16 February 2025, Sunday
KSFE Galaxy Chits Banner 2

Related news

February 15, 2025
February 15, 2025
February 15, 2025
February 15, 2025
February 11, 2025
February 2, 2025
January 17, 2025
January 4, 2025
January 1, 2025
December 26, 2024

കുട്ടികളിൽ മാനവികതയും യുക്തിയും ശാസ്ത്രബോധവും വളർത്തണം: മുഖ്യമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
November 14, 2021 6:09 pm

ശാസ്ത്ര സാങ്കേതികവിദ്യയുടെ കാലത്തും അന്ധവിശ്വാസങ്ങൾ വളരുമ്പോൾ കുട്ടികളിൽ മാനവികതയും യുക്തിയും ശാസ്ത്രബോധവും വളർത്തിയെടുക്കാൻ അധ്യാപകരും രക്ഷിതാക്കളും പ്രത്യേകം ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു.
ശിശുദിനാഘോഷങ്ങത്തോടനുബന്ധിച്ച് ഞായറാഴ്ച സംസ്ഥാന ശിശുക്ഷേമസമിതി ഓഡിറ്റോറിയത്തിൽ ശിശുദിന സന്ദേശം ഓൺലൈനായി നൽകുകയായിരുന്നു മുഖ്യമന്ത്രി.

കോവിഡ് കാലത്ത് കുട്ടികൾ വലിയ പ്രയാസങ്ങൾ നേരിട്ടു. എന്നാൽ കേരളത്തിലെ എല്ലാ കുട്ടികളെയും സർക്കാർ സവിശേഷമായി പരിഗണിച്ചു. രാജ്യത്തിനാകെ മാതൃകയാകും വിധം സംസ്ഥാനത്ത് ഓൺലൈൻ വിദ്യാഭ്യാസം സാർവത്രികമായി ലഭ്യമാക്കി. കോവിഡ് അനാഥരാക്കിയ കുട്ടികളെ ഏറ്റെടുക്കുന്ന നടപടിയും സർക്കാർ സ്വീകരിച്ചു. ഇത്തരം സ്‌നേഹപൂർണമായ നടപടികൾ ഇനിയും തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തെ ശിശു സൗഹൃദ ഇടമായി നിലനിർത്തുക എന്നതാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യം. കേരളത്തിലുള്ള ഓരോ കുട്ടിക്കും വളരാനും കളിക്കാനും പഠിക്കാനുമുള്ള അവസരം ലഭ്യമാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം ഉറപ്പുവരുത്താൻ സർക്കാർ പ്രത്യേക പദ്ധതികൾ ആവിഷ്‌കരിക്കുന്നുണ്ട്. സമാധാനപരമായ അന്തരീക്ഷത്തിൽ കുട്ടികൾക്ക് വളരാൻ കഴിയണമെന്നും അവർക്ക് വേണ്ട സ്‌നേഹവും പരിചരണവും ഭക്ഷണവും വിദ്യാഭ്യാസവും ലഭ്യമാക്കി നാളെയുടെ പൗരൻമാരെ വാർത്തെടുക്കണമെന്നും മുഖ്യമന്ത്രി ഓർമ്മപ്പെടുത്തി.
ശാസ്ത്രബോധവും മതനിരപേക്ഷമൂല്യങ്ങളും കുട്ടിക്കാലത്ത് തന്നെ വളർത്തിയെടുക്കേണ്ടതുണ്ടെന്നും തുല്യതയും സഹകരണവും സഹവർത്തിത്വവും കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജാതി, മതം, ലിംഗം, ദേശം, ഭാഷ എന്നീ അതിരുകൾക്കതീതമായി ചിന്തിക്കാനും ജീവിക്കാനും കുട്ടികളെ പ്രാപ്തമാക്കി എടുക്കണമെന്നും അതിന് ഉതകുന്ന വിധത്തിൽ ആയിരിക്കണം ശിശുദിന ആഘോഷങ്ങളെന്നും മുഖ്യമന്ത്രി പറഞ്ഞു.

കുട്ടികളുടെ നേതാക്കളായി തിരഞ്ഞെടുത്ത വിദ്യാർഥികളെയും ശിശുദിന സ്റ്റാമ്പ് രൂപകൽപ്പന ചെയ്ത അക്ഷയ് ബി പിള്ളയെയും മുഖ്യമന്ത്രി അഭിനന്ദിച്ചു. സംസ്ഥാനത്തെ എല്ലാ കുട്ടികൾക്കും മുഖ്യമന്ത്രി ശിശുദിന ആശംസകൾ നേർന്നു.
വനിതാ-ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാജോർജ് ആഘോഷചടങ്ങിൽ ഓൺലൈനായി പങ്കെടുത്തു; ശിശുദിന സ്റ്റാമ്പ് പ്രകാശനം നിർവഹിച്ച് ആശംസകൾ നേർന്നു. ഗതാഗത വകുപ്പ് മന്ത്രി ആന്റണിരാജു ചടങ്ങിൽ മുഖ്യഅതിഥിയായി പങ്കെടുത്തു.

സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാൻ ജെ.എസ്, മേയർ ആര്യാ രാജേന്ദ്രൻ, സമിതി ട്രഷറർ ആർ രാജു, സെക്രട്ടറി കെ. ജയപാൽ തുടങ്ങിയവർ പങ്കെടുത്തു.

കുട്ടികളുടെ പ്രധാനമന്ത്രി നിധി പി.എ, പ്രസിഡന്റ് ഉമ എസ്, സ്പീക്കർ ദേവകി ഡി.എസ്, മിന്നാ രഞ്ജിത്ത്, ധ്വനി ആഷ്മി തുടങ്ങിയവർ ശിശുദിന റാലിക്ക് നേതൃത്വം നൽകി.

Eng­lish Sum­ma­ry : cm pinarayi vijayan mes­sage on chil­drens day

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.