ഒരു പതിറ്റാണ്ടുകൊണ്ട് ഹരിതഗേഹ വാതക ബഹിര്‍ഗമനം പകുതിയാക്കാനുള്ള മാര്‍ഗങ്ങളുമായി ശാസ്ത്രലോകം

ലണ്ടന്‍: ചെറു തോതിലുള്ള സാങ്കേതികതകളിലൂടെയും സ്വഭാവമാറ്റത്തിലൂടെയും പത്ത് കൊല്ലത്തിനുള്ളില്‍ ഹരിതഗേഹവാതകങ്ങളുടെ ബഹിര്‍ഗമനം പകുതിയാക്കാനാകുമെന്ന് ശാസ്ത്രജ്ഞര്‍. ഇത്തരമൊരു മാറ്റത്തിന് പൊതുസമൂഹത്തില്‍ നിന്ന് ശക്തമായ പ്രസ്ഥാനങ്ങളുണ്ടാകണമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.ഫോസില്‍ ഇന്ധനങ്ങളെക്കാള്‍ ചെലവ് കുറഞ്ഞ സൗര-കാറ്റ് ഊര്‍ജ ഉപഭോഗം പലയിടങ്ങളിലും ഇപ്പോള്‍ തന്നെ ഉണ്ട്. ഇത് വലിയ തോതില്‍ ഉണ്ടായാല്‍ വൈദ്യുതി ഉല്‍പ്പാദനത്തിലൂടെയുണ്ടാകുന്ന കാര്‍ബണ്‍ പുറന്തള്ളല്‍ 2030ഓടെ പകുതിയാക്കാനാകുമെന്ന് രാജ്യാന്തര വിദഗ്ധരുടെ മാര്‍ഗരേഖാ നിര്‍ദേശം പറയുന്നു. ലോകത്ത് ചിലയിടങ്ങളില്‍ ഇപ്പോള്‍ തന്നെ വൈദ്യുതി വാഹനങ്ങള്‍ പ്രചാരത്തിലായിട്ടുണ്ട്. 2030ഓടെ നിരത്തുകളിലെ 90ശതമാനവും ഇത്തരത്തിലായാല്‍ വാഹനങ്ങളുണ്ടാക്കുന്ന കാര്‍ബണ്‍ പുറന്തള്ളലിലും ഗണ്യമായ കുറവുണ്ടാകും. വനനശീകരണം ഇല്ലാതാകുകയും ഭൂമിയുടെ ഫലപ്രദമായ വിനിയോഗത്തിലൂടെയും 2030ഓടെ പ്രതിവര്‍ഷം പുറന്തള്ളുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് 900 കോടി ടണ്‍ ആക്കുകയും ചെയ്താല്‍ അതൊരു വലിയ മുന്നേറ്റമാകും. എന്നാല്‍ ആസൂത്രണത്തിലെ പാളിച്ചകളും നിക്ഷിപ്ത താല്‍പ്പര്യങ്ങളും ഇതിന് തടയിടുന്നുണ്ട്. കാലാവസ്ഥ വ്യതിയാനം നേരിടാന്‍ ശക്തമായ സാമൂഹ്യപ്രസ്ഥാനങ്ങള്‍ ഉടലെടുക്കേണ്ടിയിരിക്കുന്നുവെന്നും ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു. അതുപോലെ തന്നെ മാംസോപഭോഗം പോലുള്ള നമ്മുടെ സ്വഭാവത്തില്‍ ചില മാറ്റങ്ങളുണ്ടായാലും കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കാനാകും. ഇതിനായി സര്‍ക്കാരിലും വന്‍ സമ്മര്‍ദ്ദങ്ങള്‍ ചെലുത്തണം. ഇതിനായി കൂടുതല്‍ സാമൂഹ്യ മുന്നേറ്റങ്ങള്‍ ഉണ്ടാകേണ്ടതുണ്ടെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.
അടുത്തഒരു ദശകത്തിനുള്ളില്‍ ലോകത്ത് അതിവേഗത്തിലുള്ള ചരിത്രപരമായസാമ്പത്തിക മാറ്റമാണ് സംഭവിക്കാന്‍ പോകുന്നതെന്ന്ഐക്യരാഷ്ട്രസഭയുടെ മുന്‍ കാലാവസ്ഥ ഉന്നത ഉദ്യോഗസ്ഥയായ ക്രിസ്റ്റിന ഫിഗറെസ് പറയുന്നു. 36 വികസനരംഗങ്ങളില്‍ കാര്‍ബണ്‍ ബഹിര്‍ഗമനം വെട്ടിക്കുറയ്ക്കേണ്ടതുണ്ടെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. പുനരോപയോഗിക്കാവുന്ന ഊര്‍ജ ഉപഭോഗം മുതല്‍ ഭക്ഷ്യോല്‍പ്പാദനത്തിലെ മാറ്റം വരെയുള്ളവയാണവ. നഗരങ്ങളുടെ രൂപരേഖ, രാജ്യാന്തര ഗതാഗതം അതായത് കപ്പല്‍ഗതാഗതം എന്നിവയും ഇതില്‍ പെടുന്നു. ഇവയെല്ലാം തന്നെ 2030ഓടെ കൈവരിക്കാനാകുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.അതേസമയം മാറ്റത്തിന്റെ തോത് അഭൂതപൂര്‍വമാണ്. എന്നാല്‍ വേഗത അത്രയുമില്ലെന്നുംപോസ്റ്റ്ഡാം ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ക്ലൈമറ്റ് ഇംപാക്ട് റിസര്‍ച്ച് മേധാവി ജൊഹാന്‍ റോക്ക്സ്ട്രോം പറയുന്നു. ഇത് സമയവുമായുള്ള ഒരു ഓട്ടപന്തയമാണ്. വ്യവസായങ്ങള്‍ പത്ത് വര്‍ഷത്തിനകം വലിയ നിര്‍ണായക മാറ്റങ്ങള്‍ക്ക് വിധേയമാകും.
സാമൂഹ്യ പ്രസ്ഥാനങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്. കാരണം ഉപഭോക്താക്കള്‍ക്ക് ആരുടെ സാധനങ്ങള്‍ വാങ്ങണമെന്നത് സംബന്ധിച്ച് കമ്പനികള്‍ക്ക് മേല്‍ വന്‍ സമ്മര്‍ദ്ദങ്ങള്‍ ചെലുത്താനാകും. പൊതുജനപിന്തുണയോടെ രാഷ്ട്രീയക്കാര്‍ക്ക് ശക്തമായ നയരൂപീകരണങ്ങള്‍ നടത്താനും സാധിക്കും. 2050ഓടെ കാര്‍ബണ്‍ പുറന്തള്ളല്‍ പൂര്‍ണമായും ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ ബ്രിട്ടന്, ഫ്രാന്‍സ്, സ്വീഡന്, നോര്‍വെ തുടങ്ങിയ രാജ്യങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ഫെയ്സ്ബുക്ക്, ഗൂഗിള്‍, ആമസോണ്‍ തുടങ്ങിയവയ്ക്കും ഇതില്‍ നിര്‍ണായക പങ്കു വഹിക്കാനാകുമെന്ന് സ്റ്റോക്ക്ഹോം റിസൈലന്‍സ് കേന്ദ്രത്തിന്റെ സ്ട്രാറ്റജി മേധാവി ഓവന്ഗാഫ്നി പറയുന്നു. ഉപഭോഗ സ്വഭാവം നിര്‍ണയിക്കുന്നതില്‍ ഇവ നല്ല സ്വാധീനം ചെലുത്തുന്നുണ്ട്. സാമൂഹ്യ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് കൂടുതല്‍ പിന്തുണ നല്കാന് ഇവര്‍ക്കാകും. സര്‍ക്കാരിന് കാര്‍ബണ്‍ പുറന്തള്ളലിനെതിരെയുള്ള പരസ്യങ്ങള്‍ നല്‍കാനും മറ്റും ഈ ഡിജിറ്റല്‍ ഇടങ്ങള്‍ ഉപയോഗിക്കാനാകും.
കൂടുതല്‍ പൊതുഗതാഗത സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയും ഭക്ഷ്യ വിഭവങ്ങള്‍ തെരഞ്ഞെടുക്കുന്നതിലും സര്‍ക്കാരിന് ജനങ്ങളുടെ സ്വഭാവവ്യതിയാനത്തിനും പങ്ക് വഹിക്കാന്‍ സാധിക്കും.2050ഓടെ പൂര്‍ണമായും കാര്‍ബണ്‍ പുറന്തള്ളല്‍ ഇല്ലാതാക്കാന്‍ കൂടുതല്‍ വിശദമായ നയ രൂപീകരണവും ഉണ്ടാകേണ്ടിയിരിക്കുന്നു. ഊര്‍ജോല്‍പ്പാദനം, കെട്ടിടങ്ങള്‍, ഗതാഗതം, ഭക്ഷ്യോല്‍പ്പാദനം, ഉപഭോഗം എന്നിവയില്‍ കൂടുതല്‍ ബോധവല്‍ക്കരണവും നടത്തണമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ ചെലവുണ്ട്. ഭാവിയില്‍ വലിയ മാറ്റങ്ങളും ഉണ്ടാകേണ്ടതുണ്ട്. ഈ റിപ്പോര്‍ട്ടില്‍ ഇതേക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നില്ല.എന്നാല്‍ 2030ഓടെ കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുന്നതിലൂടെ സാമ്പത്തിക നേട്ടമുണ്ടാകുമെന്ന് കഴിഞ്ഞവര്‍ഷം പുറത്ത് വന്ന ന്യൂ ക്ലൈമറ്റ് ഇക്കോണമിയില്‍ ഗാഫ്നി വിലയിരുത്തിയിട്ടുണ്ട്. 2050ഓടെ പൂര്‍ണമായും കാര്‍ബണ്‍ പുറന്തള്ളല്‍ ഇല്ലാതാക്കുന്നതിനായി മൊത്ത ആഭ്യന്ത ഉല്‍പ്പാദനത്തിന്റെ രണ്ട് ശതമാനം വരെ വേണ്ടി വരുമെന്നാണ് ബ്രിട്ടന്റെ കാലാവസ്ഥ വ്യതിയാന സമിതി വിലയിരുത്തുന്നത്.വിദ്യാഭ്യാസ സ്ഥാപനങ്ങളും പരിസ്ഥിതി പ്രവര്‍ത്തകരും സ്വകാര്യ കമ്പനികളും ചേര്‍ന്നാണ് ഈ റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.