Web Desk

കൊച്ചി

March 01, 2020, 2:23 pm

പ്രളയബാധിതര്‍ക്കായി ആസ്റ്റര്‍ വോളണ്ടിയേഴ്‌സ് നിര്‍മിച്ച 100 വീടുകളുടെ താക്കോല്‍ദാനം മുഖ്യമന്ത്രി നിര്‍വ്വഹിച്ചു

Janayugom Online
പ്രളയബാധിതര്‍ക്കായി ആസ്റ്റര്‍ വോളന്റിയേഴ്‌സ് നിര്‍മിച്ച വീടുകളുടെ താക്കോല്‍ദാനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുന്നു. ജില്ലാ കളക്ടര്‍ എസ്. സുഹാസ്, അന്‍വര്‍ സാദത്ത് എംഎല്‍എ, മേയര്‍ സൗമിനി ജെയിന്‍, വി.ഡി. സതീശന്‍ എംഎല്‍എ, ഡോ. ആസാദ് മൂപ്പന്‍, ഹൈബി ഈഡന്‍ എംപി, വി.കെ. ഇബ്രാഹിംകുഞ്ഞ് എംഎല്‍എ, ടി.ജെ. വിനോദ് എംഎല്‍എ, ആര്‍ക്കിടെക്റ്റ് ജി. ശങ്കര്‍ എന്നിവര്‍ സമീപം

മഹാപ്രളയത്തില്‍ ഭവനരഹിതരായവര്‍ക്കായി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിന്റെ സാമൂഹ്യപ്രവര്‍ത്തന വിഭാഗമായ ആസ്റ്റര്‍ വോളന്റിയേഴ്‌സ് ആസ്റ്റര്‍ ഹോംസ് എന്ന ഭവനനിര്‍മാണ സംരംഭത്തിന്റെ ആഭിമുഖ്യത്തില്‍ നിര്‍മിച്ച 100 വീടുകളുടെ താക്കോല്‍ദാനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. കേരള പുനര്‍നിര്‍മാണ പദ്ധതിയുടെ ഭാഗമായി പ്രഖ്യാപിച്ച 250 വീടുകളിലെ ആദ്യഘട്ടം നിര്‍മാണം പൂര്‍ത്തിയായവയാണ് ഇത്. സാമൂഹ്യസേവന രംഗത്ത് ആസ്റ്റര്‍ ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഡോ. ആസാദ് മൂപ്പന്‍ മനുഷ്യസ്‌നേഹിയായ സംരംഭകനാണെന്നത് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് മുതല്‍കൂട്ടാണ്. പ്രളയകാലത്ത് ആസ്റ്റര്‍ വോളണ്ടിയേഴ്‌സിന്റെ നേതൃത്വത്തില്‍ നടന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധേയമായിരുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

മേയര്‍ സൗമിനി ജെയിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ഭവന നിര്‍മാണത്തില്‍ പങ്കാളിയായ റോട്ടറി ഇന്റര്‍നാഷണലിനെയും ദുരിതബാധിതര്‍ക്ക് ഭൂമി നല്‍കിയവരെയും മുഖ്യമന്ത്രി ആദരിച്ചു. 2018‑ലെ മഹാപ്രളയത്തില്‍ സര്‍വതും നഷ്ടപ്പെട്ട ഒരു വലിയ വിഭാഗം ആളുകള്‍ക്ക് വീട് വെച്ച് നല്‍കാമെന്ന വാഗ്ദാനം നിറവേറ്റാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്ന് ചടങ്ങില്‍ സംസാരിച്ച ആസ്റ്റര്‍ ഡിഎം ഫൗണ്ടേഷന്‍ മാനേജിംഗ് ട്രസ്റ്റി ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. വാഗ്ദാനം ചെയ്ത 250 വീടുകളില്‍ 100‑ലേറെ വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ആസ്റ്റര്‍ വോളണ്ടിയേഴ്‌സിന് കഴിഞ്ഞിട്ടുണ്ട്. പ്രളയബാധിത സംസ്ഥാനത്തിന്റെ സമഗ്രപുരോഗതി ലക്ഷ്യമിട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ തുടക്കം കുറിച്ച കേരള പുനര്‍നിര്‍മ്മാണ പദ്ധതിയില്‍ ഭാഗമാവാന്‍ സാധിച്ചതില്‍ ഏറെ സന്തോഷവും അഭിമാനവുമുണ്ട്.

you may also like this video;

ഈ മാനവിക സംരംഭത്തിന് വ്യത്യസ്ത തരത്തില്‍ പിന്തുണയും സഹകരണവും നല്‍കിയ എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നുവെന്നും ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി നിര്‍മിക്കുന്ന 250 വീടുകളില്‍ ബാക്കി വീടുകളുടെ നിര്‍മ്മാണപ്രവര്‍ത്തികള്‍ ഇതിനകം ആരംഭിച്ചിട്ടുണ്ട്. അവ ഒരു വര്‍ഷത്തിനകം പൂര്‍ത്തീകരിച്ച് ഭവനരഹിതര്‍ക്ക് കൈമാറാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രളയം ഏറ്റവും കൂടുതല്‍ നാശം വിതച്ച ജില്ലകളായ വയനാട്ടില്‍ 45‑ഉം എറണാകുളത്ത് 33‑ഉം ആലപ്പുഴ, കോട്ടയം ജില്ലകളില്‍ 7 വീതവും കോഴിക്കോട്ട് 4‑ഉം പത്തനംതിട്ട 5‑ഉം വീടുകളാണ് ആദ്യഘട്ടത്തില്‍ കൈമാറിയത്.

2019‑ലെ ഉരുള്‍പൊട്ടല്‍ നാശം വിതച്ച മലപ്പുറം ജില്ലയിലെ കവളപ്പാറ, വയനാട് ജില്ലയിലെ പുത്തുമല എന്നിവിടങ്ങളിലും മറ്റ് സ്ഥലങ്ങളിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും മറ്റ് സന്നദ്ധസംഘടനകളും വ്യക്തികളും സംഭാവന ചെയ്ത സ്ഥലങ്ങളില്‍ ഗ്രൂപ്പ് ഹൗസിംഗ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആസ്റ്റര്‍ ഹോംസ് വീടുകള്‍ നിര്‍മിച്ചു നല്‍കുമെന്നും ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. ഹൈബി ഈഡന്‍ എംപി, എംഎല്‍എമാരായ ടി.ജെ. വിനോദ്, എസ്. ശര്‍മ, വി.ഡി. സതീശന്‍, ഇബ്രാഹിംകുഞ്ഞ്, അന്‍വര്‍ സാദത്ത്, ജില്ലാ കളക്ടര്‍ എസ്. സുഹാസ്, ഹാബിറ്റാറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ ജി. ശങ്കര്‍, ആസ്റ്റര്‍ ഇന്ത്യ സിഇഒ ഡോ. ഹരീഷ് പിള്ള, ആസ്റ്റര്‍ മെഡ്‌സിറ്റി സിഇഒ കമാന്‍ഡര്‍ ജെല്‍സണ്‍ കവലക്കാട്ട് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.