മൂന്ന് ജില്ലകളില്‍ ഇന്ന് യെല്ലോ അലെര്‍ട്ട്; ഉച്ചക്ക് 2 മണി മുതൽ വൈകിട്ട് 10 മണിവരെ ഇടിമിന്നലുണ്ടാകും; മുന്നറിയിപ്പ് നല്‍കി മുഖ്യമന്ത്രിയും

Web Desk
Posted on September 30, 2019, 9:54 am

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, തൃശൂര്‍ ജില്ലകളിലാണ് ഇന്ന് അലെര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

നാളെ കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും ബുധനാഴ്ച എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

വ്യാഴാഴ്ച ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും സൂചനയുണ്ട്. ഉച്ചയ്ക്ക് രണ്ടു മണിക്ക് ശേഷം വൈകിട്ട് പത്തുമണിവരെയുള്ള സമയങ്ങളില്‍ ശക്തമായ ഇടിമിന്നലോടുകൂടിയുള്ള മഴയ്ക്ക് സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

മുഖ്യമന്ത്രി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ്;

കേരളത്തിൽ ഇപ്പോൾ ലഭിക്കുന്ന മഴയോടനുബന്ധിച്ച് ഉച്ചക്ക് 2 മണി മുതൽ വൈകിട്ട് 10 മണിവരെയുള്ള സമയത്ത് ശക്തമായ ഇടിമിന്നലിനുള്ള സാധ്യത ഉണ്ട്. ഇത്തരം ഇടിമിന്നൽ അപകടകാരികൾ ആണ്. അവ മനുഷ്യ ജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഇടിമിന്നലിനെ ഒരു സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ട്.

ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്.