വിമര്‍ശനം ഇല്ലെങ്കില്‍ പ്രതിപക്ഷം ആകില്ലെന്ന് ഉപദേശകര്‍ പറഞ്ഞിരിക്കാം;പിണറായി

Web Desk
Posted on August 28, 2018, 9:34 pm
കൃത്യമായ കണക്കും വ്യക്തമായ മറുപടിയുമായി പ്രതിപക്ഷനേതാവിനോട്  മുഖ്യമന്ത്രി 
തിരുവനന്തപുരം: ഓഖി ദുരന്തത്തെത്തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് 107 കോടി രൂപ ലഭിച്ചതായും 65.68 കോടി രൂപ ചെലവഴിച്ചിട്ടുള്ളതായും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.  ഇപ്പോള്‍ നടപടി സ്വീകരിച്ചുവരുന്നതും ഉത്തരവ് പുറപ്പെടുവിക്കാനായിട്ടുള്ള കാര്യങ്ങള്‍ക്കുമായി 84.90 കോടി രൂപ ചെലവ് വരുമെന്നാണ് കണക്കാക്കുന്ന് മുഖ്യമന്ത്രി.
 സംസ്ഥാന ദുരന്തനിവാരണ ഫണ്ടിലേക്ക് ഓഖി ഘട്ടത്തില്‍ കേന്ദ്രത്തില്‍ നിന്നു ലഭിച്ചത് 111 കോടി രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയും ചേര്‍ന്ന് 218 കോടി രൂപയുണ്ട്. ഇതില്‍ ഉത്തരവായതും ചെലവഴിച്ചതുമായ തുക 116.79 കോടി രൂപയാണ്. ചെലവ് പ്രതീക്ഷിക്കുന്ന 84.90 കോടി രൂപയും കൂടിച്ചേര്‍ന്നാല്‍ മൊത്തം 201.69 കോടി രൂപ ഓഖി ഇനത്തില്‍ ചെലവ് വരുമെന്ന് ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
 ഓഖിക്ക് വേണ്ടി കേന്ദ്രം നല്‍കിയതോ, സിഎംഡിആര്‍എഫില്‍ ജനങ്ങളില്‍ നിന്ന് ലഭിച്ചതോ ആയ ഒരു തുകയും സര്‍ക്കാര്‍ വകമാറ്റി ചെലവഴിച്ചിട്ടില്ല. മത്സ്യത്തൊഴിലാളി മേഖലയില്‍ ഇനിയും ചില പദ്ധതികള്‍ കൂടി നടപ്പാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുകയാണ്. അതുകൂടി കണക്കിലെടുത്താല്‍ ലഭിച്ചതിനേക്കാള്‍ കൂടുതല്‍ തുകയാണ് വേണ്ടിവരുന്നത്. ഇക്കാര്യത്തിലാണ് പ്രതിപക്ഷ നേതാവ് വിമര്‍ശനവുമായി വന്നത്. ഓഖിയ്ക്ക് കിട്ടിയ ഫണ്ട് പ്രത്യേക അക്കൗണ്ടില്‍ തന്നെയാണ് ചിലവാക്കുന്നത്. പ്രളയ ദുരന്തത്തിന് കിട്ടുന്ന സഹായവും പ്രത്യേക അക്കൗ ണ്ടില്‍ തന്നെയാണ് സ്വരൂപിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
 വിമര്‍ശിക്കാനായി മാത്രം പ്രതിപക്ഷനേതാവ് സര്‍ക്കാരിനെ വിമര്‍ശിക്കുകയാണ്. വിമര്‍ശനം ഇല്ലെങ്കില്‍ പ്രതിപക്ഷം ആകില്ലെന്ന് ഏതെങ്കിലും ഉപദേശകര്‍ പറഞ്ഞതുകൊണ്ടായിരിക്കും ഇത്തരം പ്രതികരണമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.