Saturday 23, October 2021
Follow Us
EDITORIAL Janayugom E-Paper
Web Desk

തിരുവനന്തപുരം

July 10, 2021, 6:56 pm

സിക്ക വെെറസ് ഗർഭിണികളെ ബാധിച്ചാൽ കുഞ്ഞിന്റെ തലച്ചോറിന്റെ വരൾച്ച മുരടിക്കും: മുഖ്യമന്ത്രി

Janayugom Online

സിക്ക കേരളത്തിലെത്തിയത് അപ്രതീക്ഷിതമായല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിൽ ഈഡിസ് ഈജിപ്തൈ കൊതുകുകളുടെ സാന്ദ്രത കൂടുതലാണ്. ഗുരുതരമായ രോഗമല്ല. എന്നാൽ ഗർഭിണികളെ ബാധിച്ചാൽ കുഞ്ഞിന്റെ തലച്ചോറിന്റെ വരൾച്ച മുരടിക്കുന്ന ജന്മവൈകല്യം ഉണ്ടാകുമെന്നും സിക്ക വെെറസ് അപൂർവമായി സുഷുമ്ന നാഡിയെയും ബാധിക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സിക്ക വൈറസ് ബാധിച്ച ഗർഭിണിയുടെ കുഞ്ഞിന് കേരളത്തിൽ ആരോഗ്യപ്രശ്നം ഇതുവരെ കണ്ടെത്തിയിട്ടില്ല. ഈ കൊതുക് അധിക ദൂരം പറക്കില്ല. വീടുകളുടെ പരിസരത്ത് തന്നെ ഉണ്ടാകും. വീട്ടിലും ചുറ്റുപാടും കെട്ടിക്കിടക്കുന്ന വെള്ളം ശുചിയാക്കണം. കൊതുക് പെറ്റുകിടക്കുന്ന അവസരം ഒഴിവാക്കണം. വീട്ടിലും പരിസരത്തും കെട്ടിക്കിടക്കുന്ന വെള്ളം നീക്കം ചെയ്യാനുള്ള ഡ്രൈ ഡേ എല്ലാ വീട്ടിലും നടത്തണം. കൊതുകുവല ഉപയോഗിച്ചും ശരീരം മുഴുവൻ മൂടുന്ന വസ്ത്രം ധരിച്ചും കൊതുകിനെ അകറ്റുന്ന തിരികളും ലേപനങ്ങളും ഉപയോഗിച്ചും കൊതുകിൽ നിന്നും രക്ഷ തേടണമെന്നും. വൈകുന്നേരങ്ങളിലും രാവിലെയുമാണ് ഇവ വീട്ടിലേക്ക് കടന്ന് മനുഷ്യരെ കടിക്കുന്നതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

അതേസമയം, സിക്ക വൈറസ് പരിശോധനയ്ക്കായി എന്‍ഐവി.ആലപ്പുഴയില്‍ കഴിഞ്ഞ ദിവസം അയച്ച 17 പേരുടെ പരിശോധനാ ഫലവും നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സംസ്ഥാനത്ത് ആദ്യമായി സിക്ക വൈറസ് കണ്ടെത്തിയ പാറശാല സ്വദേശിയായ 24 വയസുകാരി താമസിച്ച നന്ദന്‍കോട് നിന്നും സ്വദേശമായ പാറശാല നിന്നും ശേഖരിച്ച സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. അതേസമയം ഈ യുവതിയ്ക്ക് സിക്ക വൈറസ് രോഗമാണെന്ന് എന്‍ഐവി പൂന സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരായ 13 പേര്‍ക്ക് സിക്ക വൈറസ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ 14 പേര്‍ക്കാണ് സംസ്ഥാനത്ത് സിക്ക വൈറസ് സ്ഥിരീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

Eng­lish sum­ma­ry: CM Press Meet

You may also like  this video: