25 April 2024, Thursday

Related news

January 7, 2024
December 19, 2023
December 17, 2023
November 30, 2023
November 24, 2023
November 23, 2023
November 22, 2023
November 8, 2023
November 5, 2023
October 28, 2023

മഴക്കെടുതി: ദുരന്ത കാരണം ലഘു മേഘവിസ്ഫോടനം

Janayugom Webdesk
കൊച്ചി
October 17, 2021 7:33 pm

സംസ്ഥാനത്ത് കഴിഞ്ഞ ദിവസം ആർത്തലച്ച് പെയ്ത മഴ മേഘവിസ്ഫോടനത്തെ തുടർന്നെന്ന് വിദഗ്ധർ. കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ സെന്റർ ഫോർ അറ്റ്മോസ്ഫറിക് റിസർച്ച് സെന്ററാണ് ഇത് സംബന്ധിച്ച് വിവരം പുറത്തുവിട്ടത്. മഴ സംഹാരതാണ്ഡവമാടിയ കൂട്ടിക്കലിലും കൊക്കയാറിലും ഉണ്ടായത് മേഘവിസ്ഫോടനമെന്ന പ്രതിഭാസമാണെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.എന്നാൽ ഈ കണ്ടെത്തൽ തള്ളി മറ്റൊരുവിഭാഗവും രംഗത്തുണ്ട്. ന്യൂനമർദ്ദമാണ് കനത്ത മഴയ്ക്ക് കാരണമെന്നും മേഘവിസ്ഫോടനമുണ്ടായിട്ടില്ലെന്നും ഇക്കൂട്ടർ അവകാശപ്പെടുന്നു. 

ചുരുങ്ങിയ സമയത്തിൽ തോരാതെ പെയ്ത് വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കുന്ന പെരുമഴയ്ക്ക് കാരണം ലഘുമേഘ വിസ്ഫോടനമാണെന്നാണ് കുസാറ്റ് സെന്റർ ഫോർ അറ്റ്മോസ്ഫറിക് റിസർച്ച് സെന്റർ ചൂണ്ടിക്കാണിക്കുന്നത്. അസാധാരണമായി രൂപംകൊള്ളുന്ന മേഘകൂമ്പാരങ്ങളാണ് പലയിടത്തും രണ്ട് മണിക്കൂറിൽ അഞ്ച് സെന്റിമീറ്ററിലധികം തീവ്രമഴയായി പെയ്തിറങ്ങിയത്. അറബിക്കടലിലെ ന്യൂനമർദ്ദ വിശകലനത്തിൽ മാത്രം പ്രവചനം ചുരുങ്ങിയാൽ മുന്നറിയിപ്പില്ലാത്തതിനാൽ പ്രാദേശികമായ ദുരന്തങ്ങൾ ഇനിയും ആവർത്തിച്ചേക്കാമെന്നും റിസർച്ച് സെന്റർ മുന്നറിയിപ്പ് നൽകുന്നു. ശനിയാഴ്ച്ച രാവിലെ മുതൽ കേരളത്തിന്റെ ആകാശം മേഘാവൃതമായി ഇരുൾ മൂടിയിരുന്നു. എന്നാൽ ഇതിൽ തന്നെ കൂടുതൽ തീവ്രമായ ചെറു മേഘകൂട്ടങ്ങൾ കണ്ട സ്ഥലങ്ങളിലാണ് മഴ ശക്തമായി പെയ്തത്. 

കഴിഞ്ഞ ചൊവ്വാഴ്ചക്ക് ശേഷം മഴ വിട്ടുനിന്ന സംസ്ഥാനത്ത് ശനിയാഴ്ച്ചത്തെ മഴയിലാണ് ഉരുൾപൊട്ടി ദുരന്തങ്ങളും പെയ്തിറങ്ങിയത്. കോട്ടയം, ഇടുക്കി ജില്ലകളിലെ മലയോരമേഖലകളിൽ ചെറിയ പ്രദേശത്ത്, കുറഞ്ഞ സമയത്തിലാണ് തീവ്രമഴ എത്തിയത്. ഈ അടിസ്ഥാനത്തിലാണ് 2019ന് സമാനമായ പ്രളയഭീതിയിലേക്ക് മധ്യകേരളമെത്തിയതിന് കാരണം ലഘുമേഘ വിസ്ഫോടനമെന്ന് വിലയിരുത്തുന്നത്. 2018ലെയും, 19ലെയും മഴയുടെ രീതി നിരീക്ഷിച്ച പഠനസംഘം സമാനമായ കാലാവസ്ഥയാണ് നിലവിലേതെന്നും വ്യക്തമാക്കുന്നു. 

ഒരു മണിക്കൂറിൽ പത്ത് സെന്റിമീറ്ററിലധികം തീവ്രമഴ പെയ്യുമ്പോഴാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മാനദണ്ഡപ്രകാരം മേഘവിസ്ഫോടനങ്ങളാണെന്ന് വിലയിരുത്തുന്നത്. ഈ സാഹചര്യം രാജ്യത്ത് ഹിമാലയത്തിലും, വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലുമാണ് കണ്ടുവരുന്നത്. എന്നാൽ കേരളത്തിന്റെ ഭൂപ്രകൃതിയിൽ രണ്ട് മണിക്കൂറിൽ അഞ്ച് സെന്റിമീറ്റർ മഴ പെയ്താൽ പോലും അപകടമാണ്. 2019ൽ സംഭവിച്ചതുപോലെ പെട്ടെന്ന് മണ്ണിടിച്ചിലും, ഉരുൾപൊട്ടലും വെള്ളപ്പൊക്കത്തിനും അത് വഴിവയ്ക്കും. പ്രാദേശികമായ കാലാവസ്ഥ പ്രവചനങ്ങൾക്ക് ജില്ല അടിസ്ഥാനത്തിൽ റഡാർ സംവിധാനങ്ങൾ ഒരുക്കണമെന്നും കാലാവസ്ഥ നിരീക്ഷകർ അഭിപ്രായപ്പെടുന്നു. 

Eng­lish Sum­ma­ry : cloud burst is the rea­son for rain dis­as­ters says experts

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.