കാലാവസ്ഥാ വ്യതിയാനം രാജ്യത്ത് ഭക്ഷ്യപ്രതിസന്ധി സൃഷ്ടിക്കുമെന്ന് ആശങ്ക

Web Desk
Posted on August 01, 2019, 9:51 pm

സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: കാലവര്‍ഷത്തിലുണ്ടായ ഗണ്യമായ കുറവും കാലംതെറ്റിയുള്ള മഴയും കാരണം വിളവിറക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ രാജ്യത്ത് വന്‍ ഭക്ഷ്യപ്രതിസന്ധിക്ക് സാധ്യതയെന്ന് ആശങ്ക. കാലാവസ്ഥിലുണ്ടായിരിക്കുന്ന അസാധാരണമായ വ്യതിയാനംമൂലം ഖാരിഫ് വിളകള്‍ കൃഷി ചെയ്യാന്‍ കഴിയാത്ത ദുരവസ്ഥയിലാണ് കര്‍ഷകര്‍. നെല്ല്, ഉഴുന്ന്, പരിപ്പ്, റാഗി, നിലക്കടല, സോയാബീന്‍, സൂര്യകാന്തി, കരിമ്പ്, പരുത്തി, ചണം എന്നിവ ഉള്‍പ്പടെയുള്ള ഖാരിഫ് വിളകള്‍ ഇനിയും കൃഷിയിറക്കാന്‍ സാധിച്ചിട്ടില്ല.

ഖാരിഫ് വിളകള്‍ പ്രധാനമായും കൃഷി ചെയ്യുന്ന 16 സംസ്ഥാനങ്ങളിലെ 374 ജില്ലകളില്‍ കാലവര്‍ഷത്തില്‍ ഗണ്യമായ കുറവുണ്ടായെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു. 322 ജില്ലകളില്‍ 20 മുതല്‍ 25 ശതമാനംവരെ കുറവ് മഴയാണ് ലഭിച്ചത്. ബാക്കിയുള്ള ജില്ലകളില്‍ 60 ശതമാനത്തോളം കുറവുണ്ടായി. അതേസമയം 80 ജില്ലകളില്‍ 12 ശതമാനം കൂടുതല്‍ മഴ ലഭിച്ചു. ബിഹാര്‍, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ ജില്ലകളില്‍ വെള്ളപ്പൊക്കം ഇപ്പോഴും തുടരുന്നു. ഇതുമൂലം ഉല്‍പ്പാദനത്തില്‍ ഗണ്യമായ കുറവ് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഇത് വിലക്കയറ്റത്തിന് വഴി വയ്ക്കുമെന്ന ആശങ്കയും ഉയര്‍ത്തുന്നു.
കഴിഞ്ഞ അഞ്ച് വര്‍ഷമായി രാജ്യത്തെ 39 ശതമാനം ജില്ലകളില്‍ വേണ്ടത്ര മഴ ലഭിക്കുന്നില്ല. ആന്ധ്രാ പ്രദേശില്‍ കഴിഞ്ഞ വര്‍ഷം 12 ശതമാനം മഴയുടെ കുറവാണ് ഉണ്ടായത്. ഇക്കുറി അത് 22 ശതമാനമായി വര്‍ധിച്ചു. ഛത്തീസ്ഗഢില്‍ 17 ശതമാനവും, മധ്യപ്രദേശില്‍ 25 ശതമാനവും മഴയുടെ കുറവാണ് ഈ വര്‍ഷം ഉണ്ടായത്. എന്നാല്‍ ജലസേചന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക, മഴവെള്ള സംഭരണം കാര്യക്ഷമമാക്കുക തുടങ്ങിയ ദിശയിലേയ്ക്കുള്ള നടപടികള്‍ കേന്ദ്ര ‑സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.

നെല്‍കൃഷിയുടെ വ്യപ്തി ഗണ്യമായി കുറയുന്നതായി കൃഷിമന്ത്രാലയത്തിന്റെ കണക്കുകളും വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പ്രകാരം 12.6 ലക്ഷം ഹെക്ടറിലെ നെല്‍കൃഷി കുറഞ്ഞു. പയര്‍ വര്‍ഗങ്ങളുടെ കൃഷി ഒമ്പത് ലക്ഷം ഹെക്ടറും ധാന്യങ്ങളുടെ കൃഷി 16 ലക്ഷം ഹെക്ടറും കുറഞ്ഞു. എണ്ണക്കുരുവിന്റെ കൃഷി ഒമ്പത് ലക്ഷം ഹെക്ടറാണ് കുറഞ്ഞത്. കരിമ്പിന്റെ കൃഷി അഞ്ച് ലക്ഷം ഹെക്ടറും പരുത്തികൃഷി ആറ് ലക്ഷം ഹെക്ടറും കുറഞ്ഞതായാണ് കൃഷി വകുപ്പിന്റെ രേഖകള്‍ വ്യക്തമാക്കുന്നത്.

ഖാരിഫ് വിളവെടുപ്പ് നടക്കുന്ന ഒക്‌ടോബര്‍ മുതല്‍ ജനുവരിവരെയുള്ള 118 ദിവസങ്ങളില്‍ കാര്‍ഷികോല്‍പ്പന്നങ്ങളുടെ വില ഗണ്യമായി കുറയും. പലപ്പോഴും സര്‍ക്കാര്‍ പ്രഖ്യപിക്കുന്ന കുറഞ്ഞ താങ്ങുവില പോലും ലഭിക്കാത്ത അവസ്ഥ സംജാതമാകുമെന്നാണ് കര്‍ഷകര്‍ ആശങ്കപ്പെടുന്നത്. മുന്‍കാലങ്ങളിലെ അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് കര്‍ഷകര്‍ ആശങ്ക പ്രകടിപ്പിക്കുന്നത്. കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് ഉല്‍പ്പാദന ചെലവിന്റെ 50 ശതമാനം വര്‍ധിപ്പിച്ചുള്ള താങ്ങുവില നിശ്ചയിക്കണമെന്ന സ്വാമിനാഥന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ മോഡി സര്‍ക്കാര്‍ തയ്യാറാകുന്നില്ല.

ഖാരിഫ് വിളവെടുപ്പ് സീസണില്‍ നെല്ലിന് 90 ശതമാനം ദിവസങ്ങളിലും പശ്ചിമ ബംഗാള്‍, ഉത്തര്‍ പ്രദേശ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലെ വ്യാപാരത്തില്‍ കുറഞ്ഞ താങ്ങുവില ലഭിച്ചില്ല. തെലങ്കാന 64 ശതമാനം, തമിഴ്‌നാട് 71 ശതമാനം, ആന്ധ്രാപ്രദേശ് 18 ശതമാനം ദിവസങ്ങളിലും നെല്ലിന് കുറഞ്ഞ താങ്ങുവില പോലും കമ്പോളത്തില്‍ ലഭിച്ചില്ല. ഇതാണ് കാലവര്‍ഷത്തിലെ വ്യതിയാനങ്ങള്‍ രാജ്യത്തെ കര്‍ഷകരുടെ നെഞ്ചിടിപ്പ് വര്‍ധിപ്പിക്കുന്നത്.
ഖാരിഫ് വിളകളുടെ താങ്ങുവില വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇടതുപാര്‍ട്ടികള്‍ ഉള്‍പ്പടെയുള്ള പ്രതിപക്ഷം മോഡി സര്‍ക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും അനുകൂല നടപടി ഉണ്ടായിട്ടില്ല.