കാലാവസ്ഥ വ്യതിയാനം: സർക്കാരിന്റെ കെടുകാര്യസ്ഥത യുവാക്കൾ ചോദ്യം ചെയ്യുന്നുവെന്ന് ഗുട്ടറെസ് മറ്റ് ഘടകങ്ങൾ അനുകൂലമെങ്കിലും രാഷ്ട്രീയ ഇച്ഛാശക്തിയില്ലെന്നും ഗുട്ടറെസിന്റെ വിമർശം

Web Desk
Posted on December 02, 2019, 3:14 pm

ന്യൂയോർക്ക്: കാലാവസ്ഥ വ്യതിയാനത്തിനെതിരെ സർക്കാരുകൾ നിഷ്ക്രിയമായി തുടരുന്നത് യുവാക്കളുമായുള്ള സംഘർഷത്തിന് കാരണമാകുന്നുവെന്ന് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറെസ്. കാലാവസ്ഥ ആകെ തകർന്നെന്ന് ബോധ്യമായിട്ടും ഇതിനെ നേരിടാൻ ഒന്നും ചെയ്യുന്നില്ല.
ലോകം നേരിടുന്ന കാലാവസ്ഥ വ്യതിയാനം നേരിടാൻ അടിയന്തര നടപടികൾ ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാഡ്രിഡിൽ കാലാവസ്ഥ വ്യതിയാന ഉച്ചകോടിക്ക് മുന്നോടിയായി നടന്ന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഗുട്ടറെസ്.
കാലാവസ്ഥ പ്രതിസന്ധി നേരിടാൻ നമുക്ക് സാങ്കേതിക, സാമ്പത്തിക ഘടകങ്ങൾ ഉണ്ടെങ്കിലും രാഷ്ട്രീയ ഇച്ഛാശക്തിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രതീക്ഷയുടെ സൂചനകൾ ധാരാളമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പൊതുജനാഭിപ്രായം എല്ലായിടത്തും രൂപപ്പെടുന്നുണ്ട്. യുവാക്കൾ ഇതിന്റെ നേതൃത്വം ഏറ്റെടുക്കാൻ മുന്നോട്ട് വരുന്നുണ്ടെന്നതും ശ്രദ്ധേയമാണ്.
ഫോസിൽ ഇന്ധനങ്ങൾക്കുള്ള സബ്സിഡി അവസാനിപ്പിക്കാൻ രാഷ്ട്രീയ നേതൃത്വം തയാറാകണം. ജനങ്ങൾക്ക് പകരം മലിനീകരണത്തിന് നികുതി ഏർപ്പെടുത്തണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ധനിക രാഷ്ട്രങ്ങളിൽ നിന്ന് ഇതിന് കൂടുതൽ നിക്ഷേപമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. ഹരിത ഗേഹ വാതകങ്ങളുടെ ബഹിർഗമനം കുറയ്ക്കാൻ ദരിദ്ര രാഷ്ട്രങ്ങളെ സഹായിക്കാനും അവർ തയാറാകണം. ആഗോളതാപനത്തിന്റെ കെടുതികളെ നേരിടാനും തയാറാകണം. വർധിച്ച് വരുന്ന ചൂടും കാട്ടുതീയും ചൂട് കാറ്റും, വരൾച്ചയും വെള്ളപ്പൊക്കവുമെല്ലാം അപകടസൂചനകളാണ്. ഇനിയും വൈകാതെ നാം പ്രവർത്തിച്ച് തുടങ്ങണമെന്നും അദ്ദേഹം നിർദേശിച്ചു.
വളരെ നിർണായകമായ ഒരു വർഷമാണ് നമുക്ക് മുന്നിലുള്ളത്. കൂടുതൽ ദേശീയ അർപ്പണബോധം നാം കാട്ടേണ്ടതുണ്ട്. 2050ഓടെ കാർബൺ പുറന്തള്ളൽ പൂർണമായും ഇല്ലാതാക്കാൻ ഹരിതഗേഹ വാതകങ്ങളുടെ പുറന്തള്ളൽ കുറച്ച് കൊണ്ടുവരാൻ നാം ശ്രമിക്കണം. പ്രത്യേകിച്ച് ഇവ വൻതോതിൽ പുറന്തള്ളുന്ന രാജ്യങ്ങൾ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാലാവസ്ഥ വ്യതിയാനത്തിന്റെ കെടുതികൾ ഏറെ അനുഭവിക്കുന്ന ദരിദ്ര്യ രാജ്യങ്ങളിലെ പ്രതിനിധികളടക്കമുള്ളവരുടെ സാനിധ്യത്തിലായിരുന്നു ഗുട്ടറെസിന്റെ ഈ പ്രസ്താവനകൾ.