29 March 2024, Friday

അമര്‍നാഥില്‍ മേഘവിസ്‌ഫോടനം: 15 മരണം

Janayugom Webdesk
July 8, 2022 11:24 pm

അമര്‍നാഥ് ഗുഹാ ക്ഷേത്രത്തിന് സമീപം മേഘവിസ്‌ഫോടനം. കനത്തമഴയിലും മിന്നല്‍പ്രളയത്തിലും പെട്ട് 15 തീര്‍ത്ഥാടകര്‍ മരിച്ചു. നിരവധിപേര്‍ക്ക് പരിക്കേറ്റു. 40 പേരെ കാണാതായി. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും.
വൈകിട്ട് അഞ്ചരയോടെയാണ് മേഘവിസ്‌ഫോടനത്തെത്തുടര്‍ന്ന് കനത്തമഴയും മലവെള്ളപ്പാച്ചിലുമുണ്ടായത്. തീര്‍ത്ഥാടകര്‍ക്കായി ഒരുക്കിയിരുന്ന 25 ടെന്റുകളും മൂന്ന് ഭക്ഷണശാലകളും പൂര്‍ണമായി ഒലിച്ചുപോയി. ഗുഹയുടെ മുകളില്‍ നിന്നും വശങ്ങളില്‍ നിന്നുമുണ്ടായ കുത്തൊഴുക്കില്‍ ഒലിച്ചുപോയവരെ ഇനിയും കണ്ടെത്താനായിട്ടില്ല.
ദുരന്തനിവാരണസേനയും സൈന്യവും രക്ഷാപ്രവര്‍ത്തനത്തിനായി രംഗത്തിറങ്ങി. പ്രതികൂല കാലാവസ്ഥയും പ്രദേശത്തേക്ക് കൂടുതല്‍ സൈനിക സംഘങ്ങള്‍ക്ക് എത്താനാകാത്തതും മൂലം രക്ഷാപ്രവര്‍ത്തനം തടസപ്പെട്ടു. പരിക്കേറ്റവരെ ചികിത്സക്കായി വ്യോമമാര്‍ഗം ശ്രീനഗറിലെത്തിച്ചു. സ്ഥിതി നിയന്ത്രണവിധേയമാണെന്ന് ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ ഫോഴ്സ് വക്താവ് അറിയിച്ചു. ഒരു പ്രത്യേക മേഖലയില്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ വര്‍ധിച്ച അളവില്‍ മഴ പെയ്തിറങ്ങുന്നതാണ് മേഘ വിസ്ഫോടനം.
കാലാവസ്ഥ മോശമായതിനാല്‍ അമര്‍നാഥ് തീര്‍ത്ഥാടന യാത്ര താല്‍ക്കാലികമായി നിര്‍ത്തിവച്ചു. നേരത്തെയും മോശം കാലാവസ്ഥ മൂലം അമര്‍നാഥ് തീര്‍ത്ഥാടനം നിര്‍ത്തിവച്ചിരുന്നു. ജൂണ്‍ 30ന് ആരംഭിച്ച തീര്‍ത്ഥാടനത്തില്‍ ഇതുവരെ ഒരുലക്ഷത്തിലേറെപ്പേര്‍ പങ്കെടുത്തിട്ടുണ്ട്. കോവിഡ് മൂലം കഴിഞ്ഞ രണ്ട് വര്‍ഷവും അമര്‍നാഥ് തീര്‍ത്ഥാടനം നടന്നിരുന്നില്ല. ഓഗസ്റ്റ് 11ന് തീര്‍ത്ഥാടനം അവസാനിക്കും. 

Eng­lish Sum­ma­ry: Cloud­burst in Amar­nath: 15 dead

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.