September 28, 2022 Wednesday

കേരളത്തില്‍ നിക്ഷേപത്തിന് വ്യവസായ സംരംഭകരുടെ പിന്തുണ അഭ്യര്‍ഥിച്ച് മുഖ്യമന്ത്രി

Janayugom Webdesk
കൊച്ചി
May 21, 2020 6:09 pm

കേരളത്തെ രാജ്യത്തെ ഏറ്റവും നിക്ഷേപ സൗഹൃദാന്തരീക്ഷമുള്ള സംസ്ഥാനമാക്കി മാറ്റുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഇതിന് വ്യവസായ വാണിജ്യ ലോകത്തിന്റെ പിന്തുണ വേണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് അനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണം സംബന്ധിച്ച്  ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി(ഫിക്കി) സംഘടിപ്പിച്ച വെബിനാറില്‍ വ്യവസായ പ്രതിനിധികളുമായി ആശയവിനിമയം നടത്തുകയായിരുന്നു അദ്ദേഹം.

കൃഷി, ചെറുകിട — ഇടത്തരം വ്യവസായങ്ങള്‍, ടൂറിസം, ഐ ടി എന്നീ മേഖലകള്‍ക്കാണ് കേരളം ഊന്നല്‍ നല്‍കുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു. സംരംഭകര്‍ക്കാവശ്യമായ എല്ലാ സഹായങ്ങളും നല്‍കാന്‍ സര്‍ക്കാര്‍ സന്നദ്ധമാണ്. നമുക്ക് ഒരുമിച്ച് പരിശ്രമിച്ചാല്‍ കേരളത്തെ നിക്ഷേപകരുടെ ഏറ്റവും പ്രധാന ലക്ഷ്യസ്ഥാനമാക്കി മാറ്റാന്‍ സാധിക്കും. വ്യവസായ സംരംഭങ്ങള്‍ക്ക് അനുമതി നല്‍കുന്നതിനുള്ള നടപടിക്രമങ്ങളില്‍ ആവശ്യമായ ഇളവുകള്‍ നല്‍കുന്നതിന് സര്‍ക്കാര്‍ സന്നദ്ധമാണ്. അപേക്ഷിച്ച് ഏഴ് ദിവസത്തിനകം ആവശ്യമായ അനുമതികള്‍ ലഭ്യമാക്കാന്‍ നടപടി എടുത്തിട്ടുണ്ട്. നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന് ദേശീയതലത്തിലും രാജ്യാന്തര തലത്തിലും പരിചയസമ്പത്തുള്ളവരെ ഉള്‍പ്പെടുത്തി ഒരു ദൗത്യസേന സര്‍ക്കാര്‍ രൂപീകരിച്ചിട്ടുണ്ട്. വിദ്യാഭ്യാസവും നൈപുണ്യവുമുള്ള തൊഴില്‍സേന കേരളത്തിന്റെ സവിശേഷതയാണ്. വിവരാധിഷ്ഠിത വ്യവസായ മേഖലക്ക് ഇത് ഏറ്റവും അനുകൂല ഘടകമാണ്.

ലൈസന്‍സ് അനുവദിക്കുന്നതിന് ഏകീകൃത ഓണ്‍ലൈന്‍ സംവിധാനം, സ്വയം സാക്ഷ്യപ്പെടുത്തലിന്റെ അടിസ്ഥാനത്തിലുള്ള ഓട്ടമേറ്റഡ് അപ്രൂവല്‍ സംവിധാനം, ഡീംഡ് അപ്രൂവല്‍ എന്നിവയിലൂടെ നടപടിക്രമങ്ങള്‍ ലഘൂകരിക്കാനുള്ള ചുവടുവെപ്പുകള്‍ കേരളം നടത്തിയിട്ടുണ്ട്. നമ്മുടെ തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ കേരളത്തിന്റെ വ്യവസായ വികസന സാധ്യതക്ക് കരുത്തേകുന്നതാണ്. ഈ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ വ്യവസായ സമൂഹം മുന്നോട്ടു വരണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

മനുഷ്യവിഭവശേഷിയും കൃഷി, ഐ ടി മേഖലകളുമാണ് കേരളത്തിന് കരുത്തേകുന്നതെന്നും സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന് വേണ്ട എല്ലാ പിന്തുണയും ഫിക്കി നല്‍കുമെന്നും ഫിക്കി പ്രസിഡണ്ട് ഡോ. സംഗീത റെഡ്ഢി പറഞ്ഞു. കോവിഡ് പ്രതിരോധത്തില്‍ കേരളം കാണിക്കന്ന മാതൃകയെ അവര്‍ അഭിനന്ദിച്ചു.  ആതിഥ്യമേഖലയാണ് കേരളത്തിന്റെ സമ്പദ് ഘടനക്ക് വെളിച്ചം കാണിക്കാന്‍ പോകുന്നതെന്ന് ഫിക്കി മുന്‍ പ്രസിഡണ്ട് ഡോ. ജ്യോത്സ്‌ന സൂരി അഭിപ്രായപ്പെട്ടു. കേരളത്തിന്റെ വ്യോമ — പ്രതിരോധ വ്യവസായ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിന് ആവശ്യമായ പിന്തുണ നല്‍കുമെന്ന് ഫിക്കി കോ ചെയര്‍മാനും എയ്‌റോസ്‌പേസ് കമ്മിറ്റി ഡയറക്ടറുമായ സുധാകര്‍ ഗാണ്ടെ അറിയിച്ചു.

കേരള ബ്രാന്‍ഡ് ഉല്‍പന്നങ്ങള്‍ രാജ്യവ്യാപകമായി വിപണനം ചെയ്യുന്നതിന് ഫിക്കിയും സംസ്ഥാന സര്‍ക്കാരും കൈകോര്‍ത്ത് നീങ്ങണമെന്ന് ഫിക്കി കേരള സ്റ്റേറ്റ് കൗണ്‍സില്‍ കോ ചെയര്‍മാന്‍ ദീപക് എല്‍ അസ്വാനി നിര്‍ദേശിച്ചു. വിദ്യാഭ്യാസ മേഖലയില്‍ കേരളത്തിലെ സര്‍വകലാശാലകളും പ്രമുഖ ദേശീയ — അന്തര്‍ദേശീയ സര്‍വകലാശാലകളുമായി സഹകരണത്തിന് സാധ്യത കണ്ടെത്തണമെന്ന് സിംബിയോസിസ് ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റി പ്രോ ചാന്‍സലറും ഫിക്കി ഹയര്‍ എഡ്യൂക്കേഷന്‍ കമ്മിറ്റി ചെയര്‍പേഴ്‌സനുമായ ഡോ. വിദ്യാ യെരാവ്‌ദേക്കര്‍ പറഞ്ഞു. കേരളത്തില്‍ എയ്‌റോസ്‌പേസ് പാര്‍ക്ക് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ വേഗത്തിലാക്കണമെന്ന് ഫിക്കി സ്‌പേസ് കമ്മിറ്റി കോ ചെയര്‍മാന്‍ ഡോ. സുബ്ബറാവു പാവ്‌ലൂരി ആവശ്യപ്പെട്ടു.

ആരോഗ്യസംരക്ഷണ മേഖലക്കായി സര്‍ട്ടിഫൈഡ് ലാംഗ്വേജ് ട്രാന്‍സ്ലേറ്റര്‍മാരുടെ പ്രത്യേക കേഡര്‍ സൃഷ്ടിക്കുന്നതിന് കേരളത്തില്‍ സാധ്യതയുണ്ടെന്ന് ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയര്‍ സി ഇ ഒയും ഫിക്കി മെഡിക്കല്‍ വാല്യൂ ട്രാവല്‍ കമ്മിറ്റി ചെയര്‍മാനുമായ ഡോ. ഹരീഷ് പിള്ള നിര്‍ദേശിച്ചു.വ്യവസായ മന്ത്രി ഇ പി ജയരാജന്‍, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ ഇളങ്കോവന്‍, ഫിക്കി കേരള സ്റ്റേറ്റ് കൗണ്‍സില്‍ കോ ചെയര്‍ ഡോ. എം ഐ സഹദുള്ള എന്നിവരും പങ്കെടുത്തു.

Eng­lish Sum­ma­ry: CM Pinarai Vijayan request sup­port of entre­pre­neurs.

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.