കാലാവസ്ഥ വ്യതിയാനവും കീടബാധയും മൂലം സംസ്ഥാനത്തെ മാങ്ങാ വിളവ് കുറഞ്ഞു. ആഗോള വിപണിയിൽ നേരത്തെയെത്തി പണം കൊയ്യുന്ന കേരളത്തിലെ മുന്തിയ ഇനം മാങ്ങകളുടെ ഉല്പാദനത്തിൽ ഒരിക്കലുമുണ്ടാകാത്ത വിധത്തിലുള്ള കുറവാണ് ഇത്തവണയുള്ളത്. ഇന്ത്യയിൽ തന്നെ ആദ്യം മാങ്ങാ സീസൺ ആരംഭിക്കുന്നത് കേരളത്തിലാണ്. എന്നാൽ ഇത്തവണ ഈ സ്ഥാനം തമിഴ്‌നാട് കൈയടക്കി. ഏറ്റവും കൂടുതൽ മാങ്ങ ഉല്പാദിപ്പിക്കുന്ന പാലക്കാട് ജില്ലയിലും കാലാവസ്ഥാ വ്യതിയാനം കാര്യമായി ബാധിച്ചു.
സേലം കഴിഞ്ഞാൽ ഏഷ്യയിൽ ഏറ്റവുമധികം മാങ്ങ കൃഷി ചെയ്യുന്നത് കേരളത്തിലെ വടക്കൻ ജില്ലകളിലാണ്. വിവിധ തരത്തിലുള്ള 45,000 ടൺ മാമ്പഴമാണ് ഇവിടെനിന്ന് വിവിധയിടങ്ങളിലേക്ക് കയറ്റിയയക്കുന്നത്. കേരളത്തിലെ സിന്ദൂരം, അൽഫോൺസ, കിളിമൂക്കൻ, നീലൻ, ബൻഗനപ്പള്ളി മാങ്ങകൾക്ക് ഗൾഫ് രാജ്യങ്ങളിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലുമെല്ലാം നിരവധി ആവശ്യക്കാരാണുള്ളത്. വേനലെത്തും മുൻപ് തന്നെ സംസ്ഥാനത്ത് പലജില്ലകളിലും സാധാരണയേക്കാൾ 4 ഡിഗ്രി സെൽഷ്യസ് വരെ അമിത ചൂടാണ് രേഖപ്പെടുത്തുന്നത്.
ഫെബ്രുവരി മാസം കഴിയാറായിട്ടും നാടൻമാങ്ങ വിപണിയിൽ സുലഭമല്ല. സാധാരണയായി ഡിസംബർ-ജനുവരി മാസത്തിലെ തണുപ്പ് അനുഭവപ്പെടുമ്പോഴേക്കും മാവ് പൂത്ത് തുടങ്ങും. എന്നാൽ ഇത്തവണ മുൻവർഷങ്ങളേക്കാൾ തണുപ്പ് കുറവായത് പലയിടങ്ങളും മാവ് പൂക്കുന്നതിന് തടസ്സമായി. രാത്രികാലത്ത് നല്ല തണുപ്പും പകൽ ചൂടുമാണ് മാവ് നന്നായി പൂത്ത് കായ്ക്കാൻ വേണ്ട കാലാവസ്ഥ.
you may also like this video;
ചൂടിന്റെ ആധിക്യംമൂലം പൂങ്കുലകൾ അധികം ഉണ്ടാകാതെ പോയതോടൊപ്പം നീരൂറ്റിക്കുടിക്കുന്ന പ്രാണികളുടെ ആക്രമണവും ഇലപ്പേനുകൾ, മണ്ഡരി, മുഞ്ഞ, വെള്ളീച്ചകൾ തുടങ്ങിയവയാണ് മാമ്പഴക്കാലത്തിന്ഭീഷണിയായത്. ചൂട് ക്രമാതീതമായി വർധിച്ചതോടെ ഇവ വൻതോതിൽ പെരുകിയിട്ടുണ്ട്. അതിനാൽ മാവ് പൂത്ത് തുടങ്ങിയപ്പോൾത്തന്നെ കീടങ്ങളുടെ ആക്രമണവും ഉല്പാദന തകർച്ചയ്ക്ക് കാരണമാണ്. കനത്ത ചൂടിൽ മാവുകളിലെ പൂങ്കുലകൾ വൻതോതിൽ കരിഞ്ഞുണങ്ങിത്തുടങ്ങി. ചൂടും കീടബാധയും മൂലം കണ്ണിമാങ്ങകളും ധാരാളമായി കൊഴിഞ്ഞുവീഴുന്നുണ്ട്. മുൻവർഷങ്ങളിൽ നാടൻമാങ്ങയ്ക്ക് 80 രൂപ വരെ വിലയുണ്ടായിരുന്ന സ്ഥാനത്ത് ഈ വർഷം 50 രൂപയാണ് വില. ചെലവുപോലും ലഭ്യമാക്കാൻ കഴിയുന്നില്ലെന്നാണ് കർഷകർ പറയുന്നത്. 2018 ലെ പ്രളയത്തിനുശേഷമാണ് മാവുകൾ കാലം തെറ്റി പൂക്കുകയും കായ്ക്കുകയും ചെയ്യുന്നതെന്ന് കർഷകർ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.