Janayugom Online
pinarayi-vijayan

31,000 കോടി നഷ്ടത്തിന് 600 കോടി: കേന്ദ്രം മുഖം തിരിക്കുന്നു

Web Desk

തിരുവനന്തപുരം

Posted on November 23, 2018, 6:29 pm

പ്രളയത്തില്‍ മുങ്ങിയ കേരളത്തിന്‍റെ പുനര്‍നിര്‍മ്മാണത്തിനു സഹായം നല്‍കുന്നതില്‍ വിമുഖത കാണിച്ച കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. 31,000 കോടി രൂപയുടെ നാശനഷ്ടമാണ് ഉണ്ടായത്. യഥാർഥ നഷ്ടം ഇതിലുമധികമാണ്. കേന്ദ്രം ഇതുവരെ 600 കോടി മാത്രമാണ് അനുവദിച്ചത്.

പുനർനിർമാണത്തിനു നല്ല പോലെ കേന്ദ്രസഹായം ലഭിക്കുമെന്നാണു പ്രതീക്ഷിച്ചത്. അർഹതപ്പെട്ടത് ഇതുവരെ ലഭിച്ചില്ല. മാത്രമല്ല, സഹായിക്കാൻ തയാറായി വന്ന യുഎഇ പോലുള്ള രാജ്യങ്ങളുടെ സഹായം സ്വീകരിക്കാനുമായില്ല. സംസ്ഥാനം എല്ലായ്പോഴും സഹകരിച്ചാണു മുന്നോട്ടു പോകുന്നത്. എന്നാൽ കേന്ദ്രം മുഖം തിരിക്കുന്നു. സഹായിക്കാൻ എത്തിയവരെ മാനിച്ചില്ല.

വിദേശരാജ്യങ്ങൾ സ്വമേധയാ നൽകുന്ന ധനസഹായം സ്വീകരിക്കാമെന്നാണു നിയമം. നമ്മുടെ സഹോദരങ്ങളായ പ്രവാസി മലയാളികൾ താമസിക്കുന്ന രാജ്യങ്ങൾ സന്ദർശിച്ച്, ഫണ്ട് സമാഹരിക്കാനുള്ള മന്ത്രിമാരുടെ യാത്ര തടയപ്പെട്ടു. കേരളം ആവശ്യപ്പെട്ട കാര്യങ്ങളിൽ, സാമ്പത്തിക സഹായങ്ങളിൽ ആവശ്യമായ നടപടി കേന്ദ്രത്തിൽ നിന്നുണ്ടായിട്ടില്ല. കേരളം ചോദിച്ചതും അർഹതയുള്ളതും മുഴുവൻ കിട്ടുമെന്നു പ്രതീക്ഷിച്ചാലും ബാക്കി 26,000 കോടി കണ്ടെത്തേണ്ടി വരും, മുഖ്യമന്ത്രി വ്യക്തമാക്കി.