കാലാവസ്ഥാ പ്രതിസന്ധി; ആഴ്ചയില്‍ ഒരു ദുരന്തം

Web Desk
Posted on July 07, 2019, 11:29 pm

ന്യൂഡല്‍ഹി: ആഗോളതാപനം ഉള്‍പ്പെടെയുള്ള കാലാവസ്ഥാ പ്രതിസന്ധിയെ തുടര്‍ന്ന് ലോകത്ത് ആഴ്ചയില്‍ ഒന്നുവീതം പ്രകൃതി ദുരന്തങ്ങള്‍ സംഭവിക്കുന്നുവെന്ന് ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പ്. ഇക്കാര്യത്തില്‍ ലോകം വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നില്ലെന്നും ദുരന്തപ്രത്യാഘാതങ്ങളുടെ പ്രതിരോധത്തിനായി വികസിത രാജ്യങ്ങള്‍ അടിയന്തര നടപടികള്‍ കൈക്കൊള്ളണമെന്നും ഐക്യരാഷ്ട്രസഭാ റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശമുണ്ട്.
ഇന്ത്യ ഇപ്പോള്‍ നേരിടുന്ന രൂക്ഷമായ വരള്‍ച്ച, മൊസാംബിക് തീരത്ത് വീശിയ ഇദായ്, കെനത്ത് ഉള്‍പ്പെടെയുള്ള ചുഴലിക്കാറ്റുകള്‍ എന്നിവ ലോകത്തെയാകെ ഉല്‍ക്കണ്ഠപ്പെടുത്തിയ പ്രകൃതിദുരന്തങ്ങളായിരുന്നു. അമേരിക്ക, ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ വീശിയ ഉഷ്ണ തരംഗങ്ങള്‍ ആയിരക്കണക്കിന് പേരുടെ ജീവനെടുത്തു. എന്നാല്‍ മരണത്തിനും മാറ്റിപ്പാര്‍പ്പിക്കലിനും മറ്റുതരത്തിലുള്ള ദുരിതങ്ങള്‍ക്കും കാരണമാകുന്ന നിരവധി സംഭവങ്ങളാണ് ലോകത്ത് പ്രവചിക്കപ്പെടുന്നതിനേക്കാള്‍ വേഗത്തില്‍ ഉണ്ടാകുന്നതെന്ന് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറലിന്റെ പ്രകൃതിക്ഷോഭ ലഘൂകരണത്തിനായുള്ള പ്രത്യേക പ്രതിനിധി മിസുടോറി അഭിപ്രായപ്പെട്ടു. ഇത് ഭാവിയെക്കുറിച്ചുള്ള പ്രവചനങ്ങളല്ലെന്നും ഇന്നത്തെ സംഭവങ്ങളാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കാലാവസ്ഥാ വ്യതിയാന ദുരന്തങ്ങളുടെ ഫലമായി ഓരോ വര്‍ഷവും 520 ദശലക്ഷം അമേരിക്കന്‍ ഡോളറിന്റെ നിവാരണ ചെലവുകളാണുണ്ടാവുന്നത്. ആഗോളതാപനം മൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ തടയുന്നതിനായി അടുത്ത 20 വര്‍ഷത്തേയ്ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് ഇതിന്റെ മൂന്ന് ശതമാനം തുകമാത്രം മതിയാകും. അടിസ്ഥാനസൗകര്യങ്ങളൊരുക്കുന്ന കാര്യത്തില്‍ ഇത് വളരെ ചെറിയ തുകയാണെന്ന് മിസുടോറി പറഞ്ഞു. ഭവനനിര്‍മാണം, റോഡ്-റയില്‍ ശൃംഖലകള്‍, ഫാക്ടറികള്‍, ഊര്‍ജ്ജ‑ജലവിതരണ ശൃംഖലകള്‍ എന്നിവ പ്രളയം, വരള്‍ച്ച, കൊടുങ്കാറ്റ്, കടുത്ത കാലാവസ്ഥ എന്നിവയ്ക്ക് അനുയോജ്യമായ മാനദണ്ഡങ്ങളനുസരിച്ചുള്ളതാകണമെന്ന് അവര്‍ നിര്‍ദ്ദേശിച്ചു.
ആഗോളതാപനത്തിന്റെ ഭാഗമായി ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഊഷ്മാവ് ക്രമാതീതമായി ഉയര്‍ന്നു. ചിലഘട്ടങ്ങളില്‍ സമുദ്രത്തിലെ ഉപരിതല ഊഷ്മാവ് 30 ഡിഗ്രി അധികരിച്ചു. ഇതാണ് നിശ്ചിത ഇടവേളകളില്‍ ഇന്ത്യന്‍ മഹാസമുദ്രത്തോട് ചേര്‍ന്നുള്ള രാജ്യങ്ങളില്‍ ചുഴലിക്കാറ്റ്, ഉഷ്ണ തരംഗങ്ങള്‍, എല്‍നിനോ ഉള്‍പ്പെടെയുള്ള പ്രതിഭാസങ്ങള്‍ക്ക് കാരണമെന്ന് കാലാവസ്ഥ വിദഗ്ധര്‍ വിലയിരുത്തുന്നു.

ഇതുവരെ പ്രകൃതി ദുരന്ത ലഘൂകരണത്തിനല്ല നാം പ്രാമുഖ്യം നല്‍കി വന്നിരുന്നത്. കാലാവസ്ഥാ പ്രതിസന്ധിക്ക് കാരണമായ ഹരിതഗൃഹവാതകങ്ങളുടെ നിര്‍ഗമനം കുറയ്ക്കുന്നതിനുള്ള ഉപായങ്ങളെ കുറിച്ചാണ് നാം സംസാരിച്ചു വന്നിരുന്നത്. കാലാവസ്ഥാ വ്യതിയാനത്തോട് പൊരുത്തപ്പെട്ടുള്ള അതിജീവനത്തെ കുറിച്ച് മാറി ചിന്തിക്കാന്‍ നാം നിര്‍ബന്ധിതമാണെന്ന് മിസുടോറി അഭിപ്രായപ്പെട്ടു. ജനങ്ങള്‍ക്ക് മുന്നറിയിപ്പുകള്‍ നല്‍കുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കിയാല്‍തന്നെ ദുരന്തത്തിന്റെ ചെറുപ്രത്യാഘാതങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയുമെന്നും അവര്‍ പറഞ്ഞു.