അയോധ്യാ വിധി എന്തു തന്നെയായാലും സമാധാനപരമായി സ്വീകരിക്കാൻ തയാറാകണം: മുഖ്യമന്ത്രി

Web Desk
Posted on November 08, 2019, 10:53 pm

തിരുവനന്തപുരം: അയോധ്യാ വിധി എന്തു തന്നെയായാലും സമാധാനപരമായി സ്വീകരിക്കാൻ തയാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്ക്‌ പോസ്റ്റിലൂടെയാണ്‌ അദ്ദേഹം കേരളത്തിൽ സംയമനത്തോടെ മാത്രമേ പ്രതികരണങ്ങൾ ഉണ്ടാകാവൂ എന്ന് ആവശ്യപ്പെട്ടിരിക്കുന്നത്‌. പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ.

അയോധ്യാ കേസില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ശനിയാഴ്ച വിധിപ്രസ്താവം നടത്തും എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ലോകമാകെ ഉറ്റുനോക്കുന്നതാണ് അയോധ്യാ വിധി.

വിധി എന്തു തന്നെയായാലും സംയമനത്തോടെയുള്ള പ്രതികരണങ്ങളേ കേരളത്തിലുണ്ടാവൂ എന്ന് നാം എല്ലാവരും ഉറപ്പുവരുത്തണം. ബാബരി മസ്ജിദ് തകർക്കുന്ന സാഹചര്യം ഉണ്ടായപ്പോൾ കേരളം മാതൃകാപരമായായാണ് പ്രതികരിച്ചത്. കേരളത്തിന്റെ പ്രബുദ്ധത ഉയർത്തിപ്പിടിക്കുന്നതായിരുന്നു സമാധാന പൂർവ്വമായുള്ള ആ പ്രതികരണം. നാളത്തെ വിധി എന്തായാലും സമാധാനപരമായി അതിനെ സ്വീകരിക്കാൻ എല്ലാ ജനങ്ങളും തയാറാകണം. രാജ്യത്തിന്റെ മതനിരപേക്ഷതയും സമാധാനവും കാത്തു സൂക്ഷിക്കാനുള്ള പ്രതിജ്ഞാ ബദ്ധത എല്ലാ കേരളീയരിലും ഉണ്ടാകണം.

വിധി ഒരു തരത്തിലുമുള്ള വിദ്വേഷ പ്രചാരണത്തിന് ഹേതുവാക്കരുത്. ഉയർന്ന മതനിരപേക്ഷ മൂല്യങ്ങളാലാവണം, ഐക്യബോധത്താലാവണം നാം നയിക്കപ്പെടേണ്ടത്. വിധി വരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കണം എന്ന് പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്.