Web Desk

തിരുവനന്തപുരം

May 07, 2021, 7:31 pm

സംസ്ഥാനത്ത് ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കും; മുഖ്യമന്ത്രി

Janayugom Online

സംസ്ഥാനത്ത് ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓക്‌സിജന്‍ ലഭ്യതയുടെ കാര്യത്തില്‍ അവശ്യമായ നടപടികള്‍ നമ്മള്‍ സ്വീകരിച്ചിട്ടുണ്ട്. നിലവില്‍ സംസ്ഥാനത്തിന്റെ കൈവശം 220.09 മെട്രിക് ടണ്‍ ഓക്സിജന്‍ ഉണ്ട്. ലിക്വിഡ് ഓക്സിജന്‍ സ്റ്റോറേജ് 8 സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും നിലവിലുണ്ട്. പുനലൂര്‍ താലൂക്ക് ആശുപത്രി, കൊല്ലം ജില്ലാ ആശുപത്രി, കരുനാഗപ്പിള്ളി താലൂക്ക് ആശുപത്രി, മാനന്തവാടി ജില്ലാ ആശുപത്രി, തലശ്ശേരി ജനറല്‍ ആശു പത്രി, എറണാകുളം, കോട്ടയം തൃശൂര്‍, മെഡിക്കല്‍ കോളേജ് തുടങ്ങിയ ഇടങ്ങളില്‍ ഓക്സിജന്‍ നിര്‍മ്മാണം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ അംഗീകാരത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്. തിരുവനന്തപുരത്ത് പുതുതായി നിര്‍മ്മിച്ച പ്ലാന്റ് നാളെ കമ്മീഷനിങ് ചെയ്യും. 9 യൂണിറ്റുകള്‍ക്കുള്ള അംഗീകാരം ലഭിച്ചിട്ടുണ്ട്. 38 യൂണിറ്റുകള്‍ക്ക് അംഗീകാരത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

എത്ര ശക്തമായ സംവിധാനങ്ങള്‍ ഒരുക്കിയാലും രോഗവ്യാപനത്തിന്റെ തോത് നിയന്ത്രണാതീതമായാല്‍ ഒന്നും ചെയ്യാന്‍ സാധിക്കാത്ത സ്ഥിതി വിശേഷം ഉണ്ടാകും. പല വികസിത രാജ്യങ്ങളിലും ഉണ്ടായ ദുരന്തങ്ങള്‍ ഉദാഹരണങ്ങളായി നമുക്ക് മുന്‍പിലുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എല്ലാ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളിലേയും ഐസിയു ബെഡുകള്‍, വെന്റിലേറ്ററുകള്‍, ബെഡുകള്‍ എന്നിവയുടെ മാനേജമെന്റ് അതത് ജില്ലകളിലെ ഡിപിഎംഎസ്യു മുഖാന്തരമാണ് നടക്കുന്നത്. ആര്‍ക്കെങ്കിലും ഈ സൗകര്യങ്ങളുടെ കാര്യങ്ങള്‍ അന്വേഷിക്കാനുണ്ടെങ്കില്‍ നേരിട്ട് അതാത് ജില്ലകളിലെ കണ്‍ട്രോള്‍ സെല്ലുകളുമായി ബന്ധപ്പെടണം. ആശുപത്രികളിലേക്ക് നേരിട്ട് വിളിക്കുന്ന രീതി ഒഴിവാക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

Eng­lish sum­ma­ry: CM Press meet Updates

You may also like this video: