മാർച്ച് 27 മുതൽ 45 ലക്ഷത്തോളം പേർക്ക് സാമൂഹ്യ പെൻഷൻ വിതരണം ചെയ്യും: മുഖ്യമന്ത്രി

Web Desk
Posted on March 25, 2020, 2:39 pm

മാർച്ച് 27 മുതൽ 45 ലക്ഷത്തോളം പേർക്ക് സാമൂഹ്യ പെൻഷൻ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് പെൻഷൻ വിതരണം സംബന്ധിച്ച് മുഖ്യമന്ത്രി അറിയിച്ചത്. പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ.

കോവിഡ്-19 പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ രണ്ടു മാസത്തെ ക്ഷേമപെൻഷൻ ഈ മാസം 27 മുതൽ വിതരണം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സാമൂഹ്യ സുരക്ഷാ പെൻഷൻ്റെ ഇനത്തിൽ 1069 കോടി രൂപയും, വെൽഫയർ ബോർഡ് വഴി 149 കോടി രൂപയുമാണ് വിതരണം ചെയ്യുന്നത്. സഹകരണ ബാങ്ക് മുഖേന പെൻഷൻ ലഭിക്കുന്നവർക്ക് വീടുകളിൽ പെൻഷൻ എത്തിക്കാനും നടപടി സ്വീകരിച്ചിട്ടുണ്ട്. കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിലാണ് രണ്ടു മാസത്തെ ക്ഷേമ പെൻഷൻ വേഗത്തിൽ വിതരണം ചെയ്യുന്നത്. ബാക്കിയുള്ള തുക വിഷുവിന് മുമ്പ് വീട്ടിലെത്തിക്കാനാണ് പദ്ധതി തയ്യാറാക്കുന്നത്. 45 ലക്ഷത്തോളം പേർക്കാണ് പെൻഷൻ തുക ലഭിക്കുക.

പിണറായി വിജയൻ (മുഖ്യമന്ത്രി)