Web Desk

March 15, 2020, 9:25 pm

കോവിഡ്- പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ കത്തിന് മറുപടിയുമായി മുഖ്യമന്ത്രി

Janayugom Online

സംസ്ഥാനത്ത് കോവിഡ് പടരുന്ന സാഹചര്യത്തിൽ വൈറസ് വ്യപന നിയന്ത്രിണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ കത്തിന് മറുപടിയുമായി  മുഖ്യമന്ത്രി പിണറായി വിജയൻ.

15.03.2020 ലെ താങ്കളുടെ കത്തിലെ നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധിച്ചു.  കോവിഡ്-19 അഥവാ നോവല്‍ കൊറോണ വൈറസ് പടര്‍ന്നു പിടിക്കാതിരിക്കാനുള്ള അതീവ ജാഗ്രത നമ്മുടെ സംസ്ഥാനം പുലര്‍ത്തുന്നുണ്ട്. താങ്കള്‍ പറഞ്ഞതുപോലെ ഈ വൈറസിനെ പ്രതിരോധിക്കാനുള്ള തന്ത്രങ്ങള്‍ സാഹചര്യത്തിനനുസരിച്ച് മാറിക്കൊണ്ടിരിക്കേണ്ടതുണ്ട്. ഇക്കാര്യം വ്യക്തമായി മനസ്സിലാക്കിക്കൊണ്ടുതന്നെയാണ് സര്‍ക്കാര്‍ മാറുന്ന സാഹചര്യങ്ങള്‍ക്കനുസരിച്ച് ആവശ്യമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നത്. രോഗലക്ഷണങ്ങള്‍ക്ക് പോസിറ്റീവായി ടെസ്റ്റ് ചെയ്യപ്പെട്ടവരുടെ Con­tact trac­ing രോഗം പടരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതിന് വളരെ ഫലപ്രദമായ രീതിയാണ്.

രോഗ ലഘൂകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ വിശദമായ നടപടിക്രമങ്ങള്‍ സ്വീകരിച്ചുവരുന്നുണ്ട്.
1.സംസ്ഥാനതലത്തില്‍ ഒരു കണ്‍ട്രോള്‍ റൂം തിരുവനന്തപുരത്ത് 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആരോഗ്യവകുപ്പ് മന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും കൃത്യമായ മേല്‍നോട്ടം ഇവിടെയുണ്ട്. എല്ലാ ദിവസവും വൈകുന്നേരം അഞ്ചുമണിക്ക് ഓരോ ദിവസത്തെയും ജില്ലാതല വിശദവിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നുമുണ്ട്. ആറുമണിക്ക് സര്‍ക്കാര്‍ സെക്രട്ടറിമാര്‍, പോലീസ് നേതൃത്വം, എയര്‍പോര്‍ട്ട്, റെയില്‍വേ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കുന്ന വിലയിരുത്തല്‍ യോഗം തല്‍സ്ഥിതി പരിശോധിച്ച് യുക്തമായ തീരുമാനങ്ങളെടുക്കുന്നുണ്ട്. ജില്ലാതലത്തില്‍ മന്ത്രിമാര്‍ക്ക് ചുമതല നല്‍കി രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നുണ്ട്.
2.യാത്ര ചെയ്ത്, പ്രത്യേകിച്ച് രാജ്യാന്തര യാത്ര ചെയ്ത് സംസ്ഥാനത്ത് എത്തുന്ന എല്ലാവരുടെ വിവരങ്ങളും ശേഖരിച്ച് ആവശ്യമെന്ന് കാണുന്നവരെ മാത്രം ഹോസ്പിറ്റല്‍ ഐസലേഷനില്‍ വയ്ക്കുകയും മറ്റുള്ളവരെയൊക്കെ ഹോം ഐസലേഷനില്‍ വയ്ക്കുകയുമാണ് ചെയ്യുന്നത്. ഹോം ഐസലേഷനില്‍ കഴിയുമ്പോള്‍ സ്വീകരിക്കേണ്ട സുരക്ഷാക്രമങ്ങളെക്കുറിച്ച് കൃത്യമായ അവബോധം ഉണ്ടാക്കാനുള്ള നടപടികള്‍ തദ്ദേശസ്വയംഭരണ സ്ഥാപന തലത്തില്‍ സ്വീകരിക്കുന്നുണ്ട്. ഹോം ഐസലേഷന്‍ കേസുകളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍, ജനമൈത്രി പോലീസ്, പ്രാദേശിക വളണ്ടിയര്‍ എന്നിവര്‍ ദിനംപ്രതി നിരീക്ഷണവും ആവശ്യമായ ഇടപെടലുകളും നടത്തി വേണ്ടിവന്നാല്‍ ആശുപത്രിയിലേക്ക് മാറ്റാനുള്ള പ്രോട്ടോകോള്‍ നിലവിലുണ്ട്. ഇക്കാര്യത്തില്‍ യാതൊരു ആശങ്കയ്ക്കും ഇടയില്ല.
3.ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക എന്നത് ഈ സര്‍ക്കാരിന്‍റെ ആരോഗ്യ നയത്തിന്‍റെ പ്രധാന ഘടകമാണ്. കോവിഡ്-19 ബാധ ശ്രദ്ധയില്‍പ്പെട്ടശേഷം ആശുപത്രികളില്‍ ഉണ്ടാകാവുന്ന രോഗികളുടെയും വര്‍ദ്ധനയുടെ സാധ്യത കണക്കിലെടുത്തുകൊണ്ട് നമ്മുടെ പൊതു ആരോഗ്യ സംവിധാനത്തിന് ഇത് നേരിടാന്‍ എത്രമാത്രം പ്രാപ്തിയുണ്ടെന്ന് വിശകലനം നടത്തിയിട്ടുണ്ട്. ആവശ്യമെങ്കില്‍ മറ്റ് സംവിധാനങ്ങളെ എങ്ങനെ പ്രയോജനപ്പെടുത്തണം എന്നതിനെപ്പറ്റിയും സര്‍ക്കാരിന് വ്യക്തമായ ബോധ്യമുണ്ട്. ഓരോ ദിവസവും ഒഴിവുള്ള ആശുപത്രിക്കിടക്കകള്‍, ഐ.സി.യു കിടക്കകള്‍ എന്നിവ ക്രോഡീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രോഗ ലഘൂകരണ പ്രവര്‍ത്തനത്തില്‍ എല്ലാ തലത്തിലുള്ള വൈദഗ്ദ്ധ്യവും ഉപയോഗിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാണ്.
4.സുരക്ഷാ ഉപകരണങ്ങളായ മാസ്ക്കുകളു മറ്റും ലഭ്യമാക്കാനാവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ആരൊക്കെ, ഏതൊക്കെ സന്ദര്‍ശങ്ങളില്‍ എങ്ങനെയൊക്കെ മാസ്ക് ധരിക്കണമെന്നതിനെക്കുറിച്ച് വ്യക്തമായ ബോധവല്‍ക്കരണം സര്‍ക്കാര്‍ നടത്തുന്നുണ്ട്.
5.ആരോഗ്യ സംവിധാനത്തിലെ പ്രവര്‍ത്തകര്‍ക്ക് രോഗബാധയുണ്ടാകാതിരിക്കാന്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്ന്  സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിനായുള്ള നടപടികള്‍ സ്വീകരിച്ചിട്ടുമുണ്ട്.
6.ആശുപത്രികളില്‍ മാത്രമല്ല, ജനങ്ങള്‍ കൂട്ടം കൂടാനുള്ള എല്ലാ സ്ഥലങ്ങളിലും തിരക്ക് കുറയ്ക്കണമെന്ന് സര്‍ക്കാര്‍ അഭ്യര്‍ത്ഥന പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിന് നല്ല സഹകരണവും ലഭിക്കുന്നുണ്ട്. ജില്ലാതലത്തില്‍ കളക്ടര്‍മാര്‍ ഇത് നടപ്പാക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നുമുണ്ട്.
7.ജനങ്ങള്‍ പരിഭ്രാന്തരാകാതിരിക്കാന്‍ സമൂഹത്തില്‍ ഭീതിയുടെ മനസ്ഥിതി ഉണ്ടാകാതിരിക്കാനും എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ട്. സമൂഹ മാധ്യമങ്ങള്‍ വഴി തെറ്റിദ്ധാരണാജനമായ പ്രചരണം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുന്നുമുണ്ട്. ജാഗ്രത പാലിക്കുന്നതിനൊപ്പം തന്നെ, ഭീതി പടരാതെ നോക്കാനുള്ള എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കും.
8.നമ്മുടെ വിമാനത്താവളങ്ങളില്‍ വന്നിറങ്ങുന്ന രാജ്യാന്തര യാത്രക്കാരെപ്പറ്റിയുള്ള വിവരങ്ങള്‍ കൃത്യമായി ശേഖരിക്കുന്നുണ്ട്. അവരുടെ ട്രാവല്‍ ഹിസ്റ്ററി മനസ്സിലാക്കി ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. അവരുമായി പ്രൈമറി, സെക്കന്‍ഡറി കോണ്ടാക്ടുകള്‍ ഉള്ളവരെയെല്ലാം നിരീക്ഷണത്തില്‍ വയ്ക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.
9.പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന ആവശ്യം പല കോണുകളില്‍ നിന്നും ഉയര്‍ന്നുവരുന്നുണ്ട്. പക്ഷെ, ഇത്തരം നീട്ടിവയ്ക്കല്‍ ഒരുപക്ഷെ, പരീക്ഷ അനിശ്ചിതത്വത്തിലേക്ക് മാറുന്ന സാഹചര്യത്തെക്കുറിച്ചും ആശങ്കകള്‍ ഉയര്‍ന്നിട്ടുണ്ട്. അത്തരമൊരു സാഹചര്യത്തില്‍ ആവശ്യമായ ജാഗ്രതയും മുന്‍കരുതലും സ്വീകരിച്ച് പരീക്ഷ നടക്കുന്നതാണ് നല്ലത്.
10.ലോകത്തിലെ വികസിത രാജ്യങ്ങളിലുള്‍പ്പെടെ കോവിഡ്-19 ന്‍റെ പൊട്ടിപ്പുറപ്പെടല്‍ സാമ്പത്തികരംഗത്ത് വലിയ പ്രത്യാഘാതമാണ് സൃഷ്ടിക്കുന്നത്. ഇത് നമ്മുടെ നാടിനെയും ബാധിക്കുമെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. എന്നാല്‍, സംസ്ഥാന സര്‍ക്കാരിന്‍റെ കൃത്യമായ സാമ്പത്തിക നയം സാമ്പത്തിക രംഗത്ത് മാന്ദ്യമോ പിന്നോട്ടടിയോ ഉണ്ടാകുമ്പോള്‍ സര്‍ക്കാരിന്‍റെ ഇടപെടലുകളിലൂടെ ജനങ്ങളുടെ വാങ്ങല്‍ശേഷി വര്‍ദ്ധിപ്പിക്കുകയും സാമ്പത്തിക വളര്‍ച്ച താഴോട്ട് പോകാതിരിക്കുകയും ചെയ്യുക എന്നത് ഉറപ്പുവരുത്തുകയാണ്. ഇതിനായി പലവിധ സാമ്പത്തിക ഞെരുക്കത്തിനിടയിലും പശ്ചാത്തല സൗകര്യ വികസനത്തിന് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ഇതിനകം പൊതുമണ്ഡലത്തിലുള്ളതാണ്. കോവിഡ്-19 നെ തുടര്‍ന്ന് ഉണ്ടാകാനിടയുള്ള സാമ്പത്തിക മാന്ദ്യത്തിനെതിരെയുള്ള സര്‍ക്കാര്‍ നടപടികള്‍ തുടരുന്നതാണ്.
Eng­lish Sum­ma­ry: cm pinarayi vijayan’s let­ter to ramesh chennithala
You may also like this video