ബിജെപിയിലേയ്ക്ക് പോകില്ലെന്ന് പരസ്യം നല്‍കേണ്ട അവസ്ഥയില്‍ കോണ്‍ഗ്രസ്: മുഖ്യമന്ത്രി

Web Desk
Posted on April 14, 2019, 9:59 pm

കൊല്ലം: കോണ്‍ഗ്രസ്സിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കോണ്‍ഗ്രസ്സിന്‍റെ പ്രധാനപ്പെട്ട ഒരു നേതാവ് ബിജെപിയിലേയ്ക്ക് പോകില്ലെന്ന് പരസ്യം നല്‍കേണ്ട അവസ്ഥയാണ് കോണ്‍ഗ്രസ്സിനുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വേണമെങ്കില്‍ ഞാന്‍ പോകും എന്നാണ് അദ്ദേഹം പറഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു. കെഎന്‍ ബാലഗോപാലിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രളയം പ്രകൃതി ദുരന്തമല്ല മനുഷ്യനിര്‍മിതമാണ് എന്ന പ്രചരണമുണ്ടായി. ഇപ്പോഴിതാ തെരഞ്ഞെടുപ്പ് വന്നപ്പോള്‍ അത് വീണ്ടും പ്രചരിപ്പിക്കുകയാണ്. രാജ്യത്ത് ഇതുമായി ബന്ധപ്പെട്ട് ആധികാരികമായി അഭിപ്രായം പറയാനര്‍ഹതയുള്ള ദേശീയ ജലവിഭവ കമ്മീഷന്‍ പറഞ്ഞത് ഇത് പ്രകൃതി ദുരന്തമാണെന്നാണ്. മദ്രാസ് ഐഐടിയുടെ വിദഗ്ധ ടീമും ഐക്യരാഷ്ട്ര സഭ വിദഗ്ധരും പരിശോധിച്ച് പ്രകൃതി ദുരന്തമാണെന്നാണ് പറഞ്ഞത്, മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിലെ നദികള്‍ക്ക് താങ്ങാവുന്നത് 2280 ദശലക്ഷം ഘനമീറ്റര്‍ വെള്ളമാണ്. എന്നാല്‍, പ്രളയ സമയത്ത് 14,000 ദശലക്ഷം ഘനമീറ്റര്‍ വെള്ളമാണ് നദികളിലേയ്ക്ക് ഒഴുകിയെത്തിയത് എന്ന കണക്കാണ് ഐക്യരാഷ്ട്ര സഭ വിദഗ്ധര്‍ പറഞ്ഞത്. ഈ സമയത്ത് കടലില്‍ അസ്വാഭാവികമായി വേലിയേറ്റവുമുണ്ടായി, അതും സര്‍ക്കാരുണ്ടാക്കിയതാണെന്ന് ഭാഗ്യത്തിനിവര്‍ പറഞ്ഞില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.