മുഖ്യമന്ത്രിയുടെ സുരക്ഷയില്‍ വീഴ്ച: സി ഐയെ സ്ഥലംമാറ്റി

Web Desk
Posted on November 26, 2017, 10:37 pm

അങ്കമാലി: മുഖ്യമന്ത്രി പിണറായി വിജയന് യാത്രക്കിടെ സുരക്ഷയൊരുക്കുന്നതില്‍ വീഴ്ച്ച വരുത്തിയെന്ന ആക്ഷേപത്തെ തുടര്‍ന്ന് അങ്കമാലി പൊലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് റിയാസിനെ മൂവാറ്റുപുഴയില്‍ നൈറ്റ് പട്രോളിംഗ് ഡ്യൂട്ടിയിലേക്ക് മാറ്റി.
മുഖ്യമന്ത്രി പിണറായി വിജയന്‍ ദേശീയപാത വഴി കഴിഞ്ഞ 17ന് രാത്രി പത്തരക്ക് തൃശൂര്‍ ഭാഗത്തേക്ക് പോയിരുന്നു. മുഖ്യമന്ത്രിയുടെ യാത്ര സംബന്ധിച്ച വിവരങ്ങള്‍ എല്ലാ സ്റ്റേഷനുകളിലും നേരത്തെ നല്‍കിയിരുന്നുവെങ്കിലും ഇത് അങ്കമാലി പൊലീസ് ശ്രദ്ധിച്ചില്ല. അങ്കമാലി ടെല്‍ക്ക് ഭാഗത്ത് നിന്നും എറണാകുളം ജില്ലാ അതിര്‍ത്തിയായ കറുകുറ്റി വരെ മുഖ്യമന്ത്രിയുടെ വാഹനം സുരക്ഷിതമായി കടത്തിവിടേണ്ട ഉത്തരവാദിത്വം അങ്കമാലി പൊലീസിനാണ്. മുഖ്യമന്ത്രിയുടെ യാത്രാവിവരം അറിയാതിരുന്ന അങ്കമാലി പൊലീസ് ഈ ഭാഗത്തേക്ക് തിരിഞ്ഞുനോക്കിയില്ല. ഇതേതുടര്‍ന്ന് ഡിവൈഎസ്പി കെ ബി പ്രഫുലചന്ദ്രന്റെ കീഴില്‍ നെടുമ്പാശേരി പൊലീസ് തന്നെയാണ് മുഖ്യമന്ത്രിയെ ജില്ല കടത്തി വിട്ടത്. കറുകുറ്റിയില്‍ അല്പസമയം മുഖ്യമന്ത്രിയുടെ വാഹനം ഗതാഗതകുരുക്കിലുംപ്പെട്ടു.
അങ്കമാലി പൊലീസിന്റെ വീഴ്ച്ച വിവാദമായതോടെ റൂറല്‍ എസ്പി എ വി ജോര്‍ജിന്റെ നിര്‍ദ്ദേശപ്രകാരം അന്ന് രാത്രി തന്നെ അങ്കമാലി സിഐയെ മൂവാറ്റുപുഴയിലേക്ക് മാറ്റുകയായിരുന്നു.
എന്നാല്‍ മുഖ്യമന്ത്രിയുടെ യാത്രക്കിടെ സുരക്ഷ വീഴ്ച്ചയുണ്ടായിട്ടില്ലെന്ന് ഡിവൈഎസ്പി കെ ബി പ്രഫുലചന്ദ്രന്‍ പറഞ്ഞു. അങ്കമാലി പൊലീസും പൈലറ്റായി ഉണ്ടായിരുന്നു. കറുകുറ്റി ഭാഗത്ത് വച്ച് റോഡില്‍ പത്ത് സെക്കന്റ് മാത്രം ഗതാഗത തടസമുണ്ടായത്. അത് ആരുടെയും വീഴ്ച്ചകൊണ്ടല്ലെന്നും ഡിവൈഎസ്പി പറഞ്ഞു.