ala too, on the verge of danger

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.