മയക്കുമരുന്ന് ഉപയോഗവും വ്യാപനവും തടയാൻ ജനകീയ പിന്തുണയും ഉണ്ടാകണമെന്ന് മുഖ്യമന്ത്രി

Web Desk

കൊച്ചി

Posted on February 15, 2020, 5:12 pm

മയക്കുമരുന്ന് ഉപയോഗവും വ്യാപനവും തടയാൻ ജനകീയ പിന്തുണയും ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മയക്കുമരുന്നിനെതിരെ കേരള പൊലീസ് തയ്യാറാക്കിയ മൊബൈൽ ആപ്പ് ‘യോദ്ധാവ്’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാർഥികൾ ഉൾപ്പെടെ പുതുതലമുറ മയക്കുമരുന്നിന് അടിമകളാകുന്നത് ഏറെ വേദനാജനകമാണ്. ഇത് തടയാൻ പൊലീസും എക്സ്സൈസും വിവിധ പദ്ധതികളാണ് നടപ്പാക്കുന്നത്. മയക്കുമരുന്നിനെക്കുറിച്ചുള്ള വിവരങ്ങൾ കൃത്യമായും രഹസ്യമായും കൈകാര്യം ചെയ്യാൻ ‘യോദ്ധാവ്’ ആപ്പിന് കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കാക്കനാട് ഇൻഫോർക്കിലെ ടിസിഎസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പി ടി തോമസ് എംഎൽഎ അധ്യക്ഷനായി.

കൊച്ചി സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ, സൈബർ ഡോം, കാക്കനാട് ഇൻഫോപാർക്ക് പൊലീസ് സ്റ്റേഷൻ, തൃപ്പൂണിത്തുറയിലെ റീജണൽ ഫോറൻസിക് സയൻസ് ലബോറട്ടറി, കളമശേരിയിലെ ലോവർ സബോർഡിനേറ്റ് ക്വാർട്ടേഴ്സ് എന്നിവയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു. കളമശേരിയിലെ അപ്പർ സബോർഡിനേറ്റ് ക്വാർട്ടേഴ്സിന്റെ തറക്കല്ലിടലും കൊച്ചി പൊലീസ്കോംപ്ലക്സിന്റെ മാതൃക രൂപം അനാഛാദനവും ചെയ്തു.

ഡിജിപി ലോക്നാഥ് ബഹ്റ സ്വാഗതം പറഞ്ഞു. കെ ജെ മാക്സി എംഎൽഎ, മേയർ സൗമിനി ജെയിൻ, കളക്ടർ എസ് സുഹാസ്, തൃക്കാക്കര നഗരസഭ ചെയർപേഴ്സൺ ഉഷ പ്രവീൺ, കളമശേരി നഗരസഭ ചെയർപേഴ്സൺ റുക്കിയ ജമാൽ, കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ വിജയ് സാഖറെ, എഡിജിപി ടോമിൻ തച്ചങ്കരി, ടിസിഎസ് കേരള ഹെഡ് ദിനേശ് തമ്പി, ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥർ, സൈബർ വിദഗ്ധർ, ജനപ്രതിനിധികൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. കേരള പൊലീസിന്റെ ഉപഹാരം ഡിജിപി ലോക്നാഥ് ബഹ്റ മുഖ്യമന്ത്രിക്ക് കൈമാറി.

സൈബർ ഡോം നിർമാണത്തിന് നേതൃത്വം നൽകിയ ഹാബിറ്റാറ്റ് ടെക്നോളജീസ് ചെയർമാൻ ജി ശങ്കർ, കേരള പൊലീസ് ഹൗസിങ് കോ–-ഓപ്പറേറ്റീവ് കൺസ്ട്രക്ഷൻ എംഡി എസ് ശ്യാം സുന്ദർ, തരുൺ വിഗ്, അഭിഷേക് ഇന്നേബു, ബിപിസിഎൽ മുൻ ഡയറക്ടർമാരായ പ്രസാദ് പണിക്കർ, മുരളി മാധവൻ, സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ രൂപകൽപ്പന ചെയ്ത വിജിത് ജഗദീഷ്, ജിഷോ ജോൺ, യോദ്ധാവ് ആപ്പിനായി പ്രൊമോ നിർമിച്ച സിനിമ സംവിധായകൻ ഫെലിക്സ് ജോസഫ് എന്നിവർക്ക് മുഖ്യമന്ത്രി ഉപഹാരങ്ങൾ നൽകി. ഇൻഫോപാർക്ക്, സൈബർ സ്റ്റേഷനുകളിലെ സന്ദർശ പുസ്തകത്തിൽ ആദ്യ അഭിപ്രായം മുഖ്യമന്ത്രി രേഖപ്പെടുത്തി. മയക്കുമരുന്നിനെതിരെയുള്ള യോദ്ധാവ് ആപ്പിലും ആദ്യ സന്ദേശം മുഖ്യമന്ത്രിയുടെയായിരുന്നു.