12 June 2024, Wednesday

Related news

May 18, 2024
May 12, 2024
May 6, 2024
May 2, 2024
March 13, 2024
March 12, 2024
March 4, 2024
February 19, 2024
January 1, 2024
December 27, 2023

കോവിഡ് ബാധിച്ച് മരിച്ചവരിൽ ഭൂരിപക്ഷവും വാക്‌സിൻ സ്വീകരിക്കാത്തവര്‍: മുഖ്യമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
August 28, 2021 7:15 pm

അശാസ്ത്രീയമായ വാക്സിൻ വിരുദ്ധ പ്രചാരണം പലരേയും വാക്സിൻ എടുക്കാൻ വിമുഖരാക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വാക്സിനെടുക്കാൻ വിമുഖത കാണിച്ച ഒമ്പത് ലക്ഷം പേരെ ഇതുവരെ സംസ്ഥാനത്ത് കണ്ടെത്തിയിട്ടുണ്ട്. ബോധവത്കരിക്കാൻ പരമാവധി ശ്രമിച്ചിട്ടും ഇവരിൽ പലരും ഇപ്പോഴും വാക്സിനേഷനോട് മുഖം തിരിക്കുന്ന അവസ്ഥയാണുള്ളത്. സംസ്ഥാനത്തെ കോവിഡ് ബാധിച്ച് മരിച്ചവരിൽ ഭൂരിപക്ഷവും വാക്സിൻ എടുക്കാത്തവരാണ്. ഇക്കാര്യത്തിൽ എല്ലാവരും പൊതുജാഗ്രത പുലർത്തുകയും വിമുഖത കാണിക്കുന്നവരെ തിരിച്ചറിഞ്ഞ് വാക്സിൻ സ്വീകരിക്കാൻ പ്രേരിപ്പിക്കുകയും വേണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

രണ്ട് കോടിയോളം പേര്‍ക്ക് കേരളത്തിൽ ആദ്യഡോസ് വാക്സിൻ നൽകി കഴിഞ്ഞു. സെപ്തംബറിൽ തന്നെ 18- വയസിന് മുകളിൽ പ്രായമുള്ള എല്ലാവര്‍ക്കും ആദ്യഡോസ് നൽകാനാവും എന്നാണ് പ്രതീക്ഷിക്കുന്നത്. ആഗസ്റ്റിൽ ആരംഭിച്ച വാക്സിനേഷൻ യജ്ഞം വലിയ വിജമയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പദ്ധതിയിലൂടെ 50 ലക്ഷം പേര്‍ക്ക് ഇതിനോടകം വാക്സിൻ നൽകി കഴിഞ്ഞു. സംസ്ഥാനത്ത് ഇതുവരെ 2.77 കോടി ഡോസ് പേര്‍ക്ക് ആകെ വാക്സിൻ ൽകിയിട്ടുണ്ട്. 57.6 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 20.93 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നൽകി.

സിറോ പോസിറ്റിവിറ്റിയില്‍ വാക്സിന്‍ വഴി ആര്‍ജ്ജിച്ച പ്രതിരോധ ശേഷിയുടെ ശതമാനം ഏറ്റവും കൂടുതല്‍ ഉണ്ടാവുക കേരളത്തിലാണ്. അങ്ങനെ നോക്കുമ്പോള്‍ ഇവിടെ രോഗബാധയുണ്ടായവരുടെ ശതമാനം വീണ്ടും കുറയുകയാണ്. ഏറ്റവും കുറവ് ശതമാനം പേരെ വൈറസിനെ വിട്ടുകൊടുത്ത സംസ്ഥാനമാണ് നമ്മളെന്ന് നിസ്സംശയം പറയാം. 

60 വയസ്സിനു മുകളിലുള്ളവരും അനുബന്ധരോഗമുള്ളവരും ഉള്‍പ്പെടെ ഏകദേശം 9 ലക്ഷം പേര്‍ വാക്സിന്‍ എടുക്കാന്‍ തയ്യാറായില്ല എന്നു കാണാന്‍ കഴിഞ്ഞു. അവര്‍ക്കിടയില്‍ വാക്സിന്‍ എടുക്കാന്‍ ആവശ്യമായ സന്നദ്ധതയുണ്ടാക്കാനും എത്രയും പെട്ടെന്ന് വാക്സിന്‍ നല്‍കി സുരക്ഷിതരാക്കാനുമുള്ള നടപടികൾ കൈക്കൊണ്ടു വരികയാണ്. എന്നിട്ടും പലരും വിമുഖത തുടരുന്നുണ്ട് എന്നത് ഗൗരവമായി പരിശോധിക്കും. 

പ്രായമുള്ളവരും അനുബന്ധരോഗമുള്ളവരും വാക്സിന്‍ എടുത്താല്‍ അപകടമുണ്ടാകുമോ എന്ന ഭയം പലരിലുമുണ്ട്. വാക്സിന്‍റെ പാര്‍ശ്വഫലങ്ങളെക്കുറിച്ചോര്‍ത്തും ആശങ്കകളുള്ള കുറച്ചാളുകള്‍ ഇപ്പോഴുമുണ്ട്. അശാസ്ത്രീയവും വാസ്തവവിരുദ്ധവുമായ വാക്സിന്‍ വിരുദ്ധ പ്രചരണങ്ങള്‍ ആശങ്കകള്‍ക്ക് ആക്കം കൂട്ടുകയും ചെയ്യുന്നു. യഥാര്‍ഥത്തില്‍ വാക്സിന്‍ എടുത്താല്‍ ചെറുപ്പക്കാരില്‍ കാണുന്നതിനേക്കാള്‍ കുറഞ്ഞ പാര്‍ശ്വഫലങ്ങളാണ് പ്രായമായവരില്‍ കാണുന്നത്. അതോടൊപ്പം ചെറുപ്പക്കാരില്‍ ഉണ്ടാകുന്നതിനേക്കാള്‍ മികച്ച രോഗപ്രതിരോധം പ്രായമുള്ളവരില്‍ വാക്സിന്‍ എടുത്തതിനു ശേഷം ഉണ്ടാവുകയും ചെയ്യുന്നു. 

മരണമടയുന്നവരില്‍ ബഹുഭൂരിഭാഗവും വാക്സിന്‍ എടുക്കാത്തവരാണ്. വാക്സിന്‍ എടുത്തിട്ടും മരണമടഞ്ഞവരില്‍ മിക്കവാറും എല്ലാവരും രണ്ടോ അതിലധികമോ അനുബന്ധ രോഗമുള്ളവരാണ്. അതില്‍ നിന്നും രോഗത്തെ പ്രതിരോധിക്കാനുള്ള ഏറ്റവും മികച്ച മാര്‍ഗം വാക്സിന്‍ സ്വീകരിക്കുന്നതാണെന്ന് മനസ്സിലാക്കാം. 

പ്രായാധിക്യമുള്ളവരും അനുബന്ധരോഗമുള്ളവരും എത്രയും പെട്ടെന്ന് വാക്സിന്‍ സ്വീകരിക്കാന്‍ തയ്യാറാകണം. അക്കാര്യത്തില്‍ അവരെ പ്രേരിപ്പിക്കാന്‍ ബന്ധുക്കളും സുഹൃത്തുക്കളും തയ്യാറാകണം. വാക്സിന്‍ എടുക്കാത്തവരുടെ പട്ടിക തയാറാക്കും. ബന്ധുക്കളും സുഹൃത്തുക്കളും മുഖേന ഇവരില്‍ സമ്മര്‍ദം ചെലുത്താനുള്ള നടപടികളും ഉണ്ടാകും. ആ വിഭാഗത്തില്‍ പെട്ട എല്ലാവര്‍ക്കും വാക്സിന്‍ നല്‍കാന്‍ സാധിച്ചാല്‍ മരണങ്ങളുടെ എണ്ണം കുറയ്ക്കാം മെന്നും മുഖ്യമന്ത്രി പറഞ്ഞു.
Eng­lish sum­ma­ry: CM press meet updates

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.