സംസ്ഥാനത്ത് ഇന്ന് 26 പേര്‍ക്ക് കോവിഡ്; മൂന്ന് പേര്‍ക്ക് രോഗമുക്തി

Web Desk

തിരുവനന്തപുരം

Posted on May 14, 2020, 5:34 pm

സംസ്ഥാനത്ത് ഇന്ന് 26 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. മൂന്ന് പേരാണ് രോഗമുക്തരായത്. കാസര്‍കോട് 10, മലപ്പുറം 5, പാലക്കാട് 3, വയനാട് 3, കണ്ണൂര്‍ 2, പത്തനം തിട്ട, ഇടുക്കി, കോഴിക്കോട് എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കും  വീതമാണ് രോഗം സ്ഥരീകരിച്ചത്.

ഇതില്‍ 7 പേര്‍ വിദേശത്ത് നിന്ന് വന്നതാണ്. 14 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയതുമാണ്. ചെന്നൈ 2, മുംബൈ 4, ബെംഗളൂരു ഒന്ന് എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളില്‍നിന്ന് രോഗബാധയുണ്ടായവര്‍. സമ്പര്‍ക്കത്തിലൂെടയാണ് 11 പേര്‍ക്ക് രോഗം ബാധിച്ചത്. കാസര്‍കോട് 7, വയനാട് 3, പാലക്കാട് ഒരാള്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

രോഗമുക്തി നേടിയതില്‍ രണ്ട് പേര്‍ കൊല്ലം ജില്ലക്കാരും ഒരാള്‍ കണ്ണൂര്‍ സ്വദേശിയുമാണ്. ഇന്ന് രോഗം ബാധിച്ചവരില്‍ കാസര്‍കോടുകാരായ രണ്ട് ആരോഗ്യപ്രവര്‍ത്തകരും വയനാട്ടിലെ ഒരു പോലീസുകാരനും ഉള്‍പ്പെടുന്നു. 560 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 64 പേര്‍ ചികിത്സയിലാണ്.

36910 പേര്‍ നിരീക്ഷണത്തിലുളളതില്‍ 548 പേര്‍ ആശുപത്രികളിലും 36362 പേര്‍ വീടുകളിലുമാണ് നിരീക്ഷണ്ത്തിലുള്ളത്. ഇന്ന് 174 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 40692 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 39619 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പു വരുത്തി. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 4347 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 4249 നെഗറ്റീവ് ആയതായും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

അതേസമയം, ഹോട്ട്സ്പോട്ടുകള്‍ 15 ആയി കുറഞ്ഞു. കണ്ണൂര്‍ മൂന്ന്, കാസര്‍കോട് 3 വയനാട് ഏഴ്, കോട്ടയം, തൃശ്ശൂര്‍ ഒന്നുവീതം എന്നിങ്ങനെയാണ് ഇപ്പോള്‍ ഹോട്ട്‌സ്‌പോട്ടുകള്‍ ഉള്ളത്.

വാക്‌സിന്റെ അഭാവത്തില്‍ എച്ച്‌ഐവി പോലെതന്നെ ലോകത്താകെ നിലനില്‍ക്കുന്ന വൈറസായി കൊറോണ വൈറസ് ആയി മാറുമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. നമ്മുടെ ആരോഗ്യ സംവിധാനം ആ രീതിയില്‍ ക്രമീകരിക്കേണ്ടതുണ്ടെന്നും അതേടൊപ്പം തന്നെ പൊതു സമൂഹം അതനുസരിച്ച് ജീവിത ശൈലിയില്‍ മാറ്റം വരുത്തേണ്ടി വരുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

മാസ്‌ക് ശീലമാക്കുക, പൊതു ഇടങ്ങളില്‍ തിക്കുംതിരക്കും ഇല്ലാതാക്കാന്‍ ക്രമീകരണങ്ങള്‍ ഉണ്ടാക്കുക, അത്യാവശ്യത്തിനു മാത്രം യാത്രകളും കൂടിച്ചേരലുകളും നടത്തുക, റസ്റ്റോറന്റുകളും ഷോപ്പിങ് സെന്ററുകളും തുറന്ന് പ്രവര്‍ത്തിക്കുമ്പോള്‍ മുന്‍കൂട്ടി സമയം നിശ്ചയിക്കുക. എന്നിവ പരിഗണനയിലാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

you may also like this video;