25 April 2024, Thursday

കേരളത്തിൽ ഉണ്ടാകുന്നത് കാലാവസ്ഥ അടിയന്തരാവസ്ഥ; മുരളി തുമ്മാരക്കുടി

Janayugom Webdesk
October 31, 2021 5:23 pm

കേരളത്തിൽ ഇപ്പോൾ ഉള്ളത് കാലാവസ്ഥ വ്യതിയാനമല്ലെന്നും കാലാവസ്ഥ അടിയന്തരാവസ്ഥയാണെന്നും പ്രമുഖ രാജ്യാന്തര പരിസ്ഥിതി ശാസ്ത്രജ്ഞൻ മുരളി തുമ്മാരക്കുടി പറഞ്ഞു. കേരള പ്രൊഫെഷണൽസ് ഫ്രണ്ട് ന്റെ ആഭിമുഖ്യത്തിൽ പ്രളയാനന്തര കേരളം എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ വെബിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലാവസ്ഥ വ്യതിയാനം എന്ന അസ്ഥയൊക്കെ കേരളത്തിൽ മാറി. നിലവിൽ ഉള്ളത് കാലാവസ്ഥ അടിയന്തരാവസ്ഥയാണ്. ആ സാഹചര്യത്തിൽ കേരളത്തിലെ ആവാസ വ്യസ്ഥയ്ക്ക് തന്നെ കാര്യമായ മാറ്റം വരുത്തേണ്ടത് ആവശ്യമാണ്. 

ദുരന്തമുണ്ടാകുന്ന സ്ഥലങ്ങൾ മുൻകൂട്ടി തിരിച്ചറിയാനുള്ള സംവിധാനം നടപ്പിലാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അത് പോലെ തന്നെ ദുരന്തമുണ്ടാകുമ്പോൾ അത് ജനങ്ങളെ വേഗത്തിൽ അറിയിച്ച് ജനങ്ങളെ മാറ്റി പാർപ്പിച്ച് അപകടത്തിന്റെ കാഠിന്യം കുറയ്ക്കാനുള്ള നടപടികളും സ്വീകരിക്കണം. കടുത്ത മഴയും വെള്ളപ്പൊക്കവും ഉണ്ടാകുമ്പോൾ തന്നെ കറണ്ട് പോകുന്ന അവസ്ഥയാണ് കേരളത്തിലുള്ളത്. ആ സാഹചര്യത്തിൽ ടിവിയിലൂടെയോ, പത്രങ്ങളിലൂടെയും അപകടാവസ്ഥ അറിയിച്ചാൽ അത് ജനങ്ങൾ ശ്രദ്ധിച്ചെന്ന് വരില്ല. ആ സാഹചര്യത്തിൽ നിലവിൽ തന്നെ കെഎസ്ഇബി പല അറിയിപ്പുകളും എസ്എംഎസ് വഴി ഉപഭോക്താക്കളെ അറിയിക്കുണ്ട്. ആ സൗകര്യം കൂടുതൽ വിപുലമാക്കി വെള്ളപ്പൊക്കം, ഡാമുകളെ സംബന്ധിച്ചുള്ള വിവരങ്ങൾ എന്നിവ ജനങ്ങളെ അറിയിക്കാനുള്ള നടപടികളും സ്വീകരിക്കണമെന്നും തുമ്മാരക്കുടി അഭിപ്രായപ്പെട്ടു. കേരളത്തിലെ നിലവിലെ സാഹചര്യങ്ങൾ മുൻകൂട്ടി മനസിലാക്കി പരിഹാരം നിർദ്ദേശിക്കുന്നതിന് വേണ്ടി എഞ്ചിനീയർമാരുടേയും മറ്റ് പ്രൊഫഷണലുകളുടേയും ഒരു ഹാക്കത്തോൻ സംഘടിപ്പിക്കണമെന്നും അദ്ദേഹം അഭിപ്രയപ്പെട്ടു.

സംസ്ഥാനത്ത് ആവർത്തിക്കപ്പെടുന്ന പ്രളയങ്ങൾ സാങ്കേതിക വിദ്യയുടെ സാധ്യത ഉപയോഗിച്ച് അടയാളപ്പെടുത്തേണ്ട ആവശ്യഗത അതിക്രമിച്ചതായി വെബിനാർ ഉദ്ഘാടനം ചെയ്ത ചീഫ് വിപ്പ് ഡോ. എൻ.ജയരാജ് പറഞ്ഞു. പുഴകളുടെ സ്വാഭാവിക ഒഴുക്ക് തടസപ്പെടുത്തുന്ന കൈയ്യേറ്റങ്ങൾ നിരവധിയാണ്. അത്തരം കൈയ്യേറ്റങ്ങളാണ് അപകടങ്ങളുടേയും ദുരന്തങ്ങളുടേയും ആഴം കൂട്ടുന്നത്. ഇതിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിർമ്മാണ പ്രവർത്തങ്ങൾ പരിസ്ഥിതി ദോഷപ്പെടുത്തത് മാറ്റി പരിസ്ഥിതി സൗഹൃദമാക്കേണ്ടതിന്റെ ആവശ്യഗതയാണ് അടിക്കടിയുള്ള ദുരന്തങ്ങൾ സൂചിപ്പിക്കുന്നതെന്ന് സെബ്യാസ്റ്റ്യൻ കുളത്തിങ്കൽ എംഎൽഎ പറഞ്ഞു. 

അപകടസാധ്യത സ്ഥലത്തുള്ളവരെ കണ്ടെത്തി അവരെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കാനുള്ള സൗകര്യമാണ് ഈ കാലഘട്ടത്തിൽ ആവശ്യമെന്നും അല്ലെങ്കിൽ ഇനിയുള്ള ദുരന്തങ്ങൾ വലിയ നാശത്തിന് വഴിവെയ്ക്കുമെന്നും എംഎൽഎ അഭിപ്രായപ്പെട്ടു. കേരള പ്രൊഫെഷണൽസ് ഫ്രണ്ട് സംസ്ഥാന കോ-ഓർഡിനേറ്റർ സന്തോഷ് കുഴിക്കാട്ട് മോഡറേറ്റർ ആയിരുന്ന വെബിനാറിൽ, അന്താരാഷ്ട്ര നിയമ വിദഗ്ധൻ ദീപക് രാജു, ഡോ. സിന്ധുമോൾ ജേക്കബ്, പ്രൊഫ ഡി. സുരേഷ് ബാബു, ഡോ. മിലന്റ് തോമസ്, മുതിർന്ന മാധ്യമപ്രവർത്തകൻ ജയചന്ദ്രൻ, സെബിൻ കെ അഫ്രേം തുടങ്ങിയവരും സംസാരിച്ചു.

ENGLISH SUMMARY:Climate emer­gency in Ker­ala; Murali Tummarakudi
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.