“ക്ലൂ” വരുന്നു; ശുചിമുറി കണ്ടുപിടിക്കാന്‍ ഇനി ബുദ്ധിമുട്ടേണ്ട

Web Desk

കോഴിക്കോട്

Posted on January 18, 2019, 7:16 pm

രാജ്യത്ത് തന്നെ ആദ്യമായി ഹോട്ടലുകളിലെ ടോയ്‌ലറ്റ് സംവിധാനം പൊതുജനങ്ങള്‍ക്ക് സൗജന്യമായി ഉപയോഗിക്കാന്‍ തുറന്നുകൊടുക്കുന്ന ‘ക്ലൂ’ പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കുന്നു. ജില്ലാ ഭരണകൂടവും കേരള ഹോട്ടല്‍ ആന്‍റ് റസ്‌റ്റോറന്‍റ് അസോസിയേഷനും സംയുക്തമായി കോഴിക്കോട് ജില്ലയില്‍ നടപ്പിലാക്കി വിജയിച്ച പദ്ധതിയാണ് സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്നത്. കോഴിക്കോട് 25 മുതല്‍ 29 വരെ നടക്കുന്ന ഹോട്ടല്‍ ആന്‍റ് റസ്‌റ്റോറന്റ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തില്‍ വെച്ച് പദ്ധതിയുടെ ഉദ്ഘാടനം നടക്കും.

ശുചിമുറി ഉപയോഗിക്കുന്നതിനൊപ്പം വൃത്തിയും വെടിപ്പുമുള്ള ശുചിമുറി കണ്ടുപിടിക്കാനും പദ്ധതി സൗകര്യമൊരുക്കും. ഇതിനായി പദ്ധതിയില്‍ ഉള്‍പ്പെട്ട ഹോട്ടലുകള്‍ കണ്ടെത്തുന്നതിനായി ഹോട്ടലുകളുടെ ചിത്രവും ഫോണ്‍ നമ്പറും മറ്റ് വിവരങ്ങളും അടങ്ങുന്ന ക്ലൂ എന്ന മൊബൈല്‍ ആപ് പ്രയോജനപ്പെടുത്താവുന്നതാണ്. ആപ്പിന്റെ സഹായത്തോടെ ഈ ഹോട്ടലുകള്‍ കണ്ടെത്താന്‍ യാത്രക്കാര്‍ക്ക് എളുപ്പമാവും. ആരോഗ്യവകുപ്പ് ജീവനക്കാര്‍, ഹൗസ് കീപ്പിങ്ങ് ഫാക്കല്‍റ്റിമാര്‍, കെ എച്ച് ആര്‍ എ പ്രതിനിധികള്‍ തുടങ്ങിയവര്‍ ഒരുമിച്ച് പരിശോധന നടത്തിയാണ് കോഴിക്കോട്ടെ വൃത്തിയുള്ള ശുചിമുറികളുള്ള ഹോട്ടലുകള്‍ തെരഞ്ഞെടുത്തത്. ശുചിമുറിയുടെ കൃത്യമായ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ അതാത് ഹോട്ടലുകള്‍ നിര്‍വ്വഹിക്കും. ഈ മാതൃകയില്‍ സംസ്ഥാനത്തൊട്ടാകെയുള്ള ഹോട്ടലുകള്‍ തെരഞ്ഞെടുക്കും.

യാത്രക്കിടെ പലപ്പോഴും പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാന്‍ ആളുകള്‍ പ്രയാസപ്പെടാറുണ്ട്. സ്ത്രീകളാണ് ഈ പ്രശ്‌നം കൂടുതല്‍ അനുഭവിക്കുന്നത്. ക്ലൂ പദ്ധതിയിലൂടെ ഈ പ്രശ്‌നത്തിനെല്ലാം പരിഹാരമാവും. ശുചിമുറി മാത്രമല്ല ഓരോ ഹോട്ടലിലും ലഭിക്കുന്ന ഭക്ഷണത്തിന്‍റെ പ്രത്യേകതകളും താമസ സൗകര്യങ്ങളും പാര്‍ക്കിംഗ് സൗകര്യവുമെല്ലാം ഈ ആപ്പിലൂടെ അറിയാന്‍ സാധിക്കുമെന്നതും പ്രത്യേകതയാണ്. ഡയമണ്ട് പ്ലസ്, ഡയമണ്ട്, ഗോള്‍ഡ് പ്ലസ്, ഗോള്‍ഡ് എന്നിങ്ങനെ നാല് കാറ്റഗറിയിലുള്ള റസ്റ്റ് റൂമുകളെക്കുറിച്ചുള്ള വിവരങ്ങളും ലഭിക്കും. സര്‍ക്കാര്‍ മാത്രം വിചാരിച്ചാല്‍ ഈ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സാധിക്കില്ല. അതുകൊണ്ടാണ് കോഴിക്കോട്ട് നടത്തി വിജയിച്ച പദ്ധതി സംസ്ഥാന വ്യാപകമാക്കാന്‍ തീരുമാനിച്ചതെന്ന് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജി ജയപാല്‍ പറഞ്ഞു. പൊതുജനങ്ങള്‍ക്കും റസ്‌റ്റോറന്റുകള്‍ക്കും ഗുണകരമാകുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

കോഴിക്കോട് കാലിക്കറ്റ് ട്രേഡ് സെന്ററില്‍ നടക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ വെച്ച് 29 ന് ക്ലൂ പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി ഇ പി ജയരാജന്‍ നിര്‍വ്വഹിക്കും. സമ്മേളനം ‘സല്‍ക്കാര്‍ 2019’ 29 ന് വൈകിട്ട് നാലിന് കേന്ദ്ര മന്ത്രി ഡി വി സദാനന്ദഗൗഡ ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ കെ കെ ശൈലജ, വി എസ് സുനില്‍ കുമാര്‍, ടി പി രാമകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സമ്മേളനത്തോടനുബന്ധിച്ചുള്ള ഭക്ഷ്യമേളയും ഹോട്ടല്‍ എക്‌സ്‌പോയും 25 ന് ആരംഭിക്കും. അഞ്ചു ദിവസങ്ങളിലായി നടക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ സംസ്ഥാനത്തെ ഹോട്ടല്‍, റസ്‌റ്റോറന്റ്, ലോഡ്ജ്, ഹെറിറ്റേജ് ഹോട്ടല്‍, ബേക്കറി ഉടമകള്‍ പങ്കെടുക്കുമെന്ന് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എം മൊയ്തീന്‍ കുട്ടി ഹാജി, ടി വി മുഹമ്മദ് സുഹൈല്‍, സി ഷമീര്‍, എന്‍ കെ മുഹമ്മദ് അലി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.