എട്ടുകോടി രൂപ ചെലവഴിച്ചു നിര്‍മിച്ച കെട്ടിടം മുഖ്യമന്ത്രി വൈഎസ് ജഗന്‍മോഹന്‍ റെഡ്ഡി പൊളിച്ചു നീക്കി

Web Desk
Posted on June 26, 2019, 3:15 pm

അമരാവതി ആന്ധ്രാപ്രദേശ്: മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു എട്ടുകോടി രൂപ ചെലവഴിച്ചു നിര്‍മിച്ച കെട്ടിടംമുഖ്യമന്ത്രി വൈ.എസ്. ജഗന്‍മോഹന്‍ റെഡ്ഡി പൊളിച്ചു നീക്കി. നായിഡുവിന്റെ വസതിക്കു സമീപത്തായി പണികഴിപ്പിച്ച ‘പ്രജാവേദിക’ എന്ന പേരിലുള്ള കോണ്‍ഫറന്‍സ് ഹാളാണ് പൊളിച്ചു നീക്കിയത്. രൂക്ഷ പ്രതികരണവുമായി ചന്ദ്രബാബുനായിഡു.

മുഖ്യമന്ത്രിയായിരുന്ന സമയത്ത് താന്‍ ഉപയോഗിച്ചിരുന്ന ഹാള്‍ പ്രതിപക്ഷനേതാവിന്റെ അനക്‌സ് ആയി ഉപയോഗിക്കാന്‍ അനുവദിക്കണമെന്നു നായിഡു ജഗനോട് അഭ്യര്‍ഥിച്ചിരുന്നെങ്കിലും, അപേക്ഷ നിരസിച്ച ജഗന്‍ കെട്ടിടം പൊളിക്കാന്‍ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കുകയായിരുന്നു. ഹൈദരാബാദില്‍നിന്ന് അമരാവതിയിലേക്കു ഭരണകേന്ദ്രം മാറ്റിയതിനെ തുടര്‍ന്ന് 2016 മുതല്‍ കൃഷ്ണ നദീ തീരത്തുള്ള വസതിയിലാണ് നായിഡു താമസിച്ചത്. വസതിയോടു ചേര്‍ന്നു നിര്‍മിച്ച ഹാള്‍ പാര്‍ട്ടി യോഗങ്ങളുള്‍പ്പെടെ ഔദ്യോഗിക കാര്യങ്ങള്‍ക്കു വേണ്ടി നായിഡു ഉപയോഗിച്ചിരുന്നു. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു പിന്നാലെ കുടുംബത്തോടൊപ്പം അവധി ആഘോഷിക്കുന്നതിനുവേണ്ടി നായിഡു വിദേശത്തു പോയസമയത്താണ് സര്‍ക്കാര്‍ കെട്ടിടം പൊളിക്കാന്‍ തീരുമാനിച്ചത്.
യാത്രയ്ക്കു ശേഷം ചൊവ്വാഴ്ച തിരിച്ചെത്തിയ നായിഡു ജഗന്റെ നീക്കത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. ജഗന്‍ പറയുന്നതനുസരിച്ചാണെങ്കില്‍ നിരവധി പ്രതിമകളും മറ്റ് നിര്‍മാണങ്ങളുമെല്ലാം നിരവധി സ്ഥലങ്ങളില്‍ അനാവശ്യമായുണ്ട്. ജഗന്റെ പിതാവിന്റെ പ്രതിമയും നീക്കം ചെയ്യേണ്ടി വരും നായിഡു പറഞ്ഞു.

നേരത്തെ, നിയമാനുസൃതമല്ലാതെ നിര്‍മിച്ച കെട്ടിടം സര്‍ക്കാര്‍ പൊളിച്ചുനീക്കുന്നു എന്നതാണ് ഇക്കാര്യത്തില്‍ ജഗന്‍ നല്‍കിയ വിശദീകരണം. ചട്ടവിരുദ്ധമായി കെട്ടിടം പണികഴിപ്പിച്ചാല്‍ അത് പൊളിച്ചു നീക്കുകയെന്നതു സ്വഭാവികമായ നടപടിക്രമം മാത്രമാണെന്നും ജഗന്‍ പറഞ്ഞിരുന്നു. ചന്ദ്രബാബുനായിഡുവിന്റെ വീടും നിയമവിരുദ്ധമായാണ് നിര്‍മ്മിച്ചതെന്നും അതുംപൊളിച്ചുനീക്കുമെ്ന്നും ജഗന്‍ പറഞഞു.
അതേസമയം, എന്നാല്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് പ്രതികാര രാഷ്ട്രീയം കളിക്കുകയാണെന്നാണ് ടിഡിപിയുടെ ആരോപണം.