November 28, 2022 Monday

Related news

November 28, 2022
November 26, 2022
November 24, 2022
November 21, 2022
November 21, 2022
November 19, 2022
November 18, 2022
November 17, 2022
November 15, 2022
November 15, 2022

ഗവര്‍ണര്‍ പറയുന്നത് അസംബന്ധം: മുഖ്യമന്ത്രി പിണറായി വിജയന്‍

Janayugom Webdesk
തിരുവനന്തപുരം
September 16, 2022 11:09 pm

ഇരിക്കുന്ന സ്ഥാനത്തിനനുസരിച്ചായിരിക്കണം വര്‍ത്തമാനം പറയേണ്ടതെന്ന് ഗവര്‍ണറോട് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍വകലാശാല നിയമനവിവാദത്തിലെ ഗവര്‍ണറുടെ പ്രസ്താവനയ്ക്ക് വാര്‍ത്താ സമ്മേളനത്തില്‍ മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ഇതില്‍പ്പരം അസംബന്ധം പറയാന്‍ വേറെ ഒരാള്‍ക്കും കഴിയില്ല. ഗവര്‍ണര്‍ പദവി എന്നത് എന്തും വിളിച്ചു പറയാനുള്ള സ്ഥാനം ആണെന്നാണോ കരുതിയിരിക്കുന്നതെന്നും എന്താണ് ഗവര്‍ണര്‍ക്ക് സംഭവിക്കുന്നതെന്ന് അദ്ദേഹം തന്നെയോ അല്ലെങ്കില്‍ ബന്ധപ്പെട്ടവരോ പരിശോധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍വകലാശാലകളില്‍ പോസ്റ്റര്‍ പതിക്കുന്നതിനെ വരെ ഗവര്‍ണര്‍ വിമര്‍ശിക്കുന്നു. കേരളത്തിന്റെ എല്ലാ ഭാഗത്തും പോസ്റ്ററുകള്‍ കാണാറുണ്ട്. പ്രചരണവുമായി ബന്ധപ്പെട്ട് അതാത് സ്ഥാപനങ്ങളിലാണ് പോസ്റ്റര്‍ പതിക്കുന്നത്. പോസ്റ്റര്‍ കൊണ്ട് രാജ്ഭവനില്‍ ചെന്നാല്‍ അത് തടയാമെന്നും പക്വതയുള്ള മനുഷ്യന് ചേര്‍ന്നതല്ല അദ്ദേഹം ചെയ്യുന്നതെന്ന് തിരിച്ചറിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഭരണപ്രക്രിയയ്ക്ക് നിയുക്തമായ ഭരണഘടന നിശ്ചയിച്ച അധികാരങ്ങളുണ്ട്. അതിന് തടസം നില്‍ക്കുന്ന നടപടികളിലേക്ക് സര്‍ക്കാര്‍ കടക്കില്ല. നീട്ടിപ്പിടിക്കുന്ന മൈക്കിന് മുന്നില്‍ ശബ്ദമുയര്‍ത്തി, ഗൗരവഭാവത്തോടെ കാര്യങ്ങള്‍ നിര്‍വഹിക്കാം എന്ന് കരുതുന്നുണ്ടെങ്കില്‍ അത് ഭരണഘടന അനുശാസിക്കുന്ന രീതിയല്ല. ഗവര്‍ണര്‍ ബില്ലുകളില്‍ ഒപ്പിടുമോ എന്ന ആശങ്ക ഇല്ലെന്നും അദ്ദേഹം പറഞ്ഞു. താൻ ഒരു ഉറപ്പും ലംഘിച്ചിട്ടില്ലെന്നും ഉന്നതവിദ്യാഭ്യസ രംഗത്തെ സ്വതന്ത്ര സ്വഭാവം നിലനിര്‍ത്താനാണ് ശ്രമിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ആരോപണവിധേയയായ സ്റ്റാഫിന്റെ ബന്ധു ഒരു വ്യക്തിയാണ്. അവര്‍ക്ക് അവരുടെതായ സ്വാതന്ത്ര്യവും അവകാശങ്ങളുമുണ്ട്. ജോലിക്ക് അപേക്ഷിക്കാന്‍ അര്‍ഹതയുമുണ്ട്. മുഖ്യമന്ത്രിയുടെ അനുവാദം വാങ്ങിയാണോ സ്റ്റാഫിന്റെ ബന്ധു അപേക്ഷ നല്‍കുന്നതെന്നും അദ്ദേഹം ചോദിച്ചു. എന്തെങ്കിലും പിശകുകള്‍ ഉണ്ടെങ്കില്‍ പരിശോധിച്ചോട്ടെയെന്നും പിശക് ചെയ്തവർ അനുഭവിക്കട്ടെയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയുടെ സ്റ്റാഫിന്റെ ബന്ധുവായതു കൊണ്ട് അപേക്ഷിക്കരുതെന്ന് പറയാന്‍ ഗവര്‍ണര്‍ക്ക് എന്താണ് അധികാരം. ഇതാണോ ഗവര്‍ണര്‍ / ചാന്‍സലര്‍ പദവികള്‍ കൊണ്ട് ഉദ്ദേശിക്കുന്നത്.

ആരാണ് ഇത്തരം അധികാരങ്ങള്‍ നല്‍കിയതെന്നും അദ്ദേഹം ചോദിച്ചു. ഇന്ത്യക്ക് പുറത്ത് രൂപം കൊണ്ട ചില പ്രസ്ഥാനങ്ങള്‍ കൈക്കരുത്തിലും ഭീഷണിയിലുമാണ് വിശ്വസിക്കുന്നതെന്നും തന്നെ സമ്മര്‍ദ്ദത്തിലാക്കാം എന്നവര്‍ കരുതേണ്ടയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഭീഷണി സ്വരത്തില്‍ സംസാരിക്കുന്നവരെ നാട് കാണുന്നുണ്ട്. അവരവർക്ക് എന്തെങ്കിലും ഗുണം കിട്ടട്ടെ എന്ന് കരുതി നോക്കി നിൽക്കുക ആയിരുന്നു ഇതുവരെ. അത് ഫലിച്ചില്ല. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാര്‍ ഭരണഘടനാ നിര്‍മ്മാണ സഭയില്‍ തന്നെ അംഗങ്ങളായിരുന്നുവെന്നും ഒരു ഘട്ടത്തില്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഐകകണ്ഠ്യേന നിര്‍ദ്ദേശിച്ച പേര് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗത്തിന്റേത് ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ ആഭ്യന്തരമന്ത്രി പദത്തില്‍ കമ്മ്യൂണിസ്റ്റുകാരന്‍ സേവനമനുഷ്ഠിച്ചിട്ടുണ്ടെന്നും ലോക്‌സഭയിലെ സ്പീക്കറായി ഇരുന്നത് ഒരു ഘട്ടത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവായിരുന്നു എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

Eng­lish Sum­ma­ry: cm pinarayi vijayan against-governor
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.