March 28, 2023 Tuesday

ഐപിഎൽ: സമ്മാനത്തുക കുറച്ചതിനെതിരെ ക്ലബുകൾ

Janayugom Webdesk
മുംബൈ:
March 7, 2020 9:43 pm

ഐപിഎല്ലിന്റെ വരാനിരിക്കുന്ന സീസണില്‍ പ്ലേഓഫ് മുതല്‍ സമ്മാനത്തുക പകുതിയാക്കി വെട്ടിക്കുറയ്ക്കാനുള്ള ബിസിസിഐയുടെ തീരുമാനത്തിനെതിരേ ഫ്രാഞ്ചൈസികള്‍. തങ്ങളുടെ എതിര്‍പ്പ് അറിയിച്ച് കൊണ്ട് എട്ടു ഫ്രാഞ്ചൈസികളും ബിസിസിഐ മേധാവി സൗരവ് ഗാംഗുലിക്കു കത്തയച്ചിട്ടുണ്ട്. തങ്ങളെ മുന്‍കൂട്ടി അറിയിക്കുക പോലും ചെയ്യാതെയാണ് ബിസിസിഐ ഈ തീരുമാനം കൈക്കൊണ്ടതെന്നും ഫ്രാഞ്ചൈസികള്‍ ചൂണ്ടിക്കാണിക്കുന്നു.

ഡല്‍ഹി ക്യാപ്പിറ്റല്‍സാണ് സമ്മാനത്തുക പകുതിയാക്കതിനെതിരേ ആദ്യമായി പ്രതിഷേധിച്ചത്. ബിസിസിഐയുടെ തീരുമാനത്തിനെതിരേ ചര്‍ച്ചകള്‍ക്കു തുടക്കമിട്ടത് ഡല്‍ഹിയായിരുന്നു. തുടര്‍ന്ന് മറ്റുള്ള ഏഴു ഫ്രാഞ്ചൈസികളും അനുകൂലിച്ച് രംഗത്ത് വരികയായിരുന്നു. സമ്മാനത്തുക പകുതിയാക്കി കുറയ്ക്കാനുള്ള തീരുമാനം ഗൗരവമുള്ളതാണെന്നും ഫ്രാഞ്ചൈസികള്‍ ചൂണ്ടിക്കാണിക്കുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ബിസിസിഐ ഇത്തരമൊരു തീരുമാനം കൈക്കൊണ്ടേക്കുമെന്നതിനെക്കുറിച്ച് സൂചന പോലും തങ്ങള്‍ക്കു ലഭിച്ചിരുന്നില്ല. മാധ്യമങ്ങളില്‍ നിന്നാണ് തങ്ങള്‍ക്കു ഇക്കാര്യം മനസ്സിലാക്കാന്‍ കഴിഞ്ഞത്. നേരത്തേ ഐപിഎല്ലിനു മുമ്പ് നടത്താന്‍ നിശ്ചയിച്ചിരുന്ന ഓള്‍ സ്റ്റാര്‍ ഗെയിമും ഇതേ പോലെ തന്നെയായിരുന്നു. അന്നും തങ്ങളുടെ അഭിപ്രായം തേടാതെ ഗാംഗുലി ഏകപക്ഷീയമായി ഓള്‍ സ്റ്റാര്‍ ഗെയിം നടത്തുമെന്ന് തീരുമാനമെടുക്കുകയായിരുന്നുവെന്നും ഫ്രാഞ്ചൈസി ഉടമകളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ പറയുന്നു.

ആറു ഫ്രാഞ്ചൈസികളാണ് ആദ്യം ഇത്തരമൊരു കത്ത് ഗാംഗുലിക്കു അയക്കാന്‍ തീരുമാനിച്ചിരുന്നത്. മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും പിന്നീടാണ് അനുകൂലിച്ചത്. സമയം വളരെ കുറവായതിനാല്‍ തന്നെ ഫോണ്‍ കോളുകള്‍ വഴിയും മെസേജുകള്‍ വഴിയുമാണ് ഫ്രാഞ്ചൈസി ഉടമകള്‍ ഈ വിഷയം പരസ്പരം ചര്‍ച്ച ചെയ്തതെന്നും അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തി. തങ്ങളുടെ ആശങ്കകള്‍ ബിസിസിഐ പരിഗണിക്കുമെന്നും അനുകൂലമായ തീരുമാനം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഒരു ഫ്രാഞ്ചൈസിയുടെ ഒഫീഷ്യല്‍ പ്രതികരിച്ചു.

ENGLISH SUMMARY: Clubs against the reduc­tion of IPL prize

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.